
വർഷം 1989, ഒക്ടോബർ മാസത്തിലെ 12ാം തീയതിയായിരുന്നു അന്ന്. ബ്രസീലിലെ പോർട്ടോ അലെഗ്രി എയർപോർട്ടിന് മുകളിലൂടെ ഒരു അജ്ഞാത വിമാനം വട്ടമിട്ട് പറക്കുന്നത് എയർ ട്രാഫിക് കൺട്രോളർ കണ്ടു. അധികം വൈകാതെ വിമാനം എയർപോർട്ടിലെ റൺവെയിൽ ലാൻഡ് ചെയ്യുകയും ചെയ്‌തു.
അജ്ഞാതവിമാനം ഏതാണെന്നറിയാൻ വിമാനത്താവളത്തിലെ ജീവനക്കാർ അവിടേക്ക് പാഞ്ഞു.
ആദ്യം വിമാനം ഏതാണെന്ന് മനസിലായില്ലെങ്കിലും വിശദമായ അന്വേഷണത്തിനൊടുവിൽ അവർ ഞെട്ടി. സാന്റിയാഗോ എയർലൈൻസിന്റെ ഒരു വിമാനമായിരുന്നു അത്. 1956ൽ സാന്റിയാഗോ എയർലൈൻസിന്റെ പ്രവർത്തനം നിലച്ചിരുന്നു.

പിന്നെ ഈ വിമാനം ഇതെവിടുന്നെത്തി. ? ഏതായാലും വിമാനത്തിനുള്ളിൽ പരിശോധന നടത്താമെന്ന് ജീവനക്കാർ തീരുമാനിച്ചു. വിമാനത്തിന്റെ വാതിൽ തുറന്നതോടെ ജീവനക്കാർ ഒന്നടങ്കം അക്ഷരാർത്ഥത്തിൽ വിറയ്ക്കാൻ തുടങ്ങി. 88 യാത്രക്കാരുടെയും 4 ജീവനക്കാരുടെയും ഉൾപ്പെടെ 92 പേരുടെ അസ്ഥികൂടങ്ങൾ അതത് സീറ്റുകളിൽ ഇരിക്കുന്നു. ! പൈലറ്റ് വിമാനത്തിന്റെ കൺട്രോളിൽ കൈ വച്ച് സീറ്റ് ബെൽറ്റോട് കൂടി ഇരിപ്പിടത്തിൽ തന്നെ ഇരിക്കുന്നുണ്ട്. എന്നാൽ അയാളും അസ്ഥികൂടം തന്നെ. ! 35 വർഷങ്ങൾക്ക് മുമ്പ് കാണാതായ സാന്റിയാഗോ എയർലൈൻസിന്റെ ഫ്ലൈറ്റ് 513 ആയിരുന്നു അതെന്ന് പിന്നീട് തിരിച്ചറിഞ്ഞു.
1954 സെപ്‌റ്റംബർ 4ന്, ജർമനിയിലെ ആഹനിൽ നിന്നും ബ്രസീലിലെ പോർട്ടോ അലെഗ്രിയിലേക്കാണ് സാന്റിയാഗോ ഫ്ലൈറ്റ് 513 ടേക്ക് ഓഫ് ചെയ്തത്. 18 മണിക്കൂറായിരുന്നു വിമാനത്തിന് ലാൻഡ് ചെയ്യാൻ ആവശ്യമായിരുന്ന സമയം. എന്നാൽ, അറ്റ്‌ലാൻഡിക് സമുദ്രത്തിന് മുകളിൽ വച്ച് വിമാനം അപ്രത്യക്ഷമായി. തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒടുവിൽ, വിമാനം കടലിൽ തകർന്നു വീണ് യാത്രക്കാർ എല്ലാം മരിച്ചിരിക്കാമെന്ന നിഗമനത്തിലെത്തുകയായിരുന്നു.

അന്ന് കാണാതായ ആ വിമാനമാണ് 35 വർഷങ്ങൾക്ക് ശേഷം പോർട്ടോ അലെഗ്രിയിൽ തന്നെ ലാൻഡ് ചെയ്‌തത്. എന്നാൽ വിമാനത്തിലുണ്ടായിരുന്നു എല്ലാവരും അസ്ഥികൂടമായി മാറിയിരിക്കുന്നു. ! 1989 നവംബർ 14ന് ദ വീക്ക്‌ലി വേൾഡ് ന്യൂസ് എന്ന ടാബ്‌ലോയിഡ് ആണ് ഈ വിചിത്ര സംഭവം ആദ്യം റിപ്പോർട്ട് ചെയ്‌തത്. ഇതേ കുറിച്ച് അന്വേഷിക്കാൻ ബ്രസീലിയൻ ഭരണകൂടം ഉത്തരവിട്ടെങ്കിലും പിന്നീട് സംഭവത്തെ പറ്റിയുള്ള വിവരങ്ങളൊന്നും അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
ദ വീക്ക്‌ലി വേൾഡ് ന്യൂസ് പുറത്തുവിട്ട ഈ വാർത്ത സത്യമായിരുന്നോ എന്ന് ആർക്കും അറിയില്ല. ആളുകളുടെ ശ്രദ്ധ നേടാൻ ടാബ്‌ലോയിഡ് ആസൂത്രണം ചെയ്‌ത വെറും കെട്ടുകഥയാണിതെന്ന് പൊതുവെ പറയപ്പെടുന്നു. 1954 ൽ സാന്റിയാഗോ ഫ്ലൈറ്റ് കാണാതായതിനെ പറ്റിയും തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്.