minister

തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പിൽ മന്ത്രി എ സി മൊയ്തീൻ ഏഴുമണിക്കുമുമ്പ് വോട്ടുചെയ്തെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ട്. പ്രിസൈഡിംഗ് ഓഫീസറുടെ വാച്ചിൽ ഏഴു മണിയായപ്പോഴാണ് വോട്ടിംഗ് തുടങ്ങിയത്. അതിനാൽ ചട്ടവിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന റിപ്പോർട്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് ജില്ലാ കളക്ടർ നൽകിയത്. മന്ത്രി 6.55 ന് വോട്ടുചെയ്തെന്നും ഇതിലൂടെതിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന ആരോപണവുമായി വടക്കാഞ്ചേരി എം എൽ എ അനിൽ അക്കരയാണ് രംഗത്തെത്തിയത്.

തൃശ്ശൂരിലെ തെക്കുംകര പനങ്ങാട്ടുകരയിലെ പോളിംഗ് ബൂത്തിലാണ് മന്ത്രി എ സി മൊയ്തീൻ വോട്ട് രേഖപ്പെടുത്താനെത്തിയത്. 6.40നാണ് മന്ത്രി വോട്ട്ചെയ്യാൻ ബൂത്തിലെത്തിയത്. എല്ലാ ഒരുക്കങ്ങളും പൂർത്തിയായപ്പോൾ ഉദ്യോഗസ്ഥർ ക്യൂവിൽ ആദ്യം നിന്ന മന്ത്രിയോട് വോട്ട്ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് മന്ത്രി വോട്ടുചെയ്തു. ബൂത്തിലുണ്ടായിരുന്ന പോളിംഗ് ഏജന്റുമാരുൾപ്പടെ ആരും എതിർത്തുമില്ല. അനിൽ അക്കരയുടെ പരാതി ഉയർന്നതോടെ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ തിരഞ്ഞെടുപ്പ് കമ്മിഷണർ കളക്ടറോട് ആവശ്യപ്പെടുകയായിരുന്നു.