bjp

ലക്‌നൗ: ദേശീയ പുഷ്‌പമായ താമര ബി ജെ പിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായി ഉപയോഗിക്കുന്നത് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയിൽ പൊതു താത്‌പര്യ ഹർജി. ഹർ‌ജിയിൽ മറുപടി സമർപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനോടും ബി ജെ പി ദേശീയ അദ്ധ്യക്ഷനോടും ഹൈക്കോടതി ആവശ്യപ്പെട്ടു.

താമര ഒരു ദേശീയ പുഷ്‌പം എന്ന നിലയ്‌ക്ക് വിവിധ സർക്കാർ വെബ്സൈറ്റുകളിൽ ഇത് കാണാൻ സാധിക്കുന്നുണ്ടെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഇത് വോട്ടർമാരെ സ്വാധീനിക്കുമെന്നതുകൊണ്ട് ഒരു രാഷ്ട്രീയ പാർട്ടിയും അതിന്റെ പ്രതീകമായി താമര ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ല. ഇതുവഴി രാഷ്ട്രീയ പാർട്ടിക്ക് അനാവശ്യമായ നേട്ടം ലഭിക്കാൻ സാദ്ധ്യതയുണ്ടെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. ഉത്തർപ്രദേശിലെ ഗോരഖ്പൂർ ജില്ലയിലെ കാളിശങ്കറാണ് പൊതുതാത്‌പര്യ ഹർജി കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ഹർജിയിൽ ജനുവരി പന്ത്രണ്ടിന് കോടതിയിൽ വാദം തുടരും.

2016ൽ ബി ജെ പിയുടെ താമര ചിഹ്നം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുളള സമാനമായ ഹർജിയിൽ മുംബയ് ഹൈക്കോടതിയിൽ വാദം നടന്നിരുന്നു. ദൈവികമായി കണക്കാക്കപ്പെടുന്ന താമര ഒരു പാർട്ടിക്ക് ചിഹ്നമാക്കി നൽകാനാവില്ലെന്നും രാജ്യത്തിന്റെ സംസ്‌കാരത്തിനും പൗരാണിക സങ്കൽപങ്ങൾക്കും നിരക്കാത്തതാണെന്നുമായിരുന്നു അന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നത്. മുപ്പത് വർഷം മുമ്പാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ബി ജെ പിക്ക് താമര ചിഹ്നമായി അനുവദിച്ചത്.