
വിജയരാജ്  സമ്പന്നനാണ്. വ്യവസായസാമ്രാജ്യം ചെറുതായിരുന്നപ്പോൾ അങ്ങനെ മറ്റുള്ളവർ വിശേഷിപ്പിക്കുന്നതിൽ ഇഷ്ടക്കുറവ് ഉണ്ടായിരുന്നില്ല. ധനം സമ്പാദിക്കാനുള്ള ഓട്ടത്തിലും വായനയിലും ജ്ഞാനസമ്പാദനത്തിലുമുള്ള കമ്പം കുറഞ്ഞില്ല. എല്ലാമതക്കാരുടെയും പുരാണഗ്രന്ഥങ്ങൾ ഇഷ്ടമാണ്. പുതിയ സാങ്കേതിക ജ്ഞാനത്തിനൊപ്പം ക്ലാസിക് കൃതികളുടെ പിൻബലം കൂടിയില്ലെങ്കിൽ ജീവിതത്തിൽ തളർന്നുപോകും. ഓരോ ദിവസവും ഓരോ യുദ്ധമാണ്. ചിലതിൽ വിജയിക്കും. ചിലതിൽ തോറ്റുപോകും. രണ്ടിനെയും ഒരേപോലെ അഭിമുഖീകരിക്കാൻ പരിശീലിപ്പിച്ചത് പുരാണങ്ങളിലുള്ള അറിവാണ്. പുത്തൻ ടെക്നോളജിയുടെ കാലത്ത് ഈ പഴഞ്ചൻ പുസ്തകങ്ങൾക്കായി എന്തിന് സമയം പാഴാക്കുന്നു എന്ന് ചിലരൊക്കെ വിജയരാജിനോട് ചോദിക്കാറുണ്ട്. ഇതുവരെ ജനിച്ചു മരിച്ചവരെല്ലാം ഈ പഴയ ആകാശത്തിനുകീഴെയല്ലേ സൂര്യചന്ദ്രന്മാരെയും നക്ഷത്രങ്ങളെയും കണ്ടത്. അവർ കണ്ടതും ഈ പഴക്കം ചെന്ന കടലിനെയല്ലേ? ആ ചോദ്യത്തിന് പലർക്കും ഉത്തരം മുട്ടും.
അച്ഛനാണ് അതീവസമ്പന്നൻ. അങ്ങനെ ആദ്യം പറഞ്ഞത് മകളായിരുന്നു. വിദേശത്തെ നഴ്സറി സ്കൂളിൽ മുന്തിയ കാറിലായിരുന്ന  ഡ്രൈവർ കൊണ്ടുചെന്നാക്കിയിരുന്നത്. മറ്റുകുട്ടികൾ അതുകണ്ട് അതിശയിച്ചുനിൽക്കും. പണം കൊണ്ടല്ല സമ്പന്നനാകേണ്ടത് സ്വഭാവം കൊണ്ടാണ്. ഗുണഗണങ്ങൾ കൊണ്ടാണ് എന്ന് മനസിലാക്കിയിരുന്ന വിജയരാജ് അടുത്തദിവസം മുതൽ മകളെ നഴ്സറി സ്കൂൾ ബസിലയക്കാൻ നിർദ്ദേശിച്ചു. എല്ലാവിഭാഗത്തിൽപ്പെട്ട കുട്ടികളുമായി ഇടപഴകാൻ അതിലൂടെ അവസരം കിട്ടി. അല്ലെങ്കിൽ  മുന്തിയ തണലത്ത് പൂത്തുനിൽക്കുന്ന ചെടികളായി മാറിയേനെ. ഇപ്പോൾ മകൾ ലോകപ്രശസ്തമായ ഒരു സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥ. കനത്ത സമ്പന്നതയുണ്ടെങ്കിലും മക്കളെ ലളിതജീവിതവും വിനയവും ഗുരുത്വവുമൊക്കെ പഠിപ്പിക്കുന്നതിന്റെ കാരണം ചില സുഹൃത്തുക്കൾ ചോദിക്കാറുണ്ട്. ഉരുളയ്ക്കുപ്പേരിപോലെ വിജയരാജ് അതിന് മറുപടി നൽകും. സമ്പന്നകുടുംബത്തിൽ അല്ലലറിയാതെ വിദേശത്തുപോയി സംഗീതം പഠിച്ചിരുന്നെങ്കിൽ നമുക്ക് ഗാനഗന്ധർവനായ യേശുദാസിനെ ലഭിക്കുമായിരുന്നോ? സർക്കാരിന്റെ മോഡൽ സ്കൂളിലല്ലാതെ ഏതെങ്കിലും കോൺവെന്റ് സ്കൂളിൽ പഠിച്ചിരുന്നെങ്കിൽ ഏതുതരം കഥാപാത്രത്തെയും അവതരിപ്പിക്കാനുള്ള പാടവം മോഹൻലാലിന് കിട്ടുമായിരുന്നോ. ഫ്ലാറ്റുകൾ കെട്ടിപ്പൊക്കുന്നവർ മക്കളുടെ മനസിന്റെ ഉയരം കൂട്ടാൻ ശ്രമിക്കുന്നുണ്ടോ? കോടിക്കണക്കിന് സമ്പാദിച്ച് ബാങ്കിൽ നിക്ഷേപിക്കുന്നവർ മക്കളുടെ മനസിന്റെ വ്യാസം കൂട്ടാൻ എന്തു ചെയ്യുന്നു. അതീവസമ്പന്നനാണെന്ന് കുട്ടിക്കാലത്ത് അഭിമാനിച്ച മകൾ ഇപ്പോൾ തിരുത്തിപ്പറയുമത്രേ. അച്ഛൻ പണത്തിലല്ല സമ്പന്നൻ. സ്നേഹം കൊണ്ട് സമ്പന്നൻ. ഗുണങ്ങൾ കൊണ്ട് സമ്പന്നൻ. വിജയരാജ് അപ്പോൾ നന്ദി പറയുന്നത് ആ വഴികാട്ടിത്തന്ന പുരാണങ്ങളോടാണ്.