prathapan

തൃശൂർ: മന്ത്രി എ സി മൊയ്‌തീന് അനുകൂലമായി തിരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോർട്ട് സമർപ്പിച്ച തൃശൂർ ജില്ലാ കളക്‌ടർ‌ക്ക് എതിരെ ഗുരുതര ആരോപണവുമായി ടി എൻ പ്രതാപൻ എം പി. കളക്‌ടർ പച്ചക്കളളം പറയുകയാണെന്ന് പ്രതാപൻ ആരോപിച്ചു. എൽ ഡി എഫ് കൺവീനറെ പോലെയാണ് കളക്‌ടർ പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.

കളക്‌ടർ സ്ഥാനത്ത് നിശ്‌ചിത സമയത്തേക്ക് ഇരിക്കണമെങ്കിൽ മന്ത്രിയുടെ പിന്തുണ വേണം. പക്ഷെ ഏത് കാലത്തും ഈ മന്ത്രിമാരും മന്ത്രിസഭയും ആയിരിക്കില്ലെന്ന് സിവിൽ സർവീസ് ഉദ്യോഗസ്ഥൻമാർ ഓർക്കുന്നത് നല്ലതാണ്. ഭരണവും മാറും മന്ത്രിമാരും മാറും. കളക്‌ടർ തിരഞ്ഞെടുപ്പ് കമ്മിഷന് കീഴിലുളള ഉദ്യോഗസ്ഥനാണ്. കളക്‌ടറായി തൃശൂരിൽ തുടരാൻ വേണ്ടി വഴിവിട്ട എല്ലാ ആനുകൂല്യങ്ങളും നൽകുന്നതിന്റെ ഉപകാര സ്‌മരണയാണ് കളക്‌ടറുടെ റിപ്പോർട്ട്. ഇതിന് ഗുരുതരമായ പ്രത്യാഘാതം ഇന്നല്ലെങ്കിൽ നാളെ കളക്‌ടർ നേരിടേണ്ടി വരുമെന്നും പ്രതാപൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പിലെ രണ്ടാംഘട്ട പോളിംഗിൽ ഏഴ് മണിക്ക് മുമ്പ് മന്ത്രി എ സി മൊയ്‌തീൻ വോട്ട് രേഖപ്പെടുത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമെന്നായിരുന്നു തൃശൂർ ജില്ലാ കളക്‌ടർ തിരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ച റിപ്പോർട്ട്. മന്ത്രി വോട്ട് ചെയ്‌തതിൽ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രിസൈഡിംഗ് ഓഫീസറുടെ വാച്ചിൽ ഏഴ് മണിയായപ്പോഴാണ് വോട്ടിംഗ് തുടങ്ങിയത്. ചട്ടവിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

മന്ത്രി 6.55ന് വോട്ട് ചെയ്‌തെന്നായിരുന്നു കോൺഗ്രസ് ആരോപണം. തൃശൂരിലെ തെക്കുംകര പനങ്ങാട്ടുകരയിലെ പോളിംഗ് ബൂത്തിലാണ് മന്ത്രി എ സി മൊയ്‌തീൻ വോട്ട് രേഖപ്പെടുത്താനെത്തിയത്. സ്ഥിരമായി തിരഞ്ഞെടുപ്പിൽ തന്റെ ബൂത്തിലെ ആദ്യ വോട്ടറായി മന്ത്രി മാറാറുണ്ട്. ഇത്തവണയും ആദ്യം വോട്ട് രേഖപ്പെടുത്താൻ മന്ത്രി മൊയ്‌തീൻ ക്യൂവിലുണ്ടായിരുന്നു. രാവിലെ 6.40 ന് മന്ത്രി ബൂത്തിലെത്തി ക്യൂ നിന്നു. വരിയിലെ ഒന്നാമനും മന്ത്രിയായിരുന്നു. ഒരുക്കങ്ങൾ പൂർത്തിയായ ശേഷം പോളിംഗ് ഉദ്യോഗസ്ഥർ മന്ത്രിയോട് വോട്ട് രേഖപ്പെടുത്താൻ ആവശ്യപ്പെട്ടു. മന്ത്രി ബൂത്തിൽ കയറി വോട്ട് രേഖപ്പെടുത്തുകയും ചെയ്‌തു. പക്ഷെ പോളിംഗ് തുടങ്ങേണ്ട ഏഴ് മണിക്ക് പിന്നെയും മിനിറ്റുകൾ ബാക്കിയുണ്ടായിരുന്നു എന്നായിരുന്നു കോൺഗ്രസ് ആക്ഷേപം.