
ന്യൂഡൽഹി: സംരക്ഷിത വിഭാഗത്തിലുള്ള ആമയെ വിൽക്കാൻ ശ്രമിച്ചെന്ന കോട്ടയം സ്വദേശിക്കെതിരെയുള്ള കേസിൽ വിചാരണ വേണമെന്ന സ്വന്തം വിധി സുപ്രീംകോടതി പുനഃപരിശോധിച്ചു. മണിമല സ്വദേശി ടിറ്റി എന്ന ജോർജ്ജ് കുര്യനെതിരെയുള്ള വിചാരണയാണ് ജസ്റ്റിസുമാരായ അശോക് ഭൂഷൻ, ഇന്ദു മൽഹോത്ര എന്നിവരുടെ ബെഞ്ച് റദ്ദാക്കിയത്. കേസിൽ വിചാരണ നടത്തണമെന്ന് 2018ൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് അഭിഭാഷകൻ എം.ആർ. അഭിലാഷ് മുഖേന റിവ്യൂഹർജി നൽകിയത്.
2016ൽ സംരക്ഷിത വിഭാഗത്തിലുള്ള ആമയെ വിൽക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് വനം വകുപ്പിന്റെ വിജിലൻസ് ടിറ്റിക്കെതിരെ കേസെടുത്തത്. വന്യമൃഗസംരക്ഷണ നിയമപ്രകാരം സംരക്ഷിത പട്ടികയിലുള്ള സോഫ്‌റ്റ് ഷെൽ ആമയാണ് കൈവശമുണ്ടായിരുന്നത് എന്നായിരുന്നു വനംവകുപ്പിന്റെ റിപ്പോർട്ടിലുണ്ടായിരുന്നത്. എന്നാൽ കൈവശം വയ്ക്കുന്നതിന് നിരോധനമില്ലാത്ത ഫ്ളാപ് ഷെൽ ആമയാണെന്നായിരുന്നു വെറ്റിനറി സർജൻറെ റിപ്പോർട്ട്.
ഇത് ചൂണ്ടിക്കാട്ടി വിചാരണ റദ്ദാക്കണമെന്ന ടിറ്റിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു.
ഇതിനെതിരെ വനംവകുപ്പ് സുപ്രീംകോടതിയെ സമീപിച്ചു. ഏത് വിഭാഗത്തിൽപ്പെട്ട ആമയാണെന്ന് സ്ഥിരീകരിക്കാൻ വിചാരണ ആവശ്യമാണെന്ന വനംവകുപ്പിന്റെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. ഇതിനെതിരായാണ് റിവ്യൂ ഹർജി നൽകിയത്.
നിരോധിത വിഭാഗത്തിലുള്ള ആമയുടെ ഉപജനുസാണ് തൊണ്ടിമുതലായ ആമയെന്നായിരുന്നു വനം വകുപ്പിന്റെ വാദം. എന്നാൽ പിടിച്ചെടുത്ത ആമയെ 2018ൽ തന്നെ അതിന്റെ ആവാസ വ്യവസ്ഥയിലേക്ക് വനംവകുപ്പ് തിരികെവിട്ടതിനാൽ അത് പരിശോധിക്കാനാകില്ലെന്ന് അഭിഭാഷകൻ എം.ആർ അഭിലാഷ് ചൂണ്ടിക്കാട്ടി. ആമയുടെ അഭാവത്തിൽ വിചാരണ പ്രായോഗികമല്ലെന്നും അദ്ദേഹം വാദിച്ചു. ഈ വാദം സുപ്രീംകോടതി പരിഗണിക്കുകയായിരുന്നു.