
തിരുവനന്തപുരം: സ്വർണക്കടത്ത്, ബിനാമി കള്ളപ്പണ ഇടപാടുകളിൽ ചോദ്യം ചെയ്യലിനെത്താനുള്ള നോട്ടീസിനെ തുടർന്ന് മൂന്നാംവട്ടവും ആശുപത്രിയിൽ അഡ്മിറ്റായ സി.എം. രവീന്ദ്രന്റെ ആരോഗ്യസ്ഥിതി സൂക്ഷ്മമായി വിലയിരുത്തിയ ശേഷം കസ്റ്റഡിയിലെടുക്കുന്നത് ഉൾപ്പെടെ തുടർനടപടികൾക്ക് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നീക്കം തുടങ്ങി. മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറിയായ രവീന്ദ്രനെ പ്രവേശിപ്പിച്ചിട്ടുള്ള മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്ന് മെഡിക്കൽ ബോർഡ് യോഗം ചേരുന്നുണ്ട്. ഈ റിപ്പോർട്ടിനു ശേഷമാകും അനന്തര നടപടികൾ.
ചോദ്യംചെയ്യലിന് ഇന്നലെ കൊച്ചിയിൽ ഹാജരാകാനായിരുന്നു ഇ.ഡിയുടെ മൂന്നാമത്തെ നോട്ടീസ്.
തലവേദനയും ശാരീരികക്ഷീണവുമുണ്ടെന്നു പറഞ്ഞ് ബുധനാഴ്ച വൈകിട്ട് രവീന്ദ്രൻ ആശുപത്രിയിൽ അഡ്മിറ്റായി. അതിനിടെ ചോദ്യംചെയ്യലിന് രണ്ടാഴ്ചത്തെ സാവകാശം തേടി രവീന്ദ്രൻ ഇ.ഡിക്ക് കത്തു നൽകി. കഴുത്തിലെ ഡിസ്‌കിന്റെ തേയ്മാനം കാരണം വേദനയുണ്ടെന്നും എഴുന്നേറ്റു നിൽക്കാനാവില്ലെന്നുമുള്ള മെഡിക്കൽ ബുള്ളറ്റിനും സമർപ്പിച്ചിട്ടുണ്ട്.
എന്നാൽ, നോട്ടീസ് നൽകുമ്പോഴെല്ലാം രവീന്ദ്രൻ ആശുപത്രിയിൽ അഡ്മിറ്റാകുന്നതിൽ അസ്വാഭാവികതയുണ്ടെന്നാണ് ഇ.ഡിയുടെ വിലയിരുത്തൽ. നേരത്തേ, ആയുർവേദ ചികിത്സയിലായിരുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി നാലു ദിവസം തടഞ്ഞതോടെ അദ്ദേഹം പൊടുന്നനെ 'സുഖംപ്രാപിച്ച്' ഡിസ്ചാർജ് ആയത് ഇ.ഡി ചൂണ്ടിക്കാട്ടുന്നു.
ഈ സാഹചര്യത്തിലാണ് മെഡിക്കൽ കോളേജ് സൂപ്രണ്ടും നാല് വകുപ്പു മേധാവികളും അടങ്ങുന്ന മെഡിക്കൽ ബോർഡിന്റെ ഇന്നത്തെ റിപ്പോർട്ടിനു ശേഷം തുടർനടപടികളാകാമെന്ന ഇ.ഡി തീരുമാനം. റിപ്പോർട്ട് വിശ്വസനീയമല്ലെന്നു തോന്നിയാൽ പുതിയ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ നിർദ്ദേശിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് ഇ.ഡി കടക്കും. ഗുരുതരരോഗമില്ലെന്നു വ്യക്തമായാൽ ഡോക്ടർമാർക്കെതിരെ ക്രിമിനൽ ഗൂഢാലോചനയും വ്യാജരേഖ ചമയ്ക്കലും ഉൾപ്പെടെ വകുപ്പുകൾ ചുമത്തി കേസെടുക്കും.
സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണമെത്തുന്നതിന് തടയിടാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന പ്രതിപക്ഷ ആക്ഷേപം ശക്തമാകുന്നതിനിടെയാണ് രവീന്ദ്രന്റെ തുടർച്ചയായ ആശുപത്രി പ്രവേശം. രവീന്ദ്രന്റെ ആരോഗ്യസ്ഥിതി വിലയിരുത്താൻ എയിംസിൽ നിന്ന് വിദഗ്ദ്ധ സംഘത്തെ എത്തിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. കുറ്റാരോപിതർക്ക് ഒളിത്താവളമൊരുക്കുന്ന മെഡി. കോളേജ് സൂപ്രണ്ടിനെ ചോദ്യംചെയ്യണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും ആവശ്യപ്പെട്ടു.
നോട്ടീസും അസുഖവും
നവംബർ 6 ന് ആദ്യ നോട്ടീസ്. തലേന്ന് രവീന്ദ്രൻ കൊവിഡ് ബാധിച്ച് ആശുപത്രിയിലായി
കൊവിഡ് മുക്തനായി, ക്വാറന്റൈനും കഴിഞ്ഞപ്പോൾ രണ്ടാം നോട്ടീസ്. ശ്വാസതടസമുണ്ടെന്നു പറഞ്ഞ് വീണ്ടും അഡ്മിറ്റായി
വടകരയിൽ ബിനാമി സ്വത്തുക്കളെന്നു കരുതുന്ന ആറിടത്ത് ഇ.ഡി റെയ്ഡ് നടത്തിയതിനു പിന്നാലെ ഡിസ്ചാർജ്
10 ന് ഹാജരാകാൻ നോട്ടീസ് ലഭിച്ചതിനെ തുടർന്ന് തലേന്ന് ആശുപത്രിയിൽ.
ഇ.ഡിയുടെ സാദ്ധ്യത
പുതിയ മെഡിക്കൽ ബോർഡ് രൂപീകരിച്ച് രോഗവിവരം കൈമാറാൻ മെഡി. കോളേജ് സൂപ്രണ്ടിനോട് ഇ.ഡിക്ക് നിർദ്ദേശിക്കാം
ശ്രീചിത്രയിലേയോ സൈനിക ആശുപത്രിയിലെയോ ഡോക്ടർമാരെ ഉൾപ്പെടുത്തി മറ്റൊരു ബോർഡിനെ നിയോഗിക്കാം
ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെങ്കിൽ ആശുപത്രിയിൽ നിന്ന് കസ്റ്റഡിയിലെടുക്കാം. ആശുപത്രിയിൽ മൊഴിയെടുക്കാം
രവീന്ദ്രന് ഡിസ്‌ക് തകരാറു കാരണമുള്ള സ്‌പോണ്ടിലോസിസ് റാഡിക്കുലോപ്പതിയാണ്. ചികിത്സാകാലം ഡോക്ടർമാർ തീരുമാനിക്കും. നില മെച്ചപ്പെട്ടാൽ ഒരു സെക്കൻഡ് പോലും കിടത്തില്ല.
ഡോ.എം.എസ് ഷർമ്മദ്
മെഡി. കോളേജ് സൂപ്രണ്ട്