ali-akbar

ചരിത്രപുരുഷനായി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള ആഷിഖ് അബു പൃഥ്വിരാജ് ചിത്രം 'വാരിയംകുന്നൻ' പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബർ ഇതേ കഥാപശ്ചാത്തലത്തിലുള തന്റെ ചിത്രവും പ്രഖ്യാപിച്ചത്. ചരിത്രത്തിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ തെറ്റായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും അത് തുറന്ന് കാണിക്കുവാനാണ് തന്റെ ഉദ്യമമെന്നും അറിയിച്ച സംവിധായകൻ പ്രോജക്ടിനായി പൊതു സമൂഹത്തിനോട് ധനാഭ്യർത്ഥനയും നടത്തിയിരുന്നു. ഇപ്പോൾ ഏകദേശം ഒരു കോടിയ്ക്ക് മേൽ തുക ഇത്തരത്തിൽ അദ്ദേഹം സമാഹരിച്ചിട്ടുണ്ട്. എന്നാൽ അലി അക്ബർ സമൂഹത്തിലെ ഒരു വിഭാഗത്തെ കബളിപ്പിച്ച് പണം തട്ടാനുള്ള വിദ്യയാണ് സിനിമാ പ്രഖ്യാപനത്തിലൂടെ നടത്തുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. ഇത്തരക്കാർക്കുള്ള മറുപടി ചില ഫോട്ടോകളിലൂടെ നൽകിയിരിക്കുകയാണ് സംവിധായകൻ ഇപ്പോൾ.

അടുത്തിടെ മൂകാംബികാ ക്ഷേത്രത്തിൽ '1921' എന്ന തന്റെ സിനിമയുടെ തിരക്കഥ സമർപ്പിച്ച് സംവിധായകൻ അലി അക്ബർ പ്രാർത്ഥിച്ചിരുന്നു. മൂകാംബിക ദേവിയുടെ അനുഗ്രഹത്തിനായി താൻ തിരക്കഥ സമർപ്പിച്ച വിവരവും ഫേസ്ബുക്ക് വഴിയാണ് അദ്ദേഹം ആരാധകരെ അറിയിച്ചിരുന്നത്. 'മമധർമ്മ' എന്ന പേരിൽ സിനിമാ നിർമാണ കമ്പനി ആരംഭിച്ചാണ് സിനിമ നിർമാണവുമായി മുന്നോട്ട് പോകുന്നത്.

ഇപ്പോഴിതാ സിനിമാ ചിത്രീകരണത്തിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞ വിവരങ്ങളാണ് പുറത്ത് വരുന്നത്. ചിത്രീകരണത്തിനായി 6കെ ക്യാമറ എത്തിയ വിവരം അദ്ദേഹം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതിനൊപ്പം ചരിത്ര സിനിമയിൽ ഉപയോഗിക്കുന്ന തോക്കുകൾ, ഖുക്രി കത്തികൾ എന്നിവയുടെ ചിത്രങ്ങളും പുറത്തു വിട്ടു. സിനിമയുടെ സെറ്റിടാൻ 900 സ്‌ക്വ.ഫീറ്റിൽ നടക്കുന്ന പ്രവർത്തികളുടെ ചിത്രങ്ങളും പുറത്തുവന്നു കഴിഞ്ഞു. ഇനിയും ഈ സിനിമയിൽ അഭിനയിക്കുന്ന നടീ നടൻമാരുടെ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ട്രോളുകളിലൂടെ എതിരാളികൾ ഇപ്പോഴും അലിഅക്ബറിൻെറ സിനിമയെ ട്രോളാറുണ്ട്. എന്നാൽ ഇതിനെയും പബ്ളിസിറ്റിക്കായി ഉപയോഗിച്ചാണ് സംവിധായകൻ തന്റെ പദ്ധതി കൂടുതൽ പേരിൽ എത്തിക്കുന്നത്.