
മലപ്പുറം: സോഷ്യൽ മീഡിയയിലൂടെ പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ച് പീഡിപ്പിച്ചുവന്നിരുന്ന യുവാവ് അറസ്റ്റിൽ. പൊന്നാനി സ്വദേശി ടി ബി ആശുപത്രി ബീച്ചിൽ മാറാപ്പിന്റകത്ത് വീട്ടിൽ ജാബിർ(21)
ആണ് പൊലീസിന്റെ പിടിയിലായത്. പ്രതിയുടെ ഫോണിൽ നിന്നും പതിനാലോളം പെൺകുട്ടികളുടെ നഗ്നഫോട്ടോയും വീഡിയോയും പൊലീസ് കണ്ടെടുത്തു. ജാബിറിന്റെ വലയിൽപെട്ട പെൺകുട്ടികൾ എല്ലാം പതിനാലിനും പതിനേഴിനും ഇടയിൽ പ്രായം ഉള്ളവരാണ്.
സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ- ഡിസംബർ ആറാം തീയതി വൈകുന്നേരം പതിനാറു വയസുകാരിയായ പെൺകുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് കൊണ്ടോട്ടി പൊലീസിന് പരാതി ലഭിച്ചിരുന്നു. ഫോണിൽ ബന്ധപ്പെട്ടപ്പോൾ പെൺകുട്ടി ചങ്കുവെട്ടി ജംഗ്ഷനിലാണുള്ളതെന്ന് അറിയാൻ കഴിഞ്ഞു. തുടർന്ന് അവിടെയെത്തി പെൺകുട്ടിയോട് കാര്യങ്ങൾ ചോദിച്ചപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം പൊലീസ് അറിയുന്നത്.
കാമുകനോടൊപ്പം കോട്ടക്കുന്നിൽ കറങ്ങാൻ പോയതാണ് പെൺകുട്ടി. പിന്നീട് തന്നെ അയാൾ ബസ്സിൽ കയറ്റി കുറ്റിപ്പുറം ഓവർ ബ്രിഡ്ജിനു സമീപം കൊണ്ടുപോയെന്നും അവിടെ സമയം ചിലവഴിച്ചുവെന്നും പെൺകുട്ടി പറഞ്ഞു.ഇവിടെവച്ച് വിലപിടിപ്പുള്ളതെല്ലം ഇയാൾ കവരാൻ ശ്രമിച്ചെന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകി.
ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നതിനായാണ് പെൺകുട്ടിക്ക് മൊബെെൽ ഫോൺ വാങ്ങി നൽകിയിരുന്നത്. ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് എടുത്ത പെൺകുട്ടി ഇതിലൂടെയാണ് ജാബിറുമായി പരിചയപ്പെടുന്നത്. തുടർച്ചയായി ചാറ്റിംഗിലൂടെ ഇരുവരും സൗഹൃദത്തിലായി. പിന്നീട് ഇരുവരും തമ്മിൽ പ്രണയത്തിലാവുകയായിരുന്നു. പെൺകുട്ടിക്ക് അച്ഛനും അമ്മയും ഇല്ലെന്ന് തുറന്നു പറഞ്ഞപ്പോൾ സംരക്ഷിച്ചു കൊളളാമെന്ന് ജാബിർ വാക്കു നൽകി.
ഒരു സ്പാനിഷ് കമ്പനിയിലാണ് തനിക്ക് ജോലിയെന്നാണ് ജാബിർ പെൺകുട്ടിയെ വിശ്വസിപ്പിച്ചിരുന്നത്.
ഇയാൾ പെൺകുട്ടിയുടെ നഗ്നഫോട്ടോയും വീഡിയോയും ശേഖരിച്ചത് മറ്റൊരു കള്ളം പറഞ്ഞാണ്.
നഗ്ന വീഡിയോസ് നെറ്റിൽ അപ്‌ലോഡ് ചെയ്താൽ കമ്മീഷനായി ലക്ഷങ്ങൾ ലഭിക്കുമെന്നും
പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രം അയച്ചു കൊടുത്താൽ ആരും അറിയാതെ അപ് ലോഡ് ചെയ്ത് ബാങ്ക് അക്കൗണ്ടിൽ പണം എത്തിക്കാമെന്നും ജാബിർ പറഞ്ഞിരുന്നു. ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് പെൺകുട്ടി ചിത്രങ്ങൾ അയച്ചു നൽകി. എന്നാൽ ജാബിർ പണം നൽകിയില്ലെന്നും ജോലി വാഗ്ദാനം നൽകി കമ്മലും മോതിരവും കൈക്കലാക്കിയെന്നും പെൺകുട്ടി പറയുന്നു.