നാല് ടെസ്റ്റുകളുടെയും മൂന്ന് ഏകദിനങ്ങളുടെയും പരമ്പരയ്ക്കായി ഇംഗ്ളണ്ട് എത്തും
മുംബയ് : കൊവിഡ് കാരണം നിറുത്തിവച്ചിരിക്കുന്ന ഇന്ത്യയിലെ അന്താരാഷ്ട്ര മത്സരങ്ങൾ ഫെബ്രുവരി - മാർച്ച് മാസങ്ങളിലെ ഇംഗ്ളണ്ട് ടീമിന്റെ പര്യടനത്തോടെ ആരംഭിക്കുമെന്ന് ബി.സി.സി.ഐ. നാല് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി-20കളും കളിക്കാനാണ് ഇംഗ്ളണ്ട് വരുന്നത്.
ആദ്യ രണ്ട് ടെസ്റ്റുകൾക്കും ആതിഥ്യം വഹിക്കുന്നത് ചെന്നൈ ആണ്. അവസാന രണ്ട് ടെസ്റ്റകൾ അഹമ്മദാബാദിലെ പുതിയ സ്റ്റേഡിയത്തിൽ നടക്കും. ഇവിടുത്തെ ആദ്യ ടെസ്റ്റ് ഡേ ആൻഡ് നൈറ്റായി നടത്തും. തുടർന്ന് അഞ്ച് ട്വന്റി-20കളും അഹമ്മദാബാദിൽ നടക്കും. ഏകദിനങ്ങൾ മൂന്നിനും വേദിയാകുന്നത് പൂനെയാണ്.ഫെബ്രുവരി അഞ്ചിനാണ് ആദ്യ ടെസ്റ്റ് തുടങ്ങുന്നത്.
ഈ വർഷം മാർച്ചിൽ ദക്ഷിണാഫ്രിക്കയുമായുള്ള പരമ്പര റദ്ദാക്കിയതിന് ശേഷം ഇന്ത്യയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ നടന്നിട്ടില്ല. ഐ.പി.എൽ വേദി യു.എ.ഇയിലേക്ക് മാറ്റുകയായിരുന്നു.