ks

കോഴിക്കോട്: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെതിരായ അന്വേഷണം വൈകിപ്പിക്കാൻ ആരോഗ്യവകുപ്പിന്റെ ഒത്താശയുണ്ടെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.ഇക്കാര്യത്തെക്കുറിച്ചറിയാൻ തി​രുവനന്തപുരം മെഡിക്കൽകോളേജ് സൂപ്രണ്ടിനെ ചോദ്യം ചെയ്യേണ്ട അവസ്ഥയാണെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

'എന്താണ് സി​ എം രവീന്ദ്രന്റെ അസുഖമെന്ന് ജനങ്ങളോട് പറയാൻ മെഡിക്കൽകോളേജ് സൂപ്രണ്ട് തയ്യാറാവണം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണത്തിൽ സ്പീക്കറുടെ വിശദീകരണം തൃപ്തികരമല്ല. നിയമസഭാ സ്പീക്കർ എന്ന നിലയിൽ എടുക്കേണ്ട കരുതലോ ജാഗ്രതയോ മര്യാദയോ അദ്ദേഹം പല കാര്യങ്ങളിലും പാലിച്ചിട്ടില്ല. കളളക്കടത്തുകാരെ താൻ സഹായിച്ചിട്ടില്ലെന്നാണ് സ്പീക്കർ പറയുന്നത്. സ്വർണക്കടത്തുകാരെ സഹായിച്ചുവെന്ന് തെളിഞ്ഞാൽ പൊതുജീവിതം അവസാനിപ്പിച്ച് ജനങ്ങളോട് മാപ്പുപറയാൻ ശ്രീരാമകൃഷ്ണൻ തയ്യാറാവുമോ? സ്പീക്കർക്ക് കേസുമായി ബന്ധം ഉണ്ടെന്നതിന് തെളിവുകളുണ്ട്. ഊരാളുങ്കൽ സൊസൈറ്റി​യുമായി​ ബന്ധപ്പെട്ട് നിയമസഭയ്ക്കുളളി​ലെ കാര്യങ്ങളി​ൽ അദ്ദേഹം വലി​യ അഴി​മതി​ നടത്തി​യി​ട്ടുണ്ട്. ഊരാളുങ്കൽ സൊസൈറ്റി​ സി​ പി​ എം നേതാക്കളുടെയും മന്ത്രി​മാരുടെയും അഴി​മതി​പ്പണം മറയ്ക്കുന്നതി​നുളള ഒരു മറയാണ്. വൈദഗ്ധ്യം ഇല്ലാത്ത മേഖലകളിൽ പോലും ഊരാളുങ്കലിന് ടെണ്ടർ നൽകുന്നു. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണിത്.' - കെ സുരേന്ദ്രൻ ആരോപിച്ചു.

സർക്കാരിന്റെ അഴിമതിക്കെതിരെ ശക്തമായ ജനവികാരം ഉണ്ടെന്നാണ് പോളിംഗ് ശതമാനം കാണിക്കുന്നത്. നിലവിലെ സാഹചര്യം ബി ജെ പി ക്ക് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു.