
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണമുണ്ടായ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആക്രമണത്തിന് പിന്നാലെ ബംഗാൾ സർക്കാരിൽ നിന്നും അടിയന്തര റിപ്പോർട്ട് തേടുകയും ഗവർണറോട്
ബംഗാളിലെ ക്രമസമാധാനം സംബന്ധിച്ച് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്‌തു.
പശ്ചിമ ബംഗാളിൽ സന്ദർശനം നടത്തുന്നതിനിടെയാണ് ജെ.പി നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെ തൃണമുൽ കോൺഗ്രസ് അനുഭാവികൾ ആക്രമണം നടത്തിയത്. കൊല്‍ക്കത്തയിലെ ഡയമണ്ട് ഹാര്‍ബറിൽ ഒരു പാർട്ടി യോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെ യാത്രാമദ്ധ്യയായിരുന്നു സംഭവം.
വാഹനങ്ങൾക്ക് നേരെ കല്ലും ഇഷ്ടികയും ഉപയോഗിച്ച് ആക്രമണം നടത്തിയെന്നും ബി.ജെ.പി ആരോപിച്ചു.
ബുള്ളറ്റ് പ്രൂഫ് വാഹനത്തിലായിരുന്നതിനാൽ തനിക്ക് പരിക്കേറ്റില്ലെന്നും എന്നാൽ കൂടെ ഉള്ള മറ്റു
ബി.ജെ.പി നേതാക്കൾക്ക് ആക്രമണത്തിൽ പരിക്ക് സംഭവിച്ചതായും ജെ.പി.നദ്ദ പറഞ്ഞു.
അതേസമയം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള ബി.ജെ.പിയുടെ നാടകീയ നീക്കമാണിതെന്ന് മമതാ ബാനർജി ആരോപിച്ചു. ജെ.പി.നദ്ദയുടെ വാഹനത്തിന് എല്ലാ സുരക്ഷയും നൽകിയിരുന്നുവെന്നും ബംഗാളിൽ ക്രമസമാധാനം തകർന്നെന്ന് വരുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും തൃണമുൽ കോൺഗ്രസ് കുറ്റപ്പെടുത്തി.