
പിയാജിയോ ഇന്ത്യ ഉടൻ പുറത്തിറക്കാനിരിക്കുന്ന പ്രീമിയം സ്കൂട്ടർ ഏപ്രിലിയ എസ് എക്സ് ആർ 160ന് വേണ്ടിയുളള പ്രീ-ബുക്കിംഗ് ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. സ്കൂട്ടർ വാങ്ങാൻ താത്പര്യമുളളവർക്ക് കമ്പനിയുടെ ഇന്ത്യയിലെ വെബ്സൈറ്റ് വഴിയോ അല്ലെങ്കിൽ രാജ്യത്തുടനീളമുളള ഏതെങ്കിലും ഷോറൂമിലൂടെയോ അയ്യായിരം ഡോളറിന് ബുക്കിംഗ് നടത്താം.
ആഗോള തലത്തിൽ തന്നെ സ്റ്റൈലിഷായ രൂപകൽപ്പനയിലാണ് എപ്രിലിയ എസ് എക്സ് ആർ നിർമ്മിച്ചിരിക്കുന്നത്. എൽ ഇ ഡി ഹെഡ്ലൈറ്റുകൾ, എൽ ഇ ഡി ടൈൽലൈറ്റുകൾ, പൂർണമായുളള ഡിജിറ്റൽ ക്ലസ്റ്റർ, മൊബൈൽ കണക്റ്റിവിറ്റി ഓപ്ഷൻ, വലുതും സൗകര്യപ്രദവുമായ ഇരിപ്പിടം തുടങ്ങി മികച്ച അനുഭവമാണ് എപ്രിലിയ എസ് എക്സ് ആറിനുളളത്.

'ഞങ്ങളുടെ പ്രീമിയം സ്കൂട്ടർ, എപ്രിലിയ എസ് എക്സ് ആർ പുറത്തിറങ്ങാൻ പോകുന്നത് ഞങ്ങളെ സംബന്ധിച്ച് വലിയ വികാരമാണ്. 2020 വെല്ലുവിളികൾ നിറഞ്ഞ ഒരു വർഷമായിരുന്നു. പക്ഷേ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സ്കൂട്ടർ ഡെലിവർ ചെയ്യാമെന്ന ഞങ്ങളുടെ വാഗ്ദാനം നിറവേറ്റാൻ ഞങ്ങൾ തീരുമാനിച്ചു.' എന്നാണ് പിയാജിയോ ഇന്ത്യ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡീഗോ ഗ്രാഫി പറയുന്നത്.
അടുത്ത തലമുറയുടെ രൂപകൽപ്പനയും സാങ്കേതികമായി നൂതന സവിശേഷതകളുമുളള എപ്രിലിയ എസ് എക്സ് ആർ 160, ഉപഭാക്താക്കൾക്ക് പുത്തൻ അനുഭവം സൃഷ്ടിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഗ്ലോസി റെഡ്, മാറ്റ് ബ്ലൂ, ഗ്ലോസി വൈറ്റ്, മാറ്റ് ബ്ലാക്ക് എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിലാണ് എപ്രിലിയ എസ് എക്സ് ആർ 160 വിപണിയിലെത്തുക. ഇന്ത്യൻ വിപണിയിൽ എസ് എക്സ് ആർ 160ന് നേരിട്ടുളള മത്സരങ്ങളൊന്നുമുണ്ടാകില്ലെന്നാണ് വിലയിരുത്തൽ.
1.10 ലക്ഷം മുതൽ 1.20 ലക്ഷം വരെയായിരിക്കും വാഹനത്തിന്റെ ഷോറൂം വിലയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2022 ഓടെ വെസ്പ ഇലക്ട്രിക്ക ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായും പിയാജിയോ സ്ഥിരീകരിച്ചു.