bill-gates

ന്യൂഡൽഹി: കൊവിഡ് രോഗത്തെ കുറിച്ചുള‌ള പഠനങ്ങൾക്കും വാക്‌സിൻ വികസനത്തിനും ജീവൻ രക്ഷാ വസ്‌തുക്കളുടെ മതിയായ വിതരണത്തിനും ഏകദേശം 250 മില്യൺ ഡോളർ സംഭാവന നൽകിയിരിക്കുകയാണ് ശതകോടീശ്വരൻ ബിൽഗേ‌റ്റസും ഭാര്യ മെലിൻഡയും നയിക്കുന്ന ബിൽ ആന്റ് മെലിൻഡ ഗേ‌റ്റ്‌സ് ഫൗണ്ടേഷൻ.

രോഗം കണ്ടെത്തി പന്ത്രണ്ട് മാസത്തിനകം അതിന് പ്രതിവിധിയായി വാക്‌സിൻ കണ്ടെത്തി എന്നത് വളരെ വലിയ കാര്യമാണെന്ന് അഭിപ്രായപ്പെടുന്നു ബിൽഗേ‌റ്റ്സ്. ഗവേഷണ രംഗത്തെ മികവാണത് പക്ഷെ മറ്റ് തരത്തിലുള‌ള മരുന്നുകൾ വികസിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. കൊവിഡ് വാക്‌സിനുകൾ ലോകത്തെ സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിലാണ് ആദ്യം ലഭിക്കുക. സാമ്പത്തികമായി പിന്നിലുള‌ള രാജ്യത്ത് വാക്‌സിൻ ലഭിക്കുക വളരെ മെല്ലെയാകും. സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിൽ പോലും സമ്പന്നർക്കാണ് വാക്‌സിൻ ആദ്യം ലഭിക്കുക. എന്നാൽ മുൻപത്തെക്കാളേറെ രോഗങ്ങൾക്കുള‌ള വാക്‌സിനുകൾ നിർമ്മിക്കാനുള‌ള ഫാക്‌ടറികൾ ലോകമാകെ ഉയരുമെന്നത് നല്ല കാര്യമായാണ് ബിൽ ‌ഗേ‌റ്റ്സ് കാണുന്നത്.

അടുത്ത വർഷം ആദ്യം നിരവധി വാക്‌സിനുകൾക്ക് അനുമതി ലഭിക്കും. വർഷം പകുതിയോടെ സമ്പന്ന രാജ്യങ്ങളിൽ വാക്‌സിൻ ലഭ്യമാകും. 2022 ആരംഭത്തോടെ വാക്‌സിൻ വിതരണം പൂർ‌ത്തിയാക്കി ലോകം പഴയതുപോലെയായിത്തീരുമെന്നാണ് ബിൽ ഗേ‌റ്റ്സ് പ്രതീക്ഷിക്കുന്നത്. 2021 ആരംഭത്തോടെ സമ്പന്ന ലോകങ്ങളിൽ ജീവിതം ഏതാണ്ട് സാധാരണപോലെയാകും. എന്നാൽ ഇവിടെയും മാസ്‌ക് ഉപയോഗിക്കുന്നത് തുടരേണ്ടി വരും. ഓസ്‌ട്രേലിയ,സിംഗപൂർ,ഹോങ്‌കോംഗ്,ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ ടൂറിസം കൊണ്ട് വരുമാനം നേടുന്ന രാജ്യങ്ങളാണ്. ഇവർ കൊവിഡ് അണുബാധയ്ക്കെതിരെ കർശന നിലപാടെടുക്കണം. ലോകത്തിലെ ദരിദ്ര രാജ്യങ്ങളിൽ പ്രത്യേകിച്ച് ആഫ്രിക്കയിലെ ചില രാജ്യങ്ങളിൽ കൊവിഡ് വ്യാപകമായി പിടിപെട്ടിട്ടില്ല. ഇവിടങ്ങളിൽ യുവജനങ്ങൾ ജനസംഖ്യയിൽ കൂടുതലാണ്. എന്നിട്ടും അവിടെ രോഗം വ്യാപകമല്ല എന്നത് അത്ഭുതാവഹമാണ്. ഇവിടെ വിദ്യാഭ്യാസത്തിലും ജോലിയിലും തകർച്ച നേരിട്ടു എന്നാൽ ആരോഗ്യ കാര്യങ്ങളിൽ പ്രതീക്ഷിച്ച കുഴപ്പങ്ങളുണ്ടായിട്ടില്ലെന്നും ബിൽഗേ‌റ്റ്സ് പറയുന്നു.