
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണവുമായി സഹകരിച്ചിട്ടുണ്ടെന്നും, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ മികച്ച ചികിത്സ ആവശ്യമാണെന്നും, അതിനാൽ ജാമ്യം നൽകണമെന്നുമാണ് അദ്ദേഹത്തിന്റെ വാദം.
ലീഗ് നേതാവായ തന്നെ രാഷ്ട്രീയ കാരണങ്ങളാലാണ് പ്രതി ചേർത്തതെന്നും, കഴിഞ്ഞ മാർച്ചിൽ കുറ്റപത്രം നൽകിയ കേസിൽ ഒമ്പതു മാസങ്ങൾക്കു ശേഷം അറസ്റ്റ് ചെയ്തത് ദുരൂഹമാണെന്നും ജാമ്യ ഹർജിയിൽ പറയുന്നു. അതേസമയം ഇബ്രാഹിം കുഞ്ഞിന് ജാമ്യം നൽകരുതെന്നും, നാല് ദിവസം കൂടി ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കാൻസർ രോഗത്തിനു ചികിത്സയിലിരിക്കെ നവംബർ 18നാണ് അന്വേഷണ സംഘം അവിടെയെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. പാലാരിവട്ടം ഫ്ളൈ ഓവർ നിർമ്മിച്ച ആർഡിഎസ് കമ്പനിക്ക് വ്യവസ്ഥകൾ ഇല്ലാതിരുന്നിട്ടും മൊബിലൈസേഷൻ അഡ്വാൻസായി വൻ തുക നൽകാൻ നിർദ്ദേശിച്ചെന്നാണ് ഇബ്രാഹിം കുഞ്ഞിനെതിരായ കുറ്റം.