no-to-racism

പാരീസ് : യുവേഫ ചാമ്പ്യൻസ് ലീഗിൽ അസിസ്റ്റന്റ് റഫറിയുടെ വിവാദ പരാമർശത്തത്തുടർന്ന് കഴിഞ്ഞ ദിവസം നിറുത്തിവച്ച പാരീസ് എസ്.ജിയും ഇസ്താംബുൾ ബസക്സെഹറും തമ്മിലുള്ള മത്സരം പുതിയ ഒഫിഷ്യൽസിനെ വച്ച് കഴിഞ്ഞ ദിവസം പുനരാരംഭിച്ചപ്പോൾ വിസിൽ മുഴങ്ങുന്നതിന് മുമ്പ് ഇരുടീമിലെയും താരങ്ങൾ ഗ്രൗണ്ടിൽ വൃത്താകൃതിയിൽ മുട്ടുകുത്തിനിന്ന് വർണവെറിക്കെതിരായ പ്രതിഷേധം അറിയിച്ചു. ബസക്സെഹറിന്റെ സഹപരിശീലകനും മുൻ കാമറൂൺ താരവുമായ വെബോയെ ആണ് അസിസ്റ്റന്റ് റഫറി അധിക്ഷേപിച്ചിരുന്നത്.

മത്സരത്തിൽ ബസക്സെഹറിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് ഫ്രഞ്ച് ചാംപ്യൻമാരായ പി.എസ്.ജി തകർത്തുവിട്ടു. സൂപ്പർതാരം നെയ്മറിന്റെ ഹാട്രിക് മികവിലാണ് പി.എസ്.ജി ജയിച്ചത്. 21, 38, 50 മിനിറ്റുകളിലായാണ് ബ്രസീൽ സൂപ്പർതാരം ഹാട്രിക് തികച്ചത്. ഫ്രഞ്ച് താരം കിലിയൻ എംബപ്പെ പിഎസ്ജിക്കായി ഇരട്ടഗോൾ നേടി. 42 (പെനൽറ്റി), 62 മിനിറ്റുകളിലായിരുന്നു എംബപ്പെയുടെ ഗോളുകൾ. ബസക്സെറിന്റെ ആശ്വാസ ഗോൾ ടോപ്പാൽ (57) നേടി.