
ന്യൂഡൽഹി: ഓരോ സാമ്പത്തിക വർഷത്തിന്റെ അവസാനവും വിവിധ പദ്ധതികൾക്കായി സർക്കാർ അനുവദിച്ച തുകയുടെ നിശ്ചിത ശതമാനം ബാക്കിയുണ്ട് എന്നുളള വാർത്തയാണ് നാം പതിവായി കേൾക്കാറ്. എന്നാൽ ഇത്തവണ ആ വാർത്തയ്‌ക്ക് ഒരു സാദ്ധ്യതയുമില്ല. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ പ്രവർത്തികൾക്കായി കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയത്തിന് ധനമന്ത്രാലയം അനുവദിച്ച തുകയിൽ ബഹുഭൂരിപക്ഷവും നടപ്പ് സാമ്പത്തിക വർഷം ചിലവായിക്കഴിഞ്ഞു. ആകെ 84,900 കോടിയാണ് ധനമന്ത്രാലയം അനുവദിച്ചത്. ഇതിൽ 76,800 കോടി ചിലവായി. ആകെ അനുവദിച്ച തുകയുടെ 10 ശതമാനം മാത്രമാണ് ഇനി ബാക്കിയുളളത്.
2019 നവംബർ മാസം വരെ 50000 കോടി രൂപയായിരുന്നു തൊഴിലുറപ്പ് പദ്ധതികൾക്കായി ചിലവഴിച്ചിരുന്നത്. എന്നാൽ ബഡ്‌ജറ്റ് വിഹിതമായി അനുവദിച്ചതിന് പുറമെ 12 ശതമാനം കൂടി ഈ വർഷം മന്ത്രാലയം തൊഴിലുറപ്പ് പദ്ധതികൾക്ക് അനുവദിച്ചിരുന്നു. എല്ലാ കേന്ദ്ര മന്ത്രാലയങ്ങളെക്കാളും ഏറ്റവുമധികം കേന്ദ്രവിഹിതം അനുവദിച്ചത് ഗ്രാമീണ വികസന മന്ത്രാലയത്തിനാണ്. ദേശീയ തൊഴിലുറപ്പ് പദ്ധതിക്കായി ഫണ്ടിന് കുറവുണ്ടാകില്ലെന്നും ആവശ്യമുളള അധികതുക ഇനിയും അനുവദിക്കുമെന്നും ധനമന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ഒരുകോടിയിലേറെ കുടുംബങ്ങൾക്കാണ് ഇതിലൂടെ ജോലി ലഭിക്കുന്നതെന്ന് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ട്രാക്കറിലൂടെ ലഭിച്ച വിവരങ്ങളിൽ പറയുന്നു. ഇത് മുൻവർഷത്തെക്കാൾ 243 ശതമാനം കൂടുതലാണ്. ഇവർക്ക് തൊഴിലിന് നൽകുന്ന കൂലിയിലും വർദ്ധനയുണ്ട്. കൊവിഡ് കാരണം വിവിധ സംസ്ഥാനങ്ങളിൽ നിന്നും തൊഴിലാളികൾ ജോലി നഷ്‌ടമായി അവരവരുടെ സംസ്ഥാനങ്ങളിലേക്ക് മടങ്ങിയെത്തിയതാണ് തൊഴിലുറപ്പ് പദ്ധതികൾക്ക് മുൻവർഷത്തെക്കാൾ സാദ്ധ്യത കൂടുതലാകാൻ കാരണം. മേയ് മാസത്തിൽ തൊഴിലുറപ്പ് ജോലിയിൽ വൻ വർദ്ധനവുണ്ടായെങ്കിലും ഒഡീഷ,ബീഹാർ,ഝാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുളള തൊഴിലാളികൾ തിരികെ ജോലി സ്ഥലത്തേക്ക് മടങ്ങിത്തുടങ്ങിയതോടെ ഇപ്പോൾ എണ്ണം കുറഞ്ഞിട്ടുണ്ട്. ഈ വർഷം നവംബർ വരെ ഒരു തൊഴിലാളിക്ക് 41.59 തൊഴിൽ ദിനങ്ങളാണ് ലഭിച്ചത്. 2018-19ൽ ഇത് 50.88ഉം 2019-20ൽ 48.4മാണ്. നൂറ് ദിവസത്തിലേറെ ജോലി ലഭിച്ചത് 19 ലക്ഷം പേർക്ക് മാത്രമാണ്. നൂറ് ദിവസം തൊഴിൽ ലഭിക്കാത്ത സംസ്ഥാനങ്ങളിൽ മുന്നിൽ ജാർഖണ്ഡും തമിഴ്‌നാടുമാണ്.
ജോലി ആവശ്യമായ 7.5 കോടി ജനങ്ങളിൽ 13 ശതമാനത്തിനും ജോലി ലഭിച്ചില്ല. കൊവിഡ് സൃഷ്‌ടിച്ച പ്രതിസന്ധി മൂലം ദേശിയ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യാൻ ആവശ്യക്കാർ കൂടുകയും അവരിൽ കുറച്ച് പേർക്കെങ്കിലും ജോലി നൽകാൻ കഴിഞ്ഞില്ലെന്നും ട്രാക്കർ റിപ്പോർട്ടിലുണ്ട്. നാലിലൊന്ന് പേർക്കും ജോലി ലഭിക്കാത്ത സംസ്ഥാനങ്ങൾ ഉത്തർ പ്രദേശും ജാർഖണ്ഡുമാണ്.
എന്നാൽ പാവപ്പെട്ടവന് ഒരു താങ്ങാവാൻ കൊവിഡ് കാലത്ത് ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് കഴിഞ്ഞുവെന്നാണ് തൊഴിലുറപ്പ് പദ്ധതി കൗൺസിൽ മുൻ അംഗം നിഖിൽ ഡെ പറയുന്നത്. എന്നാൽ സംസ്ഥാനങ്ങൾ ജോലി വേണ്ടവർക്കെല്ലാം ലഭിച്ചോ എന്ന് ഉറപ്പിക്കാൻ ആത്മാർത്ഥമായ ശ്രമമൊന്നും നടത്തിയില്ലെന്നും ഡെ അഭിപ്രായപ്പെടുന്നു.