saba-fathima

ഹൈദരാബാദ്: അമേരിക്കൻ പൗരനായ ഭർത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തിയതിനെതിരെ പരാതിയുമായി ഹൈദരാബാദ് സ്വദേശിയായ 24 കാരി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു.

ചന്ദ്രയാൻഗുട്ടയിലെ സബാ ഫാത്തിമയാണ് നീതിതേടി വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് കത്തെഴുതിയത്.

2015ൽ ഹൈദരാബാദിൽ വച്ചാണ് എൻജിനിയറിംഗ് വിദ്യാർത്ഥിയായ സബ ഫാത്തിമയും സൊമാലിയയിൽ ജനിച്ച അമേരിക്കൻ പൗരനായ അഹമ്മദും (40) തമ്മിലുള്ള വിവാഹം മുസ്ളിം മതാചാരപ്രകാരം നടന്നത്. തെലങ്കാന വഖഫ് ബോർഡിലാണ് വിവാഹം രജിസ്റ്റർ ചെയ്തത്.
വിവാഹശേഷം ഇരുവരും ടോലിചൗക്കിലെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ഏതാനും മാസങ്ങൾക്ക് ശേഷം അമേരിക്കയിലേക്ക് പോയ അഹമ്മദ് ആറുമാസം കൂടുമ്പോൾ സബയെ കാണാൻ അവധിയെടുത്ത് എത്തുമായിരുന്നു.

2020 ഫെബ്രുവരിയിലാണ് ഇയാൾ അവസാനമായി സബയെ സന്ദർശിച്ചത്.

തിരികെ അമേരിക്കയിലെ ബോസ്റ്റണിലെത്തിയ അഹമ്മദ് സബയെ ഫോണിൽ ബന്ധപ്പെടുകയും പണം അയയ്ക്കുകയും ചെയ്തിരുന്നു.
എന്നാൽ ഒക്ടോബർ ആറിന് സബയുടെ പിതാവിനെ ഫോണിൽ വിളിച്ച് അഹമ്മദ് സ്പീക്കർ ഫോൺ വഴി മുത്തലാഖ് ചൊല്ലുകയായിരുന്നു. തുടർന്ന് സബയുടെ ഫോൺ നമ്പർ ബ്ളോക്ക് ചെയ്തു. സബ, ദുബായിലുള്ള അഹമ്മദിന്റെ അമ്മയെയും ലണ്ടനിലുള്ള അയാളുടെ സഹോദരിയെയും ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല. അവരും നമ്പർ ബ്ളോക്ക് ചെയ്തു. തുടർന്നാണ് പരാതിയുമായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചത്.

നടപടിയെടുത്ത് കേന്ദ്രം

സബയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അമേരിക്കയിലെ ബോസ്റ്റണിൽ ഡ്രൈവറായി ജോലി ചെയ്യുന്ന അബ്ദി വാലി അഹമ്മദിനോട് സംസാരിക്കാൻ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം യു.എസിലെ ഇന്ത്യൻ എംബസിയോട് നി‌‌ർദ്ദേശിച്ചു. സബ ആവശ്യപ്പെട്ട പ്രകാരം നിയമപരമായി വിവാഹബന്ധം വേർപെടുത്തുന്നതിനുള്ള നടപടിക്രമങ്ങൾ എത്രയുംവേഗം ചെയ്യാനും നിർദ്ദേശിച്ചു.

നിയമപരമായി ബന്ധം വേർപെടുത്തിയാലേ, എനിക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകാനാകൂ. അതിനുള്ള നടപടിയെടുക്കണമെന്നാണ് ആവശ്യം.

- സബ ഫാത്തിമ