
തിരുവനന്തപുരം : അടുത്ത ദിവസങ്ങളിൽ കേരളത്തിൽ ഉഗ്രശേഷിയുള്ളൊരു സ്‌ഫോടനത്തിന് സാദ്ധ്യതയേറെയാണ്. ബോംബ് സ്‌ഫോടനമൊന്നുമല്ല; ഒരാളുടെ മൊഴിയിൽ നിന്നുമുണ്ടാവുന്ന ഉഗ്രശേഷിയുള്ല വിസ്‌ഫോടനമാവുമത്. കോടികളുടെ കള്ളപ്പണവും കോഴയും ഡോളറാക്കി വിദേത്തേക്ക് കടത്തിയ കേസിൽ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നയെ കസ്റ്റംസ് ചോദ്യംചെയ്തപ്പോഴാണ് സംസ്ഥാനത്തെ അത്യുന്നതർക്കെതിരായ വിവരങ്ങൾ അവർ വെളിപ്പെടുത്തിയത്. സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴി മജിസ്‌ട്രേറ്റിനു മുന്നിൽ കസ്റ്റംസ് രേഖപ്പെടുത്തി. സ്വപ്നയുടെ രഹസ്യമൊഴി ലഭിക്കാനായി കസ്റ്റംസും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. മൊഴിപ്പകർപ്പ് കിട്ടുന്നതോടെ ഉന്നതരെ ചോദ്യംചെയ്യുന്ന നടപടികളിലേക്ക് കേന്ദ്രഏജൻസികൾ കടക്കും. ഇതോടെ ഉന്നതരുടെ മുഖം മൂടി അഴിഞ്ഞുവീഴും
ഉന്നതന് പിന്നാലെ നാല് മന്ത്രിമാരും
ഭരണഘടനാ പദവി വഹിക്കുന്ന സംസ്ഥാനത്തെ ഒരു ഉന്നതന് സ്വപ്നയുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കി മറിക്കുന്നത്. എന്നാൽ ഇതിന് പിന്നാലെ സിഡാകിന്റെ സഹായത്തോടെ അന്വേഷണ ഏജൻസികൾ വീണ്ടെടുത്ത ചാറ്റുകളിൽ സംസ്ഥാനത്തെ നാല് മന്ത്രിമാരുടെ പേരുവിവരങ്ങൾ അന്വേഷണ ഏജൻസിക്ക് ലഭിച്ചു എന്ന റിപ്പോർട്ട് ഒരു പ്രമുഖ മാദ്ധ്യമം പുറത്ത് വിട്ടിട്ടുണ്ട്. ഈ മന്ത്രിമാരുമായി സാമ്പത്തിക ഇടപാടുകൾ സ്വപ്ന നടത്തിയിരുന്നതായും തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഉന്നതർക്ക് കേസുമായി അടുത്ത ബന്ധമുണ്ടെന്ന തെളിവുകൾ ലഭിച്ചതോടെ കേന്ദ്ര അന്വേഷണ ഏജൻസികൾ ഡൽഹിയിലും നാട്ടിലും തിരക്കിട്ട കൂടിയാലോചനകളാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത്കുമാർ ഡൽഹിയിൽ പോയി കസ്റ്റംസ് ബോർഡുമായി ചർച്ച നടത്തിയിരുന്നു. ഇന്നു അദ്ദേഹം മടങ്ങിയെത്തിയ ശേഷമാകും അടുത്ത നടപടികളിലേക്ക് കടക്കുന്നത്.
സിഡാക്കിൽ ഡീകോഡ് ചെയ്ത് എടുത്ത ചാറ്റുകളുമായാണ് സ്വപ്നയെ കസ്റ്റംസ് ചോദ്യംചെയ്തപ്പോഴാണ് സംസ്ഥാനത്തെ അത്യുന്നതർക്കെതിരായ വിവരങ്ങൾ അവർ വെളിപ്പെടുത്തിയത്. ഈ മൊഴിപ്പകർപ്പ് മുദ്രവച്ച കവറിൽ കോടതിയിൽ ഹാജരാക്കിയപ്പോൾ മജിസ്‌ട്രേറ്റ് ഞെട്ടിപ്പോയി. വെറുതെ ഞെട്ടിയതു മാത്രമല്ല, അധികാരം ദുരുപയോഗപ്പെടുത്തിയ ഉന്നതരുടെ പേരു കണ്ട് തനിക്ക് ഞെട്ടലുണ്ടായെന്ന് വിധിന്യായത്തിൽ രണ്ടിടത്ത് മജിസ്‌ട്രേറ്റ് എഴുതിവച്ചു. വമ്പൻ സ്രാവുകളുടെ പേരുകൾ തന്റെ മുന്നിലുണ്ടെങ്കിലും രഹസ്യാത്മകത പുറത്താകുമെന്നതിനാൽ പേരുകൾ ഉത്തരവിൽ ഉൾപ്പെടുത്തുന്നില്ലെന്ന പരാമർശവും മജിസ്‌ട്രേറ്റ് വിധിയിൽ ഉൾപ്പെടുത്തി.
ഇതിനു പിന്നാലെ നാലുദിവസമെടുത്ത് സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴി മജിസ്‌ട്രേറ്റിനു മുന്നിൽ കസ്റ്റംസ് രേഖപ്പെടുത്തി. ബാഹ്യസമ്മർദ്ദമൊന്നുമില്ലാതെ മജിസ്‌ട്രേറ്റിനു മുന്നിൽ നൽകിയ മൊഴിയിൽ നിന്ന് ഇനി സ്വപ്നയ്ക്ക് പിന്മാറാനാവില്ല. രാഷ്ട്രീയ, സിനിമാ,ഉദ്യോഗസ്ഥ തലം എന്നീ മേഖലകളിലെ കള്ളപ്പണം ഡോളറാക്കി സ്വപ്നയും സംഘവും യു.എ.ഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് ചാനലിലൂടെ യു.എ.ഇയിലേക്ക് കടത്തിയ റിവേഴ്സ് ഹവാല ഇടപാട് വമ്പൻ കോളിളക്കമായി മാറും.
വമ്പൻ സ്രാവുകൾ ഉൾപ്പെട്ട ഇടപാടിനെക്കുറിച്ച് കസ്റ്റംസും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും സംയുക്തമായാണ് അന്വേഷിക്കുക. കോൺസുലേറ്റിലെ ഉന്നതരും നിരവധി വിദേശികളും പ്രതികളായേക്കുമെന്ന് സൂചനയുണ്ട്. മൂന്നുവർഷമായി സ്വപ്നയും സംഘവും റിവേഴ്സ് ഹവാലയിടപാട് നടത്തുന്നതായാണ് കണ്ടെത്തൽ. പഴുതടച്ച അന്വേഷണത്തിനാണ് കേന്ദ്രസർക്കാരിന്റെ നിർദ്ദേശം. ഏതു വമ്പനായാലും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് തുരങ്കം വയ്ക്കുന്നവരെ വെറുതെ വിടേണ്ടെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ.