
റോം: ഭാര്യയോട് വഴക്കിട്ട ശേഷം, ദേഷ്യം മാറാൻ ഇറ്റാലിയൻ സ്വദേശി നടന്നത് 450 കിലോമീറ്റർ. ഫലമോ? കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് പൊലീസ് 48 കാരനായ നമ്മുടെ കഥാനായകന് 400 യൂറോ പിഴ ചുമത്തുകയും ചെയ്തു. ഇദ്ദേഹത്തിന്റെ പേരു വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
കഠിനമായ തണുപ്പിനെ അവഗണിച്ചാണ് ഇയാൾ വീട്ടിൽ നിന്നിറങ്ങി നടന്നത്. കോമോയിലെ വീട്ടിൽ നിന്ന് നടപ്പ് തുടങ്ങിയ ഇദ്ദേഹം 280 മൈൽ താണ്ടി ഫാനോയിൽ എത്തിയപ്പോഴാണ് പൊലീസ് തടഞ്ഞത്. നടന്ന് ക്ഷീണിച്ചെന്നും ഇത്രയും ദൂരം താണ്ടിയത് അറിഞ്ഞില്ലെന്നും, ആശ്ചര്യമുണ്ടെന്നും ഇദ്ദേഹം പൊലീസിനെ അറിയിച്ചു
പൊലീസ് നടത്തിയ തുടരന്വേഷണത്തിൽ ഇയാളെ കാണാതായതിനെ തുടർന്ന് ഒരാഴ്ച മുമ്പ് ഭാര്യ പരാതി നൽകിയത് ശ്രദ്ധയിൽ പെട്ടു. ഭാര്യയെ പൊലീസ് ഉടൻ വിവരമറിയിക്കുകയും അയാളെ കൂട്ടിക്കൊണ്ടു പോകാൻ ആവശ്യപ്പെടുകയും ചെയ്തു. നടപ്പിനിടെ ചിലർ തനിക്ക് ഭക്ഷണവും വെള്ളവും നൽകിയതായി ഇയാൾ അറിയിച്ചു.
സംഭവം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ നാട്ടുകാർ ഈ വിരുതനെ 'ഫോറസ്റ്റ് ഗംപ്' എന്നാണിപ്പോൾ വിളിയ്ക്കുന്നത്.
1994 ൽ പുറത്തിറങ്ങിയ ഹോളിവുഡ് സിനിമയായ ഫോറസ്റ്റ് ഗംപിൽ നായകകഥാപാത്രം ആയിരക്കണക്കിന് മൈലുകളാണ് കാൽനടയായി താണ്ടുന്നത്.