
മുംബയ്: ബോളിവുഡിലെ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് ഹെയർ സ്റ്റൈലിസ്റ്റുമായ സുരാജ് ഗോദാംബെയെ 11 ഗ്രാം കൊക്കെയ്‌നുമായി നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ പിടികൂടി. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന റെയ്ഡിന് പിന്നാലെയാണ് പ്രമുഖ സിനിമാനിർമാണ കമ്പനിയിലെ മേക്കപ്പ് വിഭാഗം തലവനായ സുരാജ് അറസ്റ്റിലായത്.
3 ഇഡിയറ്റ്സ്, ഫിയർലെസ്സ്, തനു വെഡ്സ് മനു റിട്ടേൺസ് തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ചയാളാണ് സുരാജ് ഗോദാംബെ. ഇയാൾക്കൊപ്പമുണ്ടായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവറിൽ നിന്ന് 56,000 രൂപയും പിടികൂടി. ഇയാൾ നൈജീരിയൽ ലഹരി മാഫിയാ സംഘത്തിലെ കണ്ണിയാണെന്നാണ് വിവരം. മുംബയ് മെട്രോപൊളിറ്റൻ കോടതിയിൽ ഹാജരാക്കിയ ഇരുവരെയും 16വരെ കസ്റ്റഡിയിൽ വിട്ടു.
മുംബയിലെ ഏറ്റവും വലിയ ലഹരിമരുന്ന് വിതരണക്കാരിലൊരാളായ റീഗെൽ മഹാക്കലിനെയും അസം ഷെയ്ഖ് ജുമാനെയും കഴിഞ്ഞദിവസം പിടികൂടിയിരുന്നു. അന്ധേരിയിലെ ഇവരുടെ താമസസ്ഥലത്തുനിന്ന് മൂന്ന് കോടിയോളം രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തു.
നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് എൻ.സി.ബി ലഹരിമാഫിയകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്.