cpm

കോവളം: സി പി എം പ്രവർത്തകർ വീടു കയറി ആക്രമിച്ചതിനെ തുടർന്ന് പരിക്കേറ്റ സ്ത്രീയുടെ ഗർഭം അലസിയതായി പരാതി. വിഴിഞ്ഞം ടൗൺഷിപ്പ് കോളനിയിൽ വടുവച്ചാൽ സ്വദേശിനിയും കോൺഗ്രസിന്റെ ബൂത്ത്പ്രസിഡന്റുമായ ആരിഫ്ഖാന്റെ ഭാര്യ ഷീബയ്ക്കാണ് (30) പരിക്കേറ്റതിനെ തുടർന്ന് ഗർഭം അലസിയത്. ഒന്നരമാസം ഗർഭിണിയായിരുന്ന ഇവർ ഇപ്പോൾ തൈക്കാട് ആശുപത്രിയിൽ ചികിത്സയിലാണ്.

തദ്ദേശ തിരഞ്ഞെടുപ്പു ദിവസം രാത്രി ഏഴരയോടെയാണ് സംഭവം. ആളുകളെ പോളിംഗ് ബൂത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഉച്ചകഴിഞ്ഞ് മൂന്നോടെ വിഴിഞ്ഞത്ത് പി.ഡി.പി പ്രവർത്തകരും സി.പി.എം പ്രവർത്തകരുമായി ഉന്തും തള്ളും പിന്നീട് അടിപിടിയുമുണ്ടായി. വിഴിഞ്ഞം പൊലീസ് സ്ഥലത്തെത്തി പ്രശ്നം താത്കാലികമായി പരിഹരിച്ചു. സന്ധ്യയോടെ ഒരുസംഘം ആളുകൾ വിഴിഞ്ഞം ടൗൺഷിപ്പ് കോളനിയിലെ വടുവച്ചാലിലെത്തി കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾ അടിച്ചുതകർത്തു. ഇതിനിടെയാണ് അഞ്ചംഗസംഘം ഷീബയുടെ വീട്ടിലെത്തി ആക്രമണം നടത്തിയത്. വീട്ടിലെത്തിയ സംഘം ഷീബയോട് ഭർത്താവ് ആരിഫ്ഖാനെ അന്വേഷിച്ചു.

വീട്ടിലില്ലെന്ന് പറഞ്ഞപ്പോൾ അക്രമിസംഘം തന്റെ തോളത്ത് കൈകൊണ്ട് ഇടിച്ചു. തട്ടിമാറ്റിയ തന്നെ അസഭ്യം പറഞ്ഞ് പിടിച്ചുതള്ളിയപ്പോൾ തറയിൽ വയറിടിച്ചു വീണെന്നും ഷീബ പറഞ്ഞു.

വീഴ്ചയുടെ ആഘാതത്തിൽ വയറുവേദനയും തളർച്ചയും അനുഭവപ്പെട്ടു. രക്തസ്രാവമുണ്ടായതിനെ തുടർന്ന് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് സ്‌കാനിംഗ് നടത്തി. വിഴിഞ്ഞത്തെ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സ്‌കാൻ റിപ്പോർട്ട് കാണിപ്പോൾ ഗർഭസ്ഥ ശിശുവിന് ക്ഷതമേറ്റിട്ടുള്ളതിനാൽ തൈക്കാട് ആശുപത്രിയിലെത്തിക്കാൻ ഷീബയ്ക്ക് ഒപ്പമുണ്ടായിരുന്ന ബന്ധുക്കളോട് നിർദ്ദേശിച്ചു.

തുടർന്ന് തൈക്കാട് ആശുപത്രിയിലെത്തിച്ച് ഗർഭച്ഛിദ്രം നടത്തിയെന്ന് ഭർത്താവ് ആരിഫ്ഖാൻ പറഞ്ഞു. തൈക്കാട് ഗവ: ആശുപത്രിയിൽ ചികിത്സയിലുള്ള ഷീബ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് നടപടി തുടങ്ങിയതായി വിഴിഞ്ഞം പൊലീസ് അറിയിച്ചു.