kk-shailaja

തിരുവനന്തപുരം: കൊവിഡിന് പിന്നാലെ സംസ്ഥാനത്ത് പുതിയ ജനുസിൽപ്പെട്ട മലമ്പനി കണ്ടെത്തിയെന്ന ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ പ്രസ്‌താവന ജനങ്ങൾക്കിടയിൽ ആശങ്കയ്‌ക്ക് വഴിവച്ചിരിക്കുകയാണ്. എന്നാൽ കൊവിഡിന് സമാനമായി ആശങ്കയെക്കാൾ ഉപരിയായി ജാഗ്രത വേണമെന്നാണ് ആരോഗ്യവകുപ്പ് ജനങ്ങളെ ഓർമ്മിപ്പിക്കുന്നത്.

അപൂ‌ർവമായ പ്ലാസ്‌മോഡിയം ഓവേൽ എന്ന പുതിയ ജനുസിൽപ്പെട്ട മലമ്പനിയാണ് സംസ്ഥാനത്ത് കണ്ടെത്തിയിരിക്കുന്നത്. മലമ്പനി ലക്ഷണങ്ങളുമായി കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിയ ജവാനെ പരിശോധിച്ചപ്പോഴാണ് ഈ രോഗമാണെന്ന് വ്യക്തമായത്. യഥാസമയം കണ്ടെത്തി ചികിത്സിച്ചതിനാൽ പകരാതെ രോഗം തടയാനായെന്ന് മന്ത്രി വ്യക്തമാക്കി.

ജവാന് മാർഗരേഖ പ്രകാരമുളള സമ്പൂർണ ചികിത്സ നൽകുകയും ഉടൻ തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയും ചെയ്‌തതിനാൽ രോഗം മറ്റു‌ളളവരിലേക്ക് വ്യാപിക്കാതെ തടയാനായതായി മന്ത്രി പറയുന്നു.

Plasmodium ovale, a new genus of malaria, has been detected in the State. It was found in a soldier who was being treated at the District hospital in Kannur. The soldier had come from Sudan. The spread of the disease can be avoided with timely treatment and preventive measures.

— Shailaja Teacher (@shailajateacher) December 10, 2020

സാധാരണയായി ആഫ്രിക്കയിലാണ് പ്ലാസ്‌മോഡിയം ഓവേൽ രോഗാണു പരത്തുന്ന മലമ്പനി റിപ്പോർട്ട് ചെയ്‌ത് വരുന്നത്. സുഡാനിൽ നിന്ന് കേരളത്തിൽ എത്തിയ ജവാനിലാണ് ഇപ്പോൾ ഈ രോഗം സ്ഥിരീകരിച്ചത്. മറ്റ് മലമ്പനി രോഗങ്ങൾക്ക് സമാനമായ ചികിത്സയാണ് ഓവേൽ കാരണമാകുന്ന മലമ്പനിക്കും നൽകുന്നത്. കേരളത്തിൽ അപൂർവമായാണ് ഇത്തരം ജനുസിൽപ്പെട്ട മലമ്പനി റിപ്പോർട്ട് ചെയ്യുന്നത്. ഫാൽസിപ്പാരം ഉൾപ്പടെയുളള മലമ്പനിയുടെ അത്ര മാരകമല്ല ഓവേൽ കാരണമാകുന്ന മലമ്പനി.

പ്ലാസ്‌മോഡിയം വൈവാക്‌സ്, പ്ലാസ്‌മോഡിയം ഫാൽസിപ്പാരം, പ്ലാസ്‌മോഡിയം മലേറിയ, പ്ലാസ്‌മോഡിയം നോളസി, പ്ലാസ്‌മോഡിയം ഓവാലെ എന്നീ അഞ്ച് ഇനങ്ങളിലാണ് മലേറിയയ്ക്ക് കാരണമാകുന്ന പ്രോട്ടോസോവ സാധാരണയായി കണ്ടുവരുന്നത്. ഇവയിൽ പ്ലാസ്‌മോഡിയം വിവാക്സ്, പ്ലാസ്‌മോഡിയം ഫാൽസിപ്പാരം എന്നിവയാണ് ഇന്ത്യയിൽ ഏറ്റവും സാധാരണമായത്.

ഇന്ത്യയിൽ ആദ്യമായി കൊവിഡ് റിപ്പോർട്ട് ചെയ്‌തത് കേരളത്തിൽ തൃശൂർ ജില്ലയിലായിരുന്നു. ചൈനയിലെ വുഹാൻ സർവകലാശാലയിൽ നിന്നും മടങ്ങിയെത്തിയ വിദ്യാർത്ഥിക്കായിരുന്നു കൊവിഡ്. നിപാ വൈറസും രാജ്യത്ത് ആദ്യമായി പൊട്ടിപുറപ്പെട്ടത് കേരളത്തിൽ കോഴിക്കോടായിരുന്നു.