
കാബൂൾ: അഫ്ഗാനിസ്ഥാനിൽ മാദ്ധ്യമപ്രവർത്തകയെ അജ്ഞാതർ വെടിവച്ചുകൊന്നു. നംഗർഹാർ പ്രവിശ്യയിൽ ഇന്നലെയാണ് സംഭവം നടന്നത്. മലാലൈ മൈവാന്താണ് മരിച്ചത്. ജോലിക്കായി കാറിൽ പോകവെ, മലാലൈയ്ക്ക് നേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ മലാലൈയുടെ ഡ്രൈവറും കൊല്ലപ്പെട്ടു. സ്ത്രീകളുടേയും കുട്ടികളുടേയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ പ്രവർത്തകകൂടിയാണ് മലാലൈ. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീടിനു പുറത്തുപോയി ജോലി ചെയ്യുന്ന സ്ത്രീകൾ കടുത്ത ആക്രമണമാണ് അഫ്ഗാനിൽ നേരിടുന്നത്.