
സ്വന്തം കുടുംബം എല്ലാവർക്കും വളരെ പ്രധാനപ്പെട്ടതാണ്. പക്ഷെ ബെർലിനിലെ ഒരു ഫാഷൻ കമ്പനിയായ സലാൻഡോ സിഇയുടെ സി.ഇ.ഒയായ റൂബിൻ പീറ്റർക്ക് സ്വന്തം കുടുംബം വളരെയേറെ വിലപ്പെട്ടതാണ്. അതുകൊണ്ട് തന്നെ തനിക്ക് സംഭവിക്കുന്ന ശതകോടികളുടെ നഷ്‌ടം റൂബിൻ കാര്യമാക്കുന്നതേയില്ല. കമ്പനിയുടെ സി.ഇ.ഒയുടെ പദവിയിൽ നിന്ന് അടുത്ത വർഷം വിരമിക്കുകയാണ് റൂബിൻ. ശിഷ്‌ടകാലം തന്റെ കുട്ടികളെ നോക്കി കഴിയാനാണ് റൂബിൻ പീറ്റർ തീരുമാനിച്ചിരിക്കുന്നത്. തന്റെ ഭാര്യയുടെ കരിയർ സംരക്ഷിക്കാനാണ് ഈ തീരുമാനമെന്ന് റൂബിൻ പറഞ്ഞു. ഒരു കോടതിയിൽ ന്യായാധിപയാണ് റൂബിന്റെ ഭാര്യ. രണ്ടാമത്തെ കുട്ടിയെ വരവേൽക്കാൻ തയ്യാറായിരിക്കുകയാണ് ഈ ദമ്പതികൾ ഇപ്പോൾ.
'വളരുന്ന എന്റെ കുടുംബത്തിനായി കൂടുതൽ സമയം ഞാൻ നീക്കിവയ്‌ക്കാൻ പോകുന്നു. ഭാര്യയുടെ ജോലിക്കായിരിക്കും ഇനി പ്രാധാന്യം നൽകുക.' റൂബിൻ പീറ്റർ പറയുന്നു.38കാരനായ റൂബിന് ഈ തീരുമാനത്തിലൂടെ വർഷം സംഭവിക്കുക 112 മില്യൺ ഡോളറിന്റെ വരുമാന നഷ്‌ടമാണ്.
എന്നാൽ റൂബിന്റെ ഈ ത്യാഗം പബ്ളിസിറ്റി തട്ടിപ്പാണെന്ന് പറയുന്നവരുമുണ്ട്. സലാൻഡോ കമ്പനിയുടെ ബഹുഭൂരിപക്ഷം ഉപഭോക്താക്കളും വനിതകളാണ്. എന്നാൽ കമ്പനി ബോർഡ് അംഗങ്ങളിൽ അഞ്ചുപേരും പുരുഷന്മാരാണ്. 2023നകം ഈ പദവികളിൽ 40 ശതമാനം വനിതകളെ കൊണ്ടുവരാം എന്ന് കമ്പനി വിമർശകർക്ക് മറുപടി നൽകിയിരുന്നു.
എന്നാൽ ജർമ്മനിയിലെ കമ്പനികളിൽ ലിംഗനീതി പാലിക്കാത്ത ആദ്യ കമ്പനിയല്ല സലാൻഡോ. യൂറോപ്പിൽ ഏറ്റവും മോശം ലിംഗനീതിയുളള രാജ്യമാണ് ജർമ്മനി. രാജ്യത്തെ 160 വലിയ കമ്പനികളുടെ ഭരണസമിതികളിൽ വെറും 9.3 ശതമാനം മാത്രമാണ് വനിതകൾ. സിലിക്കൺ വാലിയിലെ കമ്പനികളെ പോലെ കമ്പനി പരിസരത്ത് തന്നെ കിന്റർഗാർഡണും,യോഗ സ്‌റ്റുഡിയോയും ബാസ്‌കറ്റ്ബോൾ കോർട്ടുമെല്ലാമുളള ഒരു കമ്പനിയാണ് സലാൻഡോ.