
തിരുവനന്തപുരം: ശ്രീചിത്ര മുൻ ഡയറക്‌ടർ ഡോ ആശാ കിഷോർ സ്വയം വിരമിക്കലിന് അപേക്ഷ നൽകി. ഡയറക്‌ടർ പദവിയിൽ കാലാവധി നീട്ടിനൽകിയത് റദ്ദാക്കിയ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ (സി എ ടി) വിധിക്ക് എതിരെ ഡോ ആശാ കിഷോർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി തളളിയതിനെ തുടർന്നാണ് തീരുമാനം.
2020 ഡിസംബർ ഒമ്പതിന് ജോലിയിൽ നിന്ന് വിടുതൽ ചെയ്യണമെന്ന ഡോ ആശാ കിഷോറിന്റെ അപേക്ഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് അംഗീകരിച്ചു. 2020 ജൂലായ് 14ന് ഡയറക്‌ടർ സ്ഥാനത്ത് അഞ്ചുവർഷം പൂർത്തിയാക്കിയ ഡോ ആശാ കിഷോറിന്റെ കാലാവധി ഇൻസ്റ്റിറ്റ്യൂട്ട് ബോഡി 2025 ഫെബ്രുവരി വരെ നീട്ടി നൽകിയിരുന്നു. തുടർന്ന് ക്യാബിനറ്റ് അപ്പോയ്‌മെന്റ്‌സ് കമ്മിറ്റിയുടെ (എ സി സി) അനുമതി ഇല്ലാതെയാണ് ഡോ ആശാ കിഷോറിന്റെ കാലാവധി നീട്ടിനൽകിയതെന്ന് കാണിച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്‌ടർമാർ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ (സി എ ടി) സമീപിക്കുകയായിരുന്നു.
ഡോ ആശാ കിഷോറിന്റെ വാദമുഖങ്ങൾ സി എ ടി തളളുകയും കാലാവധി നീട്ടിനൽകിയ തീരുമാനം 2020 നവംബർ ആറിന് മുൻകാല പ്രാബല്യത്തോടെ റദ്ദാക്കുകയും ചെയ്‌തു. ഇതിന് എതിരെയാണ് ഡോ ആശാ കിഷോർ ഹൈക്കോടതിയെ സമീപിച്ചത്. ഡയറക്‌ടറെ നീക്കം ചെയ്യാൻ കേന്ദ്രസർക്കാരിന് അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി കഴിഞ്ഞ ദിവസം ആശാ കിഷോറിന്റെ അപ്പീൽ തളളുകയായിരുന്നു.