
കണ്ണൂർ: രണ്ടാം ക്ലാസുകാരനായ മുഹമ്മദ് മാസിനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുളള സംഭാഷണമാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ. സ്‌കൂൾ തുറക്കണോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് മാസ് മറുപടി നൽകിയിരിക്കുകയാണ് രണ്ടാം ക്ലാസുകാരനായ മുഹമ്മദ് മാസിൻ. ചക്കരക്കല്ലിൽ സി പി എം അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റി ഓഫിസിൽ തിരഞ്ഞെടുപ്പ് പ്രവർത്തന അവലോകനത്തിനെത്തിയ മുഖ്യമന്ത്രി യോഗം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ കാണാനായി കാത്തു നിൽക്കുകയായിരുന്നു മാസിൻ.
മുഖ്യമന്ത്രിയുടെ ഗൺമാന്റെ അരികിലായിരുന്നു മുഹമ്മദ് മാസിൻ നിന്നിരുന്നത്. പുറത്തിറങ്ങിയ മുഖ്യമന്ത്രി 'നല്ല മാസ്‌കാണല്ലോ'യെന്ന് മാസിനോട് കുശലം ചോദിച്ചു. മുഖ്യമന്ത്രിയെ കാണാനായി കാത്തുനിൽക്കുകയാണെന്ന് ഗൺമാൻ പറഞ്ഞപ്പോൾ കുനിഞ്ഞ് ഏതു ക്ലാസിലാണെന്നായി മുഖ്യമന്ത്രിയുടെ ചോദ്യം. സ്‌കൂളില്ലല്ലോയെന്ന് കുട്ടി. പിന്നെയും ചോദിച്ചപ്പോൾ രണ്ടാം ക്ലാസിലെന്ന് മറുപടി. ഓൺലൈൻ ക്ലാസിനെപ്പറ്റിയും പരീക്ഷയെ കുറിച്ചുമൊക്കെയായിരുന്നു മുഖ്യമന്ത്രിയുടെ അടുത്ത ചോദ്യങ്ങൾ.ഒടുവിലാണ് വിഷയം സ്‌കൂൾ തുറക്കലിലേക്ക് എത്തിയത്.
ഉടനെ സ്‌കൂൾ തുറക്കണോയെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. തലയാട്ടിക്കൊണ്ട് വേണമെന്ന് മാസിന്റെ മറുപടി. ഈ വർഷം തുറക്കണോ എന്ന് പിണറായി ചോദിച്ചപ്പോൾ വേണ്ടെന്ന് മാസിൻ പറഞ്ഞതോടെ ശരിയെന്ന് പറഞ്ഞ് ചിരിച്ചുകൊണ്ട് മുഖ്യമന്ത്രി നടന്നുനീങ്ങി.
അഞ്ചരക്കണ്ടി പാളയത്തെ മാപ്പിള എൽ പി സ്‌കൂൾ വിദ്യാർത്ഥിയായ മുഹമ്മദ് മാസിൻ ബാവോട് ദാറുൽഹുദയിലെ തൗഫീഖിന്റെ മകനാണ്.