
ന്യൂഡൽഹി: കാർഷിക നിയമത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് കർഷക സംഘടനകൾ സുപ്രീംകോടതിയെ സമീപിച്ചു. ഭാരതീയ കിസാൻ യൂണിയനാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. നിയമങ്ങൾ കാർഷിക മേഖലയെ തകർക്കുമെന്നും അതിനാൽ വിഷയത്തിൽ ഇടപെടണമെന്നും നിയമം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. പുതിയ നിയമപരിഷ്കാരം കർഷകർക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
അതേസമയം, പ്രക്ഷോഭം അവസാനിപ്പിക്കാനായി കർഷകർ ചർച്ചയ്ക്ക് തയ്യാറാവണമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ ആവശ്യപ്പെട്ടു. പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും ചർച്ചകളിലൂടെ അത് സാദ്ധ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാർഷിക നിയമങ്ങൾ പൂർണമായും പിൻവലിക്കുന്നതുവരെ സമരം തുടരുമെന്നാണ് കർഷകരുടെ നിലപാട്. അല്ലാതുളള ഒന്നിനും തങ്ങൾ തയ്യാറല്ലെന്നും അവർ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം കേന്ദ്രവുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതോടെ സമരം കൂടുതൽ കർശനമാക്കാനാണ് കർഷകരുടെ തീരുമാനം. കൂടുതൽ കർഷകരോട് ഡൽഹിയിലേക്കെത്താൻ അവർ ആഹ്വാനം ചെയ്തിട്ടുണ്ട്. സമാധാനപരമായിട്ടായിരിക്കും സമരമെന്നും കർഷകർ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ, സിംഘു അതിർത്തിയിൽ ഗതാഗതം തടസപ്പെടുത്തി സമരം ചെയ്തതിന്റെ പേരിൽ കർഷകർക്കെതിരെ പൊലീസ് കേസെടുത്തു.