apology

വാഷിംഗ്ടൺ: ടിമ്നിറ്റ് ഗെബ്രുവിനെ പുറത്താക്കിയ സംഭവത്തിൽ ജീവനക്കാരോട് ക്ഷമ ചോദിച്ച് ഗൂഗിൾ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുന്ദർ പിച്ചൈ. പ്രമുഖ നിർമിതബുദ്ധി ഗവേഷകയായ ഗെബ്രുവിനെ പുറത്താക്കിയത് കമ്പനി എങ്ങനെയാണ് കൈകാര്യം ചെയ്തതെന്നത് സംബന്ധിച്ച് അന്വേഷണവും അദ്ദേഹം പ്രഖ്യാപിച്ചു.

'ഡോ. ഗെബ്രുവിനെ പുറത്താക്കിയതിലുളള പ്രതികരണങ്ങൾ ഞാൻ വ്യക്തമായി കേട്ടു. അത് നമുക്കിടയിൽ സംശയങ്ങളുടെ വിത്തുപാകിയിരിക്കുകയാണ്. മാത്രമല്ല, ഗൂഗിളിൽ തങ്ങളുടെ സ്ഥാനമെന്തെന്ന് ചോദിക്കുന്നതിലേക്ക് വരെ ഈ സംഭവം എത്തിയിരിക്കുന്നു. ഇക്കാര്യത്തിൽ ഞാൻ വളരെയധികം ഖേദിക്കുന്നു, നിങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനുള്ള ഉത്തരവാദിത്വം ഞാനേറ്റെടുക്കുന്നു', ജീവനക്കാർക്കയച്ച കത്തിൽ പിച്ചൈ വ്യക്തമാക്കി. ഫേസ് റക്കഗ്നിഷൻ മേഖലയിൽ വലിയ സംഭാവനകൾ നൽകിയിട്ടുള്ള ഗവേഷകയാണ്‌ ഗെബ്രു. ഒരു ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട ചില തർക്കങ്ങളെ തുടർന്നാണ് ഗെബ്രുവിനെ ഗൂഗിൾ പുറത്താക്കിയത്.