
തിരുവനന്തപുരം : സ്വർണക്കടത്ത്, ബിനാമി കള്ളപ്പണ ഇടപാടുകളിൽ ചോദ്യം ചെയ്യലിനെത്താനുള്ള നോട്ടീസിനെ തുടർന്ന് മൂന്നാംവട്ടവും ആശുപത്രിയിൽ അഡ്മിറ്റായ സി എം രവീന്ദ്രന് വേണ്ടി കാത്തിരിക്കാൻ ഇഡി തീരുമാനിച്ചതായി സൂചന. രവീന്ദ്രനെ ചോദ്യം ചെയ്യാൻ മുന്നിൽ കിട്ടുന്നതിന് മുൻപേ കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥർ ഈ സമയം വിനിയോഗിക്കുക. ആദ്യഘട്ടത്തിൽ ചോദ്യം ചെയ്യാൻ നോട്ടീസ് ലഭിച്ച രവീന്ദ്രൻ കൊവിഡ് ബാധിതനെന്ന് ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യലിന് എത്താതിരുന്നത്.
എന്നാൽ രണ്ടാമതും ഇഡി നോട്ടീസ് കിട്ടിയതോടെ മെഡിക്കൽ കോളേജിൽ അഡ്മിറ്റായ രവീന്ദ്രൻ കൊവിഡാനന്തര ബുദ്ധിമുട്ടുകളാണ് കാരണമായി നിരത്തിയത്. ഈ ഘട്ടത്തിൽ രവീന്ദ്രന് ബന്ധമുണ്ടെന്ന് കരുതുന്ന വടകരയിലുള്ള സ്ഥാപനങ്ങളിൽ പരിശോധന നടത്തുവാനാണ് ഇഡി മുതിർന്നത്. ഊരാളുങ്കൽ സഹകരണ സംഘത്തിലും ഇഡി സാന്നിദ്ധ്യം അറിയിച്ചിരുന്നു. ഇഡിയുടെ ഈ നീക്കത്തെ തുടർന്ന് ആശുപത്രി വാസം മതിയാക്കി ചോദ്യം ചെയ്യലിന് ഹാജരാകാം എന്ന നിലപാടിലേക്ക് രവീന്ദ്രൻ മാറിയിരുന്നു. എന്നാൽ മൂന്നാമത് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയത് തദ്ദേശ തിരഞ്ഞെടുപ്പ് ദിവസമായിരുന്നു. പതിവു പോലെ രവീന്ദ്രൻ മെഡിക്കൽ കോളേജിൽ ഹാജരാകുകയായിരുന്നു.
ചോദ്യം ചെയ്യലിന് വിളിക്കുമ്പോൾ ആശുപത്രിയിൽ അഭയം തേടുന്ന അടവ് നയം ഇഡിക്ക് ചിരപരിചിതമാണ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറും ഇതേ അടവാണ് പ്രയോഗിച്ചത്. എന്നാൽ ഇതിനെ പ്രതിരോധിക്കുവാൻ ഇഡി വർഷങ്ങളായി പയറ്റുന്ന തന്ത്രമുണ്ട്. ചികിത്സിക്കുന്ന ഡോക്ടർമാരോട് റിപ്പോർട്ട് ആവശ്യപ്പെടുകയാണ് ഇതിന്റെ ആദ്യ ഘട്ടം. മെഡിക്കൽ ബോർഡ് ചേർന്ന് നൽകുന്ന റിപ്പോർട്ടിന്റെ ആധികാരികത പരിശോധിക്കുന്നതിനായി
പുതിയ മെഡിക്കൽ ബോർഡ് രൂപീകരിച്ച് രോഗവിവരം കൈമാറാൻ മെഡി. കോളേജ് സൂപ്രണ്ടിനോട് ഇ.ഡിക്ക് നിർദ്ദേശിക്കാം. ഇതിനായി വിദഗ്ദ്ധരായ മറ്റു ഡോക്ടർമാരെ നിർദ്ദേശിക്കാനും ഇഡിക്ക് അധികാരമുണ്ട്. ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെങ്കിൽ ആശുപത്രിയിൽ നിന്ന് കസ്റ്റഡിയിലെടുക്കാനും അവിടെ വച്ച് മൊഴിയെടുക്കാനും ആവും. വ്യാജ രോഗത്തിന്റെ പേരിൽ ചികിത്സനൽകിയാൽ ഡോക്ടർമാരും കേസിൽ പെടും. ഇതിനാൽ തന്നെ ഇഡിക്കെതിരെ കളവ് ചമയ്ക്കുവാൻ ഡോക്ടർമാർ സാഹസപ്പെടാറില്ല.
തുടർച്ചയായി ചോദ്യം ചെയ്യലിൽ നിന്നും വിട്ടുനിൽക്കുന്ന രവീന്ദ്രന്റെ നീക്കം അദ്ദേഹത്തിന്റെ പാർട്ടിക്കും സർക്കാരിനും തലവേദനയാവുകയാണ്. പൊതുജനമദ്ധ്യത്തിൽ സംശയത്തിന്റെ നിഴലിന് തൂക്കം കൂടുകയാണ്. എന്നാൽ രവീന്ദ്രനെ സംബന്ധിച്ചിടത്തോളം കാത്തിരിക്കാമെന്ന നിലപാടിലേക്ക് ഇഡി പോകുമ്പോൾ അദ്ദേഹത്തിനെതിരെ തെളിവുശേഖരണവും രഹസ്യാന്വേഷണവും സമാന്തരമായി നടക്കുന്നു. ആരോഗ്യ ശ്രീമാനായി ഇഡി നീട്ടുന്ന കസേരയിൽ ഒരുനാൾ ഇരിക്കുമ്പോൾ രവീന്ദ്രൻ കൂടുതൽ വിയർക്കേണ്ടിവരും എന്ന് അർത്ഥം.