tangail-airdrop

ധാക്ക : വൈകുന്നേരം സൂര്യൻ അസ്തമിക്കാനൊരുങ്ങവെ അരുണശോഭയിൽ കിഴക്കൻ പാകിസ്ഥാനിലെ നാട്ടുകാർ ആകാശത്ത് ആ അദ്ഭുത കാഴച കണ്ടു. അതിവേഗം പറന്നടുക്കുന്ന ഭീമൻ വിമാനങ്ങളിൽ നിന്നും വിടർന്നിറങ്ങുന്ന പാരച്യൂട്ടുകളായിരുന്നു അത്. ആകാശം നിറയെ പാരച്യൂട്ടുകൾ മെല്ലെ മെല്ലെ പറന്ന് താഴെ ഇറങ്ങി. ആയുധധാരികളായ ഇന്ത്യൻ സൈനികർ നിലം തൊട്ടപ്പോൾ സ്വന്തം രാജ്യത്ത് ഇറങ്ങിയ പ്രതീതിയായിരുന്നു. പാകിസ്ഥാന്റെ കിരാത അടിച്ചമർത്തൽ ഭരണത്തിൽ നിന്നും തങ്ങളെ രക്ഷിക്കാനെത്തിയ ഇന്ത്യൻ സൈനികരെ സ്‌നേഹം കൊണ്ട് വീർപ്പ് മുട്ടിക്കുകയായിരുന്നു നാട്ടുകാർ. എന്നാൽ ഈ സാഹസിക കൃത്യത്തിന് പിന്നിൽ ഇന്ത്യൻ സൈനികർക്ക് കൃത്യമായ ഒരു പദ്ധതിയുണ്ടായിരുന്നു. അതിനായി അവർ ഞൊടിയിടയിൽ തയ്യാറായി.

ടാൻഗയിൽ എയർ ഡ്രോപ്പ്

1971 ലെ ഇന്തോ പാകിസ്താൻ യുദ്ധത്തിൽ ഇന്ത്യയ്ക്ക് നിർണായക ജയം കൈവരിക്കാൻ സഹായിച്ച ഓപ്പറേഷനായിരുന്നു ടാൻഗയിൽ എയർ ഡ്രോപ്പ്. ഡിസംബർ 11 ന് ഇന്ത്യൻ വായുസേനയുടെ അമ്പതോളം വിമാനങ്ങളിൽ എഴുന്നൂറോളം പാരട്രൂപ്പേഴ്സാണ് ഓപ്പറേഷനിൽ പങ്കെടുത്തത്. ഇന്ത്യൻ സൈന്യത്തിന്റെ രണ്ടാം പാരച്യൂട്ട് റെജിമെന്റിന്റെ മുന്നണിപോരാളികളായിരുന്നു ഇതിൽ പങ്കെടുത്തത്. ജമുന നദിയിൽ പൂഗ്ളി പാലം പിടിച്ചെടുക്കുക,​ അതിലൂടെ ധാക്ക ലക്ഷ്യമാക്കി വരുന്ന പാകിസ്ഥാൻ സൈന്യത്തിന്റെ സപ്‌ളൈ ലൈൻ മുറിക്കുക ഈ ഒരൊറ്റ എന്നാൽ ഭാരിച്ച ദൗത്യവും പേറിയാണ് വിണ്ണിൽ നിന്നും ഇന്ത്യൻ ധീരൻമാർ പറന്നിറങ്ങിയത്. യുദ്ധോപകരണങ്ങളും, പീരങ്കികളും, ജീപ്പുകളും വിമാനത്തിൽ നിന്നും ഇവിടെ ഇറക്കിയിരുന്നു. ഇതെല്ലാം യുദ്ധമുന്നണിയിലേക്ക് മാറ്റുന്നതിന് തദ്ദേശവാസികളുടെ സഹായവും ഇന്ത്യൻ സൈനികർക്ക് ആവോളം ലഭിച്ചിരുന്നു. വൈകുന്നേരം നാലരയോടെ വടക്കൻ ധാക്കയിലെ ടാൻഗയിൽ ലാന്റ് ചെയ്ത ഇന്ത്യൻ സൈന്യം കേവലം മൂന്ന മണിക്കൂറിനകം അവരെ ഏൽപ്പിച്ചിരുന്ന ദൗത്യം ഭംഗിയായി നിർവഹിച്ചു. ഇന്ത്യൻ പട്ടാളം ഇതു വരെ നടത്തിയിട്ടുള്ളതിൽ വച്ച് ഏറ്റുവും വലിയ എയർ ഡ്രോപ്പായിരുന്നു ടാൻഗയിലേത്.


പാക് സൈന്യം എതിരേറ്റത് ആർപ്പു വിളികളോടെ

ടാൻഗയിൽ എയർ ഡ്രോപ്പിൽ അഞ്ചു പ്രാവശ്യമായി ഉദ്ദേശം അയ്യായിരം ഇന്ത്യൻ സൈനികർ ഇറങ്ങിയെന്നാണ് ബി ബി സി അടക്കമുള്ള മാദ്ധ്യമങ്ങളിൽ റിപ്പോർട്ടായി വന്നത്. എന്നാൽ നിലം തൊടും വരെ ഒരു ഇന്ത്യൻ സൈനികനും പാക് സൈനികരുടെ എതിർപ്പ് നേരിടേണ്ടി വന്നില്ല. അതിനുള്ള ഒരു പ്രധാന കാരണം പാകിസ്ഥാന് പറ്റിയ ഒരു അബദ്ധമായിരുന്നു. തങ്ങളെ സഹായിക്കുവാൻ ചൈന സൈന്യത്തെ അയക്കും എന്നൊരു ഉറപ്പ് പാകിസ്ഥാൻ ഭരണകൂടത്തിന് ലഭിച്ചിരുന്നു. വലിയ അളവിലുള്ള എയർ ഡ്രോപ്പിംഗ് കണ്ട് അത് തങ്ങളെ സഹായിക്കാനെത്തിയ ചൈനീസ് ഭടൻമാരാണെന്ന് കരുതി സന്തോഷിക്കുകയായിരുന്നു അവർ. എന്നാൽ നിലം തൊട്ട ഇന്ത്യൻ സൈനികർ ആക്രമണം ആരംഭിച്ചതോടെ ശത്രുക്കളാണ് തങ്ങളുടെ മുന്നിലൂടെ പറന്നിറങ്ങിയതെന്ന് അവർക്ക് മനസിലായി.

indian-army

ജാമുന നദിയിൽ പൂങ്ലി പാലം പിടിച്ചെടുക്കുക എന്ന ഭാരിച്ച ദൗത്യം പൂർത്തീകരിച്ച ഇന്ത്യൻ പാര റെജിമെന്റിലെ ധീര സൈനികർ വൈകാതെ ധാക്കയിലേക്ക് മാർച്ച് ചെയ്തു. റോഡിന് ഇരുവശത്ത് നിന്നും അവരെ മുദ്രാവാക്യം വിളികളോടെ നാട്ടുകാർ സ്വാഗതം ചെയ്തു. ഇന്ത്യയുടെ മിന്നലാക്രണം പാക് സൈനികരുടെ സമനില തെറ്റിക്കുന്നതായിരുന്നു. വൈകാതെ ഇന്ത്യയ്ക്ക് മുന്നിൽ അടിയറവ് പറഞ്ഞ പാക് സൈന്യം തോൽവിയുടെ ഒരു പാഠം കൂടി ഇന്ത്യയുടെ കൈയ്യിൽ നിന്നും ഏറ്റുവാങ്ങി.

#Remembering1971 #TheAirWar
Tangail Airborne Assault
On 11 Dec, a fleet of six An-12s, 20 Packets & 22 Dakotas paradropped a battalion group of 800 personnel & equipment including 12 jeeps at Tangail. The paradropped forces were among the first Indian troops to enter Dhaka. pic.twitter.com/GNPfFu43wY

— Indian Air Force (@IAF_MCC) December 11, 2020