amit-shah

ന്യൂഡൽഹി: ഫെബ്രുവരിയിൽ വടക്ക് കിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിന് ഉത്തരവാദി ബി.ജെ.പി ദേശീയ നേതാവ് കൂടിയായ അമിത് ഷായ്ക്ക് കീഴിലുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയമെന്ന് സിപിഎം ഡൽഹി സംസ്ഥാന കമ്മിറ്റിയുടെ 'വസ്തുതാ നിർണയ' റിപ്പോർട്ട്. കലാപം തീവ്രതയിലേക്ക് ഉയരാനും സംഭവത്തെക്കുറിച്ചുള്ള പൊലീസ് അന്വേഷണത്തിൽ മുൻവിധികൾ വന്നുചേരാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങൾ കാരണമായെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. കലാപത്തെ കലഹം എന്ന നിലയിൽ വിശേഷിപ്പിക്കാൻ കഴിയില്ലെന്നും രണ്ടു കൂട്ടരും ഒരുപോലെ പങ്കെടുക്കുന്ന ലഹളയെയാണ് അത്തരത്തിൽ വിശേഷിപ്പിക്കുക എന്നും റിപ്പോർട്ടിൽ സി.പി.എം ചൂണ്ടിക്കാട്ടുന്നു.

'ഹിന്ദുത്വ കൂട്ടങ്ങളാണ്' കലാപം നടത്തിയതെന്നും മറ്റുള്ളവർ അവരിൽ നിന്നും രക്ഷ നേടുവാൻ ശ്രമിക്കുകയായിരുന്നുവെന്നും പൊലീസ് കലാപം നടത്തിയവർക്കൊപ്പമായിരുന്നുവെന്നും സിപിഎം വിശദീകരിച്ചു. 'വടക്ക് കിഴക്കൻ ഡൽഹിയിലെ വർഗീയ ലഹള, ഫെബ്രുവരി 2020' എന്നാണ് സിപിഎം ഈ റിപ്പോർട്ടിന് പേര് നൽകിയിരിക്കുന്നത്.

കലാപത്തിനിടെ ഉണ്ടായ നിരവധി അക്രമ സംഭവങ്ങൾ പൊലീസ് മുന്നോട്ടുവയ്ക്കുന്ന ആഖ്യാനങ്ങൾക്ക് വിരുദ്ധമാണെന്നും 24 ഫെബ്രുവരിയിൽ കലാപം ആരംഭിച്ചപ്പോൾ എന്തുകൊണ്ട് നിരോധനാജ്ഞ പുറപ്പെടുവിച്ചില്ലെന്നും സിപിഎം ചോദിക്കുന്നു. ഈ സാഹചര്യത്തിൽ സൈന്യത്തെ വിന്യസിക്കാത്തത് എന്തുകൊണ്ടാണെന്നും കലാപം നിയന്ത്രിക്കാനായി നിയോഗിക്കപ്പെട്ട പൊലീസുകാരുടെയും റാപ്പിഡ് ആക്ഷൻ സേനാംഗങ്ങളുടെയും എണ്ണം വളരെ കുറവായിരുന്നുവെന്നും പാർട്ടി തങ്ങളുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

അങ്ങേയറ്റം വർഗീയപരമായ ബിജെപി നേതാക്കളുടെ പ്രസംഗങ്ങളും അവയുടെ തെളിവുകളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അവഗണിച്ചുവെന്നും പാർട്ടി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മാത്രമല്ല, വിഷയത്തിൽ എന്തെങ്കിലും അന്വേഷണം നടക്കും മുൻപുതന്നെ കേന്ദ്ര ആഭ്യന്തര മന്ത്രി മന്ത്രാലയത്തിന്റെ 'കണ്ടെത്തലുകൾ' മാർച്ച് 11ന് പാർലമെന്റിൽ വിശദീകരിച്ചുവെന്നും ശേഷം നടന്ന അന്വേഷണം അദ്ദേഹത്തിന്റെ വാക്കുകളെ സാധൂകരിക്കുന്നതിനായിരുന്നു. ഇതിലൂടെ കലാപത്തിന് പിന്നിൽ പ്രവർത്തിച്ചത് പ്രതിപക്ഷമാണെന്നും കലാപം നടത്തിയത് ന്യൂനപക്ഷങ്ങളാണെന്നും സ്ഥാപിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. റിപ്പോർട്ടിൽ പാർട്ടി പറയുന്നു.

'കൃത്യമായ ഗൂഢാലോചനയോടെ നടത്തപ്പെട്ട കലാപമെ'ന്ന് പറഞ്ഞുകൊണ്ട് '36 മണിക്കൂറിനുള്ളിൽ കലാപം നിയന്ത്രണ വിധേയമാക്കിയ' പൊലീസിനെ ആഭ്യന്തര മന്ത്രി അമിത് അഭിനന്ദിക്കുകയാണ് ചെയ്തതെന്നും സിപിഎം കുറ്റപ്പെടുത്തുന്നു. ഷാ പരാമർശിച്ചതിന് വിരുദ്ധമായി ഫെബ്രുവരി 28ന് തന്നെ കലാപം ആരംഭിച്ചുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

കലാപബാധിതർക്ക് വേണ്ടവിധം നഷ്ടപരിഹാരം നൽകാൻ താമസം വരുത്തിയതിന് ഡൽഹി ഭരിക്കുന്ന ആം ആദ്മി സർക്കാരിനെയും സിപിഎം റിപ്പോർട്ടിൽ വിമർശിക്കുന്നുണ്ട്. വിരമിച്ച ഹൈക്കോടതി ജഡ്ജി കേസിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നാണ് സി.പി.എം ആവശ്യപ്പെടുന്നത്. വംശഹത്യ ഇരകളും ദൃക്‌സാക്ഷികളുമായ 400ഓളം പേരെ നേരില്‍ കണ്ട് അഭിമുഖം നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടും പാർട്ടിയുടെ ഡല്‍ഹി സംസ്ഥാന സെക്രട്ടറി കെ.എം. തിവാരിയും പറഞ്ഞു. വസ്തുതാ നിർണയ സംഘം 400 പേരുടെ പ്രതികരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.