
തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാറാണ് നയൻതാര. മലയാളത്തിൽ നിന്നും സൗത്ത് ഇന്ത്യയിലെ താരറാണിയായി മാറിയ നയൻതാരയെ പറ്റിയുള്ള രസകരമായ ഒരു ഓർമ പങ്കുവയ്ക്കുകയാണ് സിനിമാ ഫോട്ടോഗ്രാഫറായ ജമേഷ് കോട്ടക്കൽ. തെന്നിന്ത്യയിലെ ഏറെ തിരക്കേറിയ താരമായതിന് ശേഷം ഫോട്ടോ എടുക്കാനായി നയൻതാര ചെന്നൈയിൽ നിന്നും തന്റെ സ്റ്റുഡിയോയിലേക്ക് എത്തിയപ്പോഴുണ്ടായ സംഭവവികാസങ്ങളാണ് ജമേഷ് ഒരു മാദ്ധ്യമത്തോട് വെളിപ്പെടുത്തിയത്.
ഫാസിലിന്റെ വിസ്മയത്തുമ്പത്ത് സിനിമയുടെ സെറ്റിൽ വച്ച് സിനിമാ പത്രപ്രവർത്തകനായ ടി.എച്ച് കോടമ്പുഴയാണ് തന്നെ നയൻതാരയ്ക്ക് പരിചയപ്പെടുത്തിയതെന്നാണ് ജമേഷ് പറയുന്നു. അന്ന് വളരെ സൗഹൃദപരമായി പെരുമാറിയ നയൻതാരയുടെ സ്വഭാവത്തിന് സൂപ്പർ സ്റ്റാർ പദവി ലഭിച്ചിട്ടും ഒരുമാറ്റവും ഉണ്ടായില്ലെന്ന് ജമേഷ് പറയുന്നു.

നയൻതാരയുമായി നല്ല സൗഹൃദമായിരുന്നു ജമേഷിന്. നയൻതാരയുടെ നിരവധി ഫോട്ടോഷൂട്ടുകൾ ജാമേഷ് ചെയ്തിരുന്നു. തമിഴിൽ കൈനിറയെ ചിത്രങ്ങൾ വന്നതോടെ താരത്തിന് തിരക്കേറി. നയൻതാരയെ ഫോൺചെയ്താൽ നേരിട്ട് കിട്ടാത്തത്രയും തിരക്കുളള അവസ്ഥയായി. ജമേഷാകട്ടെ തന്റെ പരസ്യനിർമ്മാണ തിരക്കുകളിലും ഫോട്ടോഷൂട്ടുകളിലും വ്യാപൃതനായിയിരുന്നു.
അങ്ങനെ ഒരിക്കൽ നീണ്ട ഇടവേളയ്ക്ക് ശേഷം നയൻതാര ചെന്നൈയിൽ നിന്നും ജമേഷിന്റെ ഫോണിലേക്ക് വിളിച്ചു. പിറന്നാൾ പ്രമാണിച്ച് പേഴ്സണൽ ഫോട്ടോകൾ എടുത്തു തരണമെന്ന ആവശ്യത്തോടെയാണ് നയൻസ് ജമേഷിനെ വിളിച്ചത്. ചെന്നൈയിലേയ്ക്ക് വരാൻ ജമേഷിനെ ക്ഷണിക്കുകയും ചെയ്തു. തന്റെ കൊച്ചിയിലുള്ള സ്റ്റുഡിയോ മോടിപിടിപ്പിച്ച് മുഴുവൻ എയർകണ്ടീഷനാക്കുകയും ചെയ്ത വിവരം ജമേഷ് പറഞ്ഞതോടെ അടുത്ത ദിവസം തന്നെ കൊച്ചിയിലേയ്ക്ക് താൻ വരാമെന്ന് നയൻതാര പറഞ്ഞു.
നയൻതാര രാവിലെ എയർപോർട്ടിൽ നിന്ന് നേരെ സ്റ്റുഡിയോയിൽ എത്തി. എന്നാൽ മേക്കപ്പ് റൂമിൽ താരം കയറി ഇരുന്നതിന് പിന്നാലെ കറണ്ട് പോയി. മൊത്തം ഇരുട്ട്. എസിയും നിലച്ചു. കെ.എസ്.ഇ.ബിയിൽ വിളിച്ചപ്പോൾ 3 മണിക്കേ കറണ്ട് വരൂ എന്നായിരുന്നു മറുപടി. ചെന്നെയിൽ നിന്നും എത്തിയ താരറാണിയോട് എന്ത് സമാധാനം പറയുമെന്നാലോചിച്ച് ജമേഷ് ആകെ വിഷമത്തിലായി.

' സാരമില്ല ജമേഷേട്ടാ ' എന്ന് ആശ്വസിപ്പിച്ച നയൻതാര, തന്റെ സുഹൃത്തിന്റെ ഫ്ലാറ്റ് അടുത്താണെന്നും അവിടെ പോയി റെസ്റ്റ് എടുക്കാമെന്നും കറണ്ട് വരുമ്പോൾ തന്നെ വിളിച്ചാൽ മതിയെന്നും പറഞ്ഞ് യാതൊരു പരിഭവവുമില്ലാതെ സ്റ്റുഡിയോയിൽ നിന്നും പോയി.
വൈകിട്ട് 5 മണിയ്ക്കാണ് കറണ്ട് വന്നത്. ഒരു മണിക്കൂറിനുള്ളിൽ നയൻതാര തിരിച്ചെത്തി. വെളുത്ത ഫ്രോക്ക് കോസ്‌റ്റ്യൂമിലാണ് നയൻതാര ക്യാമറക്ക് മുന്നിൽ എത്തിയത്. ചെന്നൈയിൽ നിന്നും എത്തിയ സംഘം നയൻതാരയ്ക്ക് ഭംഗിയായി മേക്കപ്പ് ചെയ്തിരിക്കുന്നു. കുറെ ചിത്രങ്ങൾ എടുത്തു. തനിക്ക് ഏറെ സന്തോഷം നല്കിയ ഒരു ഫോട്ടോഷൂട്ടായിരുന്നു അതെന്ന് ജമേഷ് പറയുന്നു. അന്ന് മടങ്ങുമ്പോൾ സന്തോഷത്തോടെ ഇനിയും വരാം എന്ന് പറഞ്ഞ് മടങ്ങിയ നയൻതാരയെ തന്റെ സ്റ്റുഡിയോ ഫ്ലോർ കാത്തിരിക്കുകയാണെന്നും ജമേഷ് കോട്ടക്കൽ പറയുന്നു.