cattle

ഗോമൂത്രത്തിൽ കുളിയ്ക്കും. മുഖത്ത് പൗഡറായി ഉപയോഗിക്കുന്നത് കത്തിച്ച ചാണകപ്പൊടി. ഇന്ത്യയിലായിരിക്കും ഈ ആചാരം എന്ന് കരുതിയെങ്കിൽ തെറ്റി. ഇത് ഒരു ആഫ്രിക്കൻ ഗ്രാമത്തിലെ കാഴ്ച്ചയാണ്. ദക്ഷിണ സുഡാനിലെ ജുബയിലെ ഗോത്രവർഗമാണ് പശുവിന്റെ പാൽ മുതൽ ചാണകം വരെ തങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കിയിരിക്കുന്നത്. നൈൽ നദിയുടെ കരയിൽ അധിവസിക്കുന്ന മുണ്ടരി ഗോത്രം നൂറ്റാണ്ടുകളായി ജീവിക്കുന്നത് ഇത്തരത്തിലാണ്.

താരിഖ് സൈദി എന്ന ഫോട്ടോഗ്രാഫറാണ് ഈ വ്യത്യസ്ത ജിവിതരീതി തന്റെ കാമറയിൽ പകർത്തി പുറംലോകത്തെ കാണിച്ചത്. രാവിലെ എഴുന്നേറ്റയുടൻ മുണ്ടരി ഗോത്രത്തിലുള്ളവർ ഒരു വൃക്ഷത്തിന്റെ കമ്പ് കൊണ്ട് പല്ലുകൾ വൃത്തിയാക്കും. ശേഷം കാലികൾ മൂത്രമൊഴിക്കുമ്പോൾ അവിടെ തലവച്ച് കഴുകും. ത്വക് രോഗങ്ങൾക്ക് പരിഹാരമായാണ് ഇവിടുള്ളവർ ഗോമൂത്രത്തിൽ കുളിക്കുന്നത്.

cattle

പാൽ കറന്ന് പാത്രത്തിലേക്ക് മാറ്റുന്നതിന് പകരം പശുവിന്റെ അകിടിൽ നിന്ന് നേരിട്ടാണ് പാൽ കുടിക്കുന്നത്. ശേഷം ചെണ്ട കൊട്ടി ഗ്രാമവാസികൾക്ക് കാലികളെ മേയ്ക്കാൻ സമയമായെന്ന സൂചന നൽകും. കൊതുകുകളെ തുരത്താൻ ചാണകം കത്തിച്ച പൊടിയാണ് ഇവർ മുഖത്ത് തേക്കുന്നത്. മാത്രമല്ല കത്തുന്ന ചൂടിൽ നിന്ന് ഇവരുടെ ചർമ്മത്തെ സംരക്ഷിക്കാനും ഇത് നല്ലതാണെന്ന് ഇവർ വിശ്വസിക്കുന്നു. ഈ ഗ്രാമത്തിൽ മനുഷ്യരേക്കാൾ വില കാലികൾക്കാണ്. തോക്കുധാരികളാണ് ഇവിടെ കാലികൾക്ക് കാവൽ നിൽക്കുന്നത്.

അമ്പതിനായിരത്തോളം രൂപ വിലമതിക്കുന്നതാണ് ഇവരുടെ സവിശേഷ ഇനത്തിൽപ്പെട്ട കാലികൾ. കുടുംബാംഗത്തെ പോലയാണ് ഇവിടെ കാലികളെ കാണുന്നത്. അവയ്‌ക്കൊപ്പം തന്നെയാണ് ഇവിടെ ഗ്രാമവാസികളും ഉറങ്ങുന്നത്. പ്രതിവർഷം ആയിരക്കണക്കിന് പശുക്കളെയാണ് ഇവിടെ നിന്ന് കാണാതാവുന്നത്.അത്രതന്നെ ആളുകളെ ഇവിടെ ഓരോ വർഷവും പശുവിനെ മോഷ്ടിക്കാൻ വരുന്നവർ കൊല്ലുന്നുമുണ്ട്. ലോകത്തിലെ ഏറ്റവും ഉയരമുള്ള മനുഷ്യർ ഈ ഗോത്രത്തിലുള്ളവരാണ്. ഇവരുടെ കാലികൾക്കുമുണ്ട് സവിശേഷത. സാധാരണ പശുവോ പോത്തോ കാളയോ അല്ല മറിച്ച് പ്രത്യേക തരം കൊമ്പുള്ള അങ്കോള-വതൂസി എന്നയിനം കാലികളാണ് ഇവരുടെ പക്കൽ ഉള്ളത്. പ്രൗഢിയുടെ ചിഹ്നമായാണ് ഇവിടെ കാലികളെ കാണുന്നത്. പണത്തിന്
പകരവും കാലികളെ നൽകാറുണ്ട്. ഈ ഗോത്രവർഗം നഗരങ്ങളിലേക്കൊന്നും പോവാറില്ല. മറ്റ് മനുഷ്യരിൽ നിന്ന് അകന്നുമാറി ജീവിക്കുന്നവരാണിവർ.