
തിരുവനന്തപുരം: കൊവിഡാനന്തര ചികിത്സയുടെ പേരിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇന്ന് ഡിസ്‌ചാർജ് ചെയ്യും. മെഡിക്കൽ ബോർഡ് യോഗം ചേർന്നാണ് തീരുമാനമെടുത്തത്. രവീന്ദ്രന് ഒരാഴ്‌ച വിശ്രമം വേണമെന്നാണ് മെഡിക്കൽ ബോർഡ് നിർദ്ദേശിച്ചിരിക്കുന്നത്.
സ്വർണക്കടത്ത് കേസിലും ഇതുമായി ബന്ധപ്പെട്ട ബിനാമി, കളളപ്പണ ഇടപാടുകളുളള മറ്റ് കേസുകളിലും ചോദ്യം ചെയ്യാൻ ഇ.ഡി രവീന്ദ്രന് നോട്ടീസ് നൽകിയിരുന്നു. നവംബർ 6ന് ആയിരുന്നു ആദ്യം നോട്ടീസ് നൽകിയത്. എന്നാൽ കൊവിഡ് ബാധിച്ച് ഇതിനു തലേനാൾ രവീന്ദ്രൻ ആശുപത്രിയിൽ അഡ്‌മിറ്റായി. തുടർന്ന് രോഗമുക്തി നേടി ക്വാറന്റൈനിലായിരുന്നപ്പോൾ വീണ്ടും നോട്ടീസ് നൽകി. പക്ഷെ ശ്വാസ തടസമുണ്ടെന്ന് കാട്ടി രവീന്ദ്രൻ വീണ്ടും മെഡിക്കൽ കോളേജിൽ അഡ്‌മിറ്റായി. തുടർന്ന് നവംബർ 10ന് മൂന്നാമത് ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും മൂന്നാമതും കൊവിഡ് അസ്വസ്ഥതകളെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സ തേടി.
എന്നാൽ നോട്ടീസ് ലഭിക്കുമ്പോഴെല്ലാം രവീന്ദ്രൻ ചികിത്സ തേടുന്നതിൽ അസ്വാഭാവികതയുണ്ടെന്ന് ഇ.ഡി സംശയിക്കുന്നു. മുൻപ് ശിവശങ്കർ ആയുർവേദ ചികിത്സയിലായിരിക്കെ അറസ്‌റ്റ് ചെയ്യുന്നത് നാല് ദിവസം ഹൈക്കോടതി തടഞ്ഞപ്പോൾ ഉടൻ ഡിസ്‌ചാർജായത് ഇ.ഡി സംശയ കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. തലവേദനയും ശരീരവേദനയും കാരണം ആശുപത്രിയിൽ മൂന്നാമതും ചികിത്സ തേടിയ രവീന്ദ്രൻ ബുധനാഴ്‌ച ചോദ്യം ചെയ്യലിന് സാവകാശം തേടി ഇ.ഡിയ്ക്ക് കത്ത് നൽകിയിരുന്നു. കഴുത്തിലെ ഡിസ്‌കിന്റെ തേയ്‌മനം കാരണം എഴുന്നേറ്റ് നിൽക്കാനാകില്ലെന്നായിരുന്നു കാരണമായി പറഞ്ഞത്. ഇന്ന് മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് വിശ്വാസ യോഗ്യമല്ലെന്ന് തോന്നിയാൽ പുതിയ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ആവശ്യപ്പെടുന്നതിനായിരുന്നു ഇ.ഡിയുടെ തീരുമാനം. വലിയ രോഗമില്ലെങ്കിൽ മെഡിക്കൽ ബോർഡിലെ ഡോക്‌ടർമാർക്കെതിരെ കേസെടുക്കാനുമായിരുന്നു ഇ.ഡി ആലോചിച്ചിരുന്നത്.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം വരുന്നത് തടയാനാണ് രവീന്ദ്രൻ ആശുപത്രിയിൽ ചികിത്സ തേടിയതെന്ന് പ്രതിപക്ഷം ആരോപിക്കുന്നുമുണ്ട്.