
ന്യൂഡല്‍ഹി: കർഷകർ തെരുവിൽ പ്രതിഷേധം ഉയർത്തുമ്പോൾ കോടികള്‍ ചെലവിട്ട് നിര്‍മിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് തറക്കല്ലിട്ട പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്.ശ്മശാനത്തില്‍ ഡി.ജെ മ്യൂസിക്ക് നടത്തുന്നതിന് സമാനമാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടതെന്ന് കോണ്‍ഗ്രസ് നേതാവ് ജയ് വീര്‍ ഷെര്‍ഗില്‍ പറഞ്ഞു. കർഷകർ അവരുടെ അവകാശങ്ങൾക്കായി തെരുവിൽ പ്രതിഷേധിക്കുമ്പോൾ മോദി കൊട്ടാരം പണിയുകയാണെന്നും
കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല കുറ്റപ്പെടുത്തി.
'മിസ്റ്റര്‍ മോദി, അന്നദാതാക്കള്‍ 16 ദിവസമായി തെരുവില്‍ അവകാശങ്ങള്‍ക്കായി പോരാടുമ്പോള്‍ സെന്‍ട്രല്‍ വിസ്തയെന്ന പേരില്‍ നിങ്ങള്‍ക്കായി ഒരു കൊട്ടാരം പണിയുന്നത് ചരിത്രത്തില്‍ രേഖപ്പെടുത്തും. ജനാധിപത്യത്തില്‍ അധികാരമെന്നത് വ്യാമോഹങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ളതല്ല. പൊതു ക്ഷേമത്തിനും പൊതു സേവനത്തിനുമുള്ള മാര്‍ഗമാണത്'. സുര്‍ജേവാല ട്വീറ്റ് ചെയ്തു.
സെന്‍ട്രല്‍ വിസ്ത എന്ന പേരിട്ടിരിക്കുന്ന പുതിയ പദ്ധതിയുടെ ചിലവ് 20,000 കോടി രൂപയാണ്. നാലുനിലയുള്ള പാര്‍ലമെന്റ് മന്ദിരത്തിന് മാത്രം ഏകദേശം 1000 കോടിയോളം രൂപ ചെലവ് വരും. കൊവിഡ് സാഹചര്യം, സാമ്പത്തിക പ്രതിസന്ധി എന്നീ വെല്ലുവിളികള്‍ നിലനിൽക്കുന്നതിനിടെ
കോടികൾ മുടക്കി പദ്ധതി നടപ്പാക്കുന്നതിൽ കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിയോജിപ്പാണ്
പ്രതിപക്ഷ പാര്‍ട്ടികൾക്കുള്ളത്.