
കണ്ണൂർ: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാജ്യസഭാ എം പിയും സിനിമാ താരവുമായ സുരേഷ് ഗോപി. സംസ്ഥാനത്തെ സർക്കാരും പ്രതിപക്ഷവും ഒരുപോലെ പരാജയമാണ്. സർക്കാർ വിശ്വാസികളെ വിഷമിപ്പിച്ചു. ഈ സർക്കാരിനെ ഒടുക്കിയേ മതിയാകൂ. ഇവരെ കാലിൽ തൂക്കി കടലിൽ കളയണമെന്നും സുരേഷ് ഗോപി കണ്ണൂരിൽ പറഞ്ഞു.
രാജ്യം ഇതുവരെ കാണാത്ത വൃത്തികെട്ട ഭരണമാണ് പിണറായി സർക്കാരിന്റെ ഭരണമെന്ന് സുരേഷ് ഗോപി പറഞ്ഞു. നെറികേട് കാണിച്ച ഈ സർക്കാരിനെ പ്രതിരോധിക്കാൻ പ്രതിപക്ഷത്തിന് സാധിക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒന്നാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ സുരേഷ് ഗോപി അന്ന് ഉച്ചയ്‌ക്ക് മുമ്പ് തന്നെ എല്ലാവരും പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്‌തിരുന്നു. ഉച്ചയ്‌ക്ക് ശേഷം കിംവദന്തികൾ പരത്താൻ ചില ജാരസംഘങ്ങൾ ഇറങ്ങിയിട്ടുണ്ടെന്നായിരുന്നു താരത്തിന്റെ പ്രതികരണം.
തന്റെയടുത്ത് ആവശ്യങ്ങളുമായി എത്തുന്നവർ ബി ജെ പി ജില്ലാ പ്രസിഡന്റിന്റെ ശുപാർശ കൂടി കൊണ്ടുവരണമെന്ന വിവാദ പ്രസ്‌താവനയും സുരേഷ് ഗോപി ഈ തിരഞ്ഞെടുപ്പ് കാലത്താണ് നടത്തിയത്. ജില്ലാ പ്രസിഡന്റുമാരുടെ കത്തുമായി വരാത്ത ആർക്കും താൻ യാതൊരു സഹായവും ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് പ്രചാരണം നടത്തവെ യു ഡി എഫ് - എൽ ഡി എഫ് സ്ഥാനാർത്ഥികൾ മലിനമാണെന്ന പരാമർശവും സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു.