
തിരുവനന്തപുരം: ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലല്ല വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് താൻ ആരോപണങ്ങൾ ഉന്നയിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവെന്ന നിലയിലുളള ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് അഴിമതികൾ വെളിച്ചത്തുകൊണ്ടുവന്നതെന്നും ഉന്നയിച്ച കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നു എന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
'നിയമസഭയെ മലീമസമാക്കുന്ന ധൂർത്തും അഴിമതിയും ഉണ്ടാവരുത്. ജനാധിപത്യത്തിന്റെ സാദ്ധ്യതകൾ ഉപയോഗിച്ച് കൊള്ളയാണ് ഇവിടെ നടക്കുന്നത്. ട്രിവാൻഡ്രം ഡിക്ലറേഷൻ ഉണ്ടാക്കാൻ കഴിഞ്ഞത് വലിയ നേട്ടമായി സ്പീക്കർ ഉയർത്തിക്കാട്ടുന്നു. അത് അയച്ചുകൊടുത്തപ്പോൾ 9 നിയമസഭകളിൽ നിന്ന് സ്പീക്കൾക്ക് ക്ഷണവും കിട്ടിയത്രേ. പക്ഷേ, അതിന് ചെലവാക്കേണ്ടിവന്നത് രണ്ടേകാൽ കോടി രൂപയാണ്.ഫെസ്റ്റിവൽ ഒഫ് ഡെമോക്രസി നടത്തിയത് . ലോക കേരള സഭയിലെ അംഗങ്ങൾക്ക് ഇരിക്കാൻ അവരുടെ അന്തസിന് ചേർന്ന കസേര വേണമെന്നാണ് സ്പീക്കർ പറയുന്നത്. പാവപ്പെട്ടവരുടെയും തൊഴിലാളികളുടെയും പാർട്ടിയുടെ നേതാവ് തന്നെയാണോ ഇത് പറയുന്നത്. 2019ലെ പ്രളയ സമയത്താണ്. കൊച്ചുകുട്ടികൾ പോലും കുടുക്കപൊട്ടിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമ്പോഴാണ് ഫെസ്റ്റിവൽ ഒഫ് ഡെമോക്രസിയുടെ പേരിൽ കോടികൾ ചെലവഴിച്ചത്. ആറ് പദ്ധതികൾ പ്ളാൻ ചെയ്തെങ്കിലും അതിൽ രണ്ടെണ്ണമേ നടത്താൻ കഴിഞ്ഞുളളൂ. രണ്ടെണ്ണം നടത്തിയപ്പോൾത്തന്നെ രണ്ടേകാൽ കോടിയാണ് ചെലവായത്. ആറെണ്ണവും നടന്നിരുന്നെങ്കിൽ കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു'-ചെന്നിത്തല പരിഹസിച്ചു.
'ഫെസ്റ്റിവൽ ഒഫ് ഡെമോക്രസി പദ്ധതി അവസാനിച്ചിട്ട് ഏതാണ്ട് രണ്ടുവർഷമായി. പക്ഷേ, അതിന്റെ പേരിൽ കരാർ അടിസ്ഥാനത്തിൽ നിയമിച്ച ജീവനക്കാർ ഇപ്പോഴും ഒരു ജോലിയും ചെയ്യാതെ മുപ്പതിനായിരം രൂപവരെ ശമ്പളം വാങ്ങുന്നുണ്ട്. കഴിഞ്ഞ സെപ്തംബർ വരെ ഈ ജീവനക്കാർക്ക് ശമ്പളം കൊടുക്കാനായി 21.6 ലക്ഷം രൂപയാണ് ചെലവായത്. നവീകരിച്ച ശങ്കരനാരായണൻ തമ്പി ഹാൾ മറ്റാവശ്യങ്ങൾക്ക് കൊടുക്കുമെന്നാണ് സ്പീക്കർ പറയുന്നത്. നിയമസഭയുമായി ബന്ധപ്പെട്ട് അതീവ സുരക്ഷയുളള ഒരു ഹാൾ എങ്ങനെയാണ് പൊതുജനങ്ങൾക്ക് വിട്ടുകൊടുക്കുമെന്ന് സ്പീക്കൾ പറയുന്നത് എങ്ങനെയെന്ന് വ്യക്തമല്ല. '-ചെന്നിത്തല പറഞ്ഞു.
നിയമസഭാ ടിവിയുടെ ചീഫ് കൺസൾട്ടന്റ് തിരുവനന്തപുരത്ത് വരുമ്പോൾ തങ്ങുന്നതിന് മാത്രമായി 25,000 രൂപ പ്രതിമാസ വാടകയ്ക്ക് ഫ്ളാറ്റ് എടുത്ത ധൂർത്ത് സ്പീക്കർ ശരിവച്ചതായി പറഞ്ഞ ചെന്നിത്തല എം എൽ എ ഹോസ്റ്റലിൽ മുൻ സമാജികർക്കുള്ള മുറികൾ ഒഴിഞ്ഞു കിടക്കുമ്പോഴാണ് ഈ ധൂർത്തെന്നും ചൂണ്ടിക്കാട്ടി. നിയമസഭാ മന്ദിരത്തിന്റെ മൊത്തം നിർമ്മാണച്ചെലവ് 76 കോടി രൂപയാണ്. എന്നാൽ കഴിഞ്ഞ നാലരവർഷത്തിനിടയിൽ 100 കോടിയിലേറെ രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളും ആഘോഷങ്ങളും നടത്തിയെന്നും അദ്ദേഹം പറഞ്ഞു.