ibrahim-kunj

കൊച്ചി: പാലാരിവട്ടം അഴിമതി കേസിൽ ഉദ്യോഗസ്ഥർ കാര്യങ്ങളൊന്നും തന്നോട് പറഞ്ഞില്ലെന്നും ഫയലിൽ ഒപ്പിടുക മാത്രമേ ചെയ്‌തുള‌ളൂവെന്ന് ഇബ്രാഹിംകുഞ്ഞ്. പാലാരിവട്ടം കേസിൽ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് മുൻമന്ത്രി ഇങ്ങനെ സ്വയം രക്ഷപ്പെടാൻ ശ്രമിച്ചത്. കൈക്കൂലി വാങ്ങിയെന്ന വിജിലൻസിന്റെ കണ്ടെത്തൽ തെ‌റ്റാണെന്നും ഇബ്രാഹിംകുഞ്ഞ് വാദിച്ചു. അങ്ങനെയാണെങ്കിൽ മന്ത്രി ഒരു റബ്ബർസ്‌റ്റാമ്പാണോയെന്ന് കോടതി ചോദിച്ചു. ഹർജിയിൽ വിധി പറയുന്നത് കോടതി തിങ്കളാള്‌ചത്തേക്ക് മാ‌റ്റി. വാങ്ങാത്ത പണം വാങ്ങിയെന്ന് പറയാൻ ഇബ്രാഹിംകുഞ്ഞിന് സമ്മർദ്ദമുണ്ടെന്ന് അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

മൊബൈലേസേഷവ് അഡ്വാൻസ് നൽകുന്നത് തെ‌റ്റല്ലെന്ന് നിയമസഭ സ്‌പീക്കർ ഊരാളുങ്കലിന് 13 കോടി അഡ്വാൻസ് നൽകിയതിനെ പരാമർശിച്ച് ഇബ്രാഹിംകുഞ്ഞ് വാദിച്ചു. എന്നാൽ പി.ഡബ്ളു.സി കരാറിൽ അഡ്വാൻസ് പണം നൽകാൻ നിയമമില്ലെന്ന് സർക്കാർ അഭിഭാഷകൻ പറഞ്ഞു. മാത്രമല്ല മേൽപ്പാലം നിർമ്മാണ കരാർ ടെൻഡറിന് മുൻപ് തന്നെ ആർ.ഡി.എസ് കമ്പനിക്ക് നൽകാൻ ഇബ്രാഹിംകുഞ്ഞ് തീരുമാനിച്ചെന്നും സർക്കാർ കോടതിയിൽ പറഞ്ഞു.

ജാമ്യഹർജി വേഗം പരിഗണിക്കണമെന്നും ആശുപത്രിയിൽ നിന്ന് തന്നെ കസ്‌റ്റഡിയിലെടുത്തേക്കാമെന്ന് ഇബ്രാഹിംകുഞ്ഞ് കോടതിയെ അറിയിച്ചു. അതേസമയം എന്തിനാണ് സ്വയം തിരഞ്ഞെടുത്ത ആശുപത്രിയിൽ നിന്ന് പുറത്തുകടക്കുന്നതെന്ന് കോടതി ഇബ്രാഹിംകുഞ്ഞിനോട് ചോദിച്ചു. എന്നാൽ ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്നും ജാമ്യമനുവദിച്ചാൽ അന്വേഷണത്തെ ബാധിക്കുമെന്നും വിജിലൻസ് കോടതിയിൽ പറഞ്ഞു.