
പാരീസ്: മതനിന്ദ ആരോപിച്ച് അദ്ധ്യാപകന്റെ കഴുത്തറുത്ത് കൊന്ന സംഭവത്തിന് പിന്നാലെ
ഇസ്ലാമിക മതമൗലികവാദികൾക്കെതിരെ കരട് നിയമം കൊണ്ടുവരാനൊരുങ്ങി ഫ്രാൻസ്. ഇതിന്റെ ഭാഗമായി ഇസ്ലാമിക പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നവർക്കും, ഗാർഹിക വിദ്യാലയങ്ങൾ, രഹസ്യ സ്കൂളുകൾ എന്നിവയ്ക്കും നിരോധനമേർപ്പെടുത്തുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു.
പുതിയ നിയമ പ്രകാരം മൂന്ന് വയസുമുതൽ രാജ്യത്തെ എല്ലാ കുട്ടികളും നിർബന്ധമായും സ്‌കൂളിൽ പോയിരിക്കണം. ഹോം സ്‌കൂളിംഗ് തിരഞ്ഞെടുക്കപ്പെട്ട കേസുകളിൽ മാത്രമേ ഉണ്ടാകൂ. എല്ലാ മുസ്ലിം പള്ളികളും ആരാധനാലയമായി രജിസ്റ്റർ ചെയ്യണം. നിലവിൽ ഫ്രാൻസിലെ 2,600 ഓളം പള്ളികൾ അസോസിയേഷന്റെ നിയമപ്രകാരമാണ് പ്രവർത്തിക്കുന്നത്. ഫ്രാൻസിലെ പള്ളികൾക്ക് വിദേശ നിക്ഷേപം സ്വീകരിക്കുന്നതിലും നിയന്ത്രണം ഏർപ്പെടുത്തി.ഇതിനൊപ്പം ബഹുഭാര്യാത്വ നിരോധനത്തെ ശക്തിപ്പെടുത്തുമെന്നും പെൺകുട്ടികൾക്ക് കന്യകാത്വ പരിശോധന നടത്തിയതിന് ഡോക്ടർമാർക്ക് പിഴയോ നിരോധനമോ ഏർപ്പെടുത്തുമെന്നും കരട് നിയമത്തിൽ പറയുന്നു.
അതേസമയം മതമൗലികവാദികളെ നേരിടാൻ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അവതരിപ്പിച്ച ബില്ലിനെതിരെ എതിർപ്പുമായി ഇസ്ലാമിക ലോകവും രംഗത്തെത്തി.