cm-raveendran-

തിരുവനന്തപുരം: സ്വർണക്കടത്ത്, ബിനാമി- കള്ളപ്പണ ഇടപാടുകളിൽ മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി അദ്ദേഹത്തിന്റെയും ഭാര്യയുടെയും ബാങ്ക് രേഖകൾ ഹാജരാക്കാൻ എൻഫോഴ്സ്‌മെന്റ് നിർദ്ദേശിച്ചു. രവീന്ദ്രന്റെ ഭാര്യയ്ക്ക് ഊരാളുങ്കൽ ലേബർ സഹകരണ സംഘവുമായി ഇടപാടുകളുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനാൽ തന്നെ രവീന്ദ്രന്റെ പണം ഇടപാടുകളെ കുറിച്ച് ഇ.ഡിക്ക് സംശയമുണ്ട്.

എന്നാൽ, തന്റെ സാലറി അക്കൗണ്ടിലൂടെ 24 ലക്ഷം രൂപ മാത്രമേ കൈമാറിയിട്ടുള്ളൂവെന്നാണ് രവീന്ദ്രൻ നേരത്തെ ഇ.ഡിയെ അറിയിച്ചത്. സർക്കാർ സർവീസിൽ നിന്ന് വിരമിച്ചപ്പോൾ 58 ലക്ഷം രൂപ ലഭിച്ചു. ട്രഷറി അക്കൗണ്ടിൽ നിന്നാണു പണം പിൻവലിച്ചത്. കുടുംബാംഗങ്ങൾ ബിസിനസിൽ മുടക്കിയ ബാക്കി പണമെല്ലാം സ്വകാര്യ ബാങ്കിൽ നിന്നുള്ള വായ്പയാണെന്നും വ്യക്തമാക്കിയിരുന്നു. ഇതിന്റെ നിജസ്ഥിതി മനസിലാക്കുന്നതിനായാണ് രേഖകൾ ഹാജാരാക്കാൻ നിർദ്ദേശിച്ചത്.

ഭാര്യയുടെ പേരിലുള്ള 80 ലക്ഷത്തിലധികം രൂപ വിലയുള്ള മണ്ണുമാന്തിയന്ത്രം 2018ൽ ഊരാളുങ്കലിനു നൽകിയതിലൂടെ വാടകയിനത്തിൽ ലക്ഷങ്ങൾ കൈപ്പറ്റിയെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സൊസൈറ്റിയിൽ നിക്ഷേപമുള്ളവരുടെ പട്ടികയിൽ രവീന്ദ്രന്റെ പേരില്ല. മണ്ണുമാന്തിയന്ത്രം പ്രവർത്തിക്കുന്ന ഓരോ മണിക്കൂറിലും 2500 രൂപയാണു വാടക. രണ്ടര വർഷത്തിലധികമായി പ്രതിമാസം രവീന്ദ്രന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് മുടങ്ങാതെ പണമെത്തുന്നുണ്ടെന്നും ഇ.ഡി കണ്ടെത്തി.

വടകര ഒഞ്ചിയം സ്വദേശിയായ രവീന്ദ്രന് സ്വർണക്കടകളിലും വസ്ത്ര വ്യാപാരശാലകളിലും ഇലക്ട്രോണിക് സ്ഥാപനങ്ങളിലും ഷോപ്പിംഗ് മാളുകളിലും ബിനാമി നിക്ഷേപമുണ്ടെന്നും വടകരയിലെ ബന്ധുവാണ് പ്രധാന ബിനാമിയെന്നും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. ബിനാമികളെ ഉപയോഗിച്ച് പലയിടത്തും ഭൂമി വാങ്ങിക്കൂട്ടി. മൊബൈൽ ഫോൺ വിപണന ഏജൻസി രവീന്ദ്രന്റെ ബിനാമി ഇടപാടാണെന്നും പറയുന്നു. ഇതുമായി ബന്ധപ്പെട്ട് രവീന്ദ്രന്റെ ബിനാമി സ്ഥാപനങ്ങളെന്ന് ആരോപിക്കപ്പെടുന്ന വടകരയിലെ മൂന്ന് സ്ഥാപനങ്ങളിൽ നേരത്തെ ഇ.ഡ‌ി റെയ്ഡ‌് നടത്തിയിരുന്നു. പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ഒരു വർഷം മുമ്പ് ആരംഭിച്ച ഒരു പ്രമുഖ റെഡിമെയ്ഡ് വസ്ത്ര സ്ഥാപനത്തിന്റെ ഷോറൂം, വടകര ബീച്ചിടുത്ത് പ്രവർത്തിക്കുന്ന രണ്ട് ഇലക്ട്രോണിക് സാധനങ്ങളുടെ കടകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.

പ്രളയത്തിൽ തകർന്ന 150 വീടുകളുടെ പുനർനിർമ്മാണത്തിനുള്ള കരാർ,​ ബിനീഷിന്റെ ബിനാമിയായ തിരുവനന്തപുരത്തെ കാർ പാലസ് ഉടമയ്ക്ക് നൽകിയതിലും രവീന്ദ്രന്റെ പങ്ക് അന്വേഷിക്കുന്നുണ്ട്. ഈ ഇടപാടിൽ 70,000 ഡോളർ (51ലക്ഷം രൂപ) കാർ പാലസ് തനിക്ക് കമ്മിഷൻ നൽകിയെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. ശിവശങ്കറിനെ കാണാനായി സെക്രട്ടേറിയറ്റിലെത്തിയ പല അവസരത്തിലും താൻ രവീന്ദ്രനെയും കണ്ടിരുന്നെന്നും യു.എ.ഇ കോൺസുലേറ്റ് സംഘടിപ്പിച്ച ആഘോഷ പാർട്ടികളിൽ അദ്ദേഹം പങ്കെടുത്തതായും സ്വപ്‌നയുടെ മൊഴിയുണ്ട്. സ്വപ്‌ന ഫോണിൽ വിളിച്ചവരുടെ കൂട്ടത്തിൽ രവീന്ദ്രനുമുണ്ട്. വിസ സ്റ്റാമ്പിംഗുമായും സർട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷനുമായും ബന്ധപ്പെട്ട് രവീന്ദ്രൻ വിളിച്ചിരുന്നെന്നും സ്വപ്നയുടെ മൊഴി നൽകിയിരുന്നു.