
ഇറ്റലിയെ ലോകകപ്പ് ചാമ്പ്യന്മാരാക്കിയ ഇതിഹാസ താരം പാവ്‌ലോ റോസി ഓർമ്മയായി
ലോകഫുട്ബാളിൽ പ്രതിരോധമായിരുന്നു ഇറ്റലിയുടെ മുഖമുദ്ര.വളരെക്കുറച്ച് സ്ട്രൈക്കർമാർ മാത്രമാണ് ഇറ്റലിയിൽ നിന്ന് ലോക ശ്രദ്ധ ആകർഷിച്ചത്. അവരിൽ ഏറ്റവും പ്രമുഖനായിരുന്നു പാവ്‌ലോ റോസി . 48 മത്സരങ്ങളിൽ നിന്ന് 20 ഗോളുകളേ റോസി ഇറ്റലിക്ക് വേണ്ടി നേടിയിട്ടുള്ളൂ; പക്ഷേ അതിൽ ഒൻപത് എണ്ണവും ലോകകപ്പിലായിരുന്നു. ഹാട്രിക്ക് ഉൾപ്പടെ റോസി നേടിയ ആറ് ഗോളുകളാണ് 1982 സ്പാനിഷ് ലോകകപ്പ് ഇറ്റലിയുടേതാക്കി മാറ്റിയത്. പാബ്‌ലിറ്റോ എന്ന വിളിപ്പേരിൽ ഇറ്റലി സ്നേഹിക്കുന്ന റോസിയുടെ മരണം ഇറ്റാലിയൻ ഫുട്ബാളിന്റെ വലിയ നഷ്ടമാണ്.
വിലക്കിൽ നിന്ന് വീരനിലേക്ക്
1973ൽ യുവന്റസിനായി പ്രൊഫഷണൽ കരിയർ തുടങ്ങിയ റോസി മൂന്ന് വർഷത്തിന് ശേഷം രാജ്യത്തിനായി അരങ്ങേറി. ഇറ്റലി നാലാം സ്ഥാനത്തെത്തിയ 1978 ലോകകപ്പിൽ കളിച്ചിരുന്നു. അന്ന് മൂന്നു ഗോളുകളും നാല് അസിസ്റ്റുകളുമായി സാന്നിധ്യമറിയിച്ചു.എന്നാൽ 1980കളിൽ ഒത്തുകളിയുടെ പേരിൽ മൂന്നു വർഷത്തെ വിലക്ക് നേരിടേണ്ടിവന്നു. ഒത്തുകളിയിൽ പങ്കില്ലെന്ന് ആവർത്തിച്ചിരുന്ന റോസിയുടെ വിലക്ക് പിന്നീട് രണ്ടു വർഷമായി ഇളവുചെയ്തതിനാലാണ് 1982ലെ സ്പാനിഷ് ലോകകപ്പ് കളിക്കാൻ കഴിഞ്ഞത്.
ഹാട്രിക്ക് റോസി
ലോകകപ്പിൽ ഹാട്രിക്ക് നേടുക അപൂർവഭാഗ്യമാണ്. അതും ബ്രസീലിനെതിരെ ആണെങ്കിലോ?. ഈ ചരിത്രനേട്ടം സ്വന്തമാക്കിയ താരമാണ് റോസി. 82ലോകകപ്പിന്റെ രണ്ടാം റൗണ്ടിൽ സീക്കോയും സോക്രട്ടീസും ഉൾപ്പെടുന്ന കരുത്തരായ ബ്രസീലിയൻ ടീമിനെതിരെയായിരുന്നു ഹാട്രിക്ക്.സെമിഫൈനലിൽ പോളണ്ടിനെതിരെ രണ്ടുഗോളടിച്ചു.ഫൈനലിൽ പശ്ചിമ ജർമനിക്കെതിരെയും റോസി സ്കോർ ചെയ്തതോടെ ലോകകപ്പ് ഇറ്റലിക്ക്. ഇതോടെ ജന്മനാട്ടിൽ റോസി സൂപ്പർ ഹീറോയായി.
ട്രോഫികളെല്ലാം റോസിക്ക്
ലോകകപ്പ് ചരിത്രത്തിലാദ്യമായി കിരീടത്തിനു പുറമെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോളും കൂടുതൽ ഗോളുകൾ നേടിയ താരത്തിനുള്ള ഗോൾഡൻ ബൂട്ടും ഒരേ വർഷം നേടിയ ആദ്യതാരമാണ് റോസി. പിന്നീട് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ബ്രസീലിന്റെ റൊണാൾഡോയാണ് ഈ മൂന്ന് ട്രോഫികളും ഒന്നിച്ചുനേടിയത്. 1982 ലോകകപ്പിലെ ഐതിഹാസിക പ്രകടനവും അതേ വർഷം ക്ലബ് കരിയറിലെ അസാമാന്യ പ്രകടനവും ഒത്തുചേർന്നതോടെ, ലോക ഫുട്ബോളിലെ മികച്ച താരത്തിനുള്ള ബാലൺ ഡിഓർ പുരസ്കാരവും റോസിയെ തേടിയെത്തി. 1977–1986 കാലഘട്ടത്തിൽ ഇറ്റലിക്കായി 48 മത്സരങ്ങളിലാണ് റോസി കളത്തിലിറങ്ങിയത്. 20 ഗോളുകളും സ്വന്തമാക്കി. ലോകകപ്പ് വേദികളിൽനിന്നു മാത്രം ഒൻപതു ഗോളുകൾ നേടിയ റോസി റോബർട്ടോ ബാജിയോ, ക്രിസ്റ്റ്യൻ വിയേരി എന്നിവർക്കൊപ്പം ഇറ്റലിക്കായി കൂടുതൽ ലോകകപ്പ് ഗോളുകളെന്ന നേട്ടവും പങ്കിടുന്നു.
ക്ളബ് കരിയർ
ഇറ്റാലിയിലെ വിചെൻസയിലാണ് റോസിയുടെ ക്ലബ് കരിയറിന്റെ തുടക്കം. പിന്നീട് പെരൂഗിയയിലേക്ക് മാറി. 1973ൽ യുവന്റസിലെത്തിയെങ്കിലും പരുക്കുകൾ അലട്ടിയതോടെ വായ്പാടിസ്ഥാനത്തിൽ കോമോയിലേക്ക് പോയി. പിന്നീട് കോമോയ്ക്ക് കളിക്കുന്ന കാലത്താണ് ഇറ്റാലിയൻ സെരി എയിലെ അരങ്ങേറ്റം. 1981ൽ യുവന്റസിൽ തിരികെയെത്തിയതോടെയാണ് സൂപ്പർതാരത്തിലേക്കുള്ള റോസിയുടെ വളർച്ച. കരിയറിന്റെ അവസാന ഘട്ടത്തിൽ എസി മിലാൻ, വെറോണ ക്ലബ്ബുകൾക്കായും കളിച്ചു. ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കറായി പരിഗണിക്കപ്പെട്ടിരുന്ന റോസി, 338 മത്സരങ്ങളിൽനിന്ന് 134 ഗോളുകൾ സ്വന്തമാക്കി.
യുവെന്റസ് ജഴ്സിയിൽ രണ്ട് തവണ സെരി എ കിരീടവും ഒരു തവണ യുവേഫ ചാംപ്യൻസ് ലീഗിന്റെ ആദ്യ രൂപമായ യൂറോപ്യൻ കപ്പും നേടി. 1981–82, 1983–84 സീസണുകളിലാണ് സെരി എ കിരീടം സ്വന്തമാക്കിയത്. 1984–85 കാലഘട്ടത്തിൽ യൂറോപ്യൻ കപ്പും നേടി.
മറഡോണയ്ക്ക് പിന്നാലെ
മറഡോണയുടെ മരണത്തിന് ശേഷം ലോകഫുട്ബാളിന് സംഭവിച്ച ഏറ്റവും വലിയ നഷ്ടമാണ് റോസിയുടെ നിര്യാണം കളമൊഴിഞ്ഞ ശേഷവും കോളമിസ്റ്റായും കളി വിശകലനം ചെയ്യുന്ന വിദഗ്ധനായും സജീവമായിരുന്ന റോസി .64–ാം ജന്മദിനം ആഘോഷിച്ച് രണ്ടു മാസത്തിന് ശേഷമാണ് വിടവാങ്ങിയത്. കുറച്ചുകാലമായി രോഗബാധിതനായി ചികിത്സയിലായിരുന്നു.
48
അന്താരാഷ്ട്ര മത്സരങ്ങൾ
20
ഗോളുകൾ
9
ലോകകപ്പ് ഗോളുകൾ. ഇറ്റലിക്ക് വേണ്ടി ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ മൂന്ന് താരങ്ങളിൽ ഒരാൾ
1977
അന്താരാഷ്ട്ര അരങ്ങേറ്റം
1986
വിരമിക്കൽ
2
ലോകകപ്പുകളിൽ (1978,82)കളിച്ചു
1986
ലോകകപ്പിലേക്ക് തിരഞ്ഞെടുത്തശേഷമുണ്ടായ പരിക്കിനാൽ കളിക്കാനായില്ല.
338
ക്ളബ് മത്സരങ്ങൾ
134 ക്ളബ് ഗോളുകൾ
പ്രധാന ക്ളബുകൾ
യുവന്റസ്,എ.സി മിലാൻ,വെറോണ,കോമോ,വിചെൻസ,പെറൂജിയ ,ഹെല്ലാസ് വെറോണ.
പ്രധാന പുരസ്കാരങ്ങൾ
ലോകകപ്പ്,ഗോൾഡൻ ബാൾ,ഗോൾഡൻ ബൂട്ട്,ബാലൺ ഡിഓർ(1982)
സെരി എ കിരീടം(1981-82,1983-84)
കോപ്പ ഇറ്റാലിയ (1982-83)
യൂറോപ്യൻ കപ്പ്(1984-85)
യൂറോപ്യൻ വിന്നേഴ്സ് കപ്പ് (1983-84)
യുവേഫ സൂപ്പർ കപ്പ് (1984)