ഇന്നലെ പിറന്നാൾ ആഘോഷിച്ച സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ ആരാധകരെ ആവേശഭരിതരാക്കിയ പഞ്ച് ഡയലോഗുകളിലൂടെ...

സിനിമയിൽ പറയേണ്ടവർ പറയുമ്പോഴാണ് ഡയലോഗുകൾക്ക് 'പഞ്ച്" വരുന്നത്. തിരക്കഥാകൃത്ത് എഴുതിവയ്ക്കുന്ന തീപ്പൊരി ഡയലോഗുകൾ തിരശ്ശീലകളിൽ തീ നിറയ്ക്കുന്നത് അത് പറയുന്ന നായകന്റെ സ്റ്റൈലും കരിഷ്‌മയും കൊണ്ട് കൂടിയാണ്.രജനീകാന്തിന്റെ പഞ്ച് ഡയലോഗുകൾ എക്കാലവും ആഘോഷിക്കപ്പെടുന്നതിന് കാരണവും അദ്ദേഹത്തിന്റെ സ്റ്റൈലും കരിഷ്‌മയും സ്‌ക്രീൻ പ്രസൻസും തന്നെയാണ്.
ഇതെപ്പടിയിരുക്ക്
(പതിനാറ് വയതിനിലേ)
തമിഴ് സിനിമയ്ക്ക് പുതിയ ഭാവുകത്വം സമ്മാനിച്ച സംവിധായകൻ ഭാരതിരാജയുടെ ആദ്യ ചിത്രമായ പതിനാറ് വയതിനിലേയിലാണ് രജനീകാന്തിന്റെ ആദ്യ പഞ്ച് ഡയലോഗും പിറന്നതെന്നത് രസകരമായ ഒരു യാദൃച്ഛികതയാണ്.
കമൽഹാസനും ശ്രീദേവിയും നായകനും നായികയുമായ ചിത്രത്തിൽ പരട്ടൈയൻ എന്ന പ്രതിനായക വേഷമാണ് രജനീകാന്ത് അവതരിപ്പിച്ചത്.'ഇതെപ്പടിയിരുക്ക്" (ഇതെങ്ങനെയുണ്ട്) എന്ന പരട്ടീട്ടെയന്റെ പഞ്ച് ഡയലോഗ് നായകനോളം തന്നെ കൈയടി നേടി. രജനി എന്ന താരത്തിന്റെ ഉദയം തന്നെ ആ 'പഞ്ചി"ൽ നിന്നായിരുന്നുവെന്ന് പറയാം.
സീവീടുവേൻ (മുരട്ടുകാളൈ)
എഴുപത്തിയഞ്ചോളം സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള തമിഴകത്തെ എക്കാലത്തെയും ഏറ്റവും വലിയ ഹിറ്റ് മേക്കർമാരിലൊരാളായ എസ്.പി. മുത്തുരാമന്റെ മുരട്ടുക്കാളൈ എന്ന ചിത്രത്തിലായിരുന്നു രജനിയുടെ അടുത്ത ഹിറ്റ് പഞ്ച്. 1980ൽ റിലീസായ ചിത്രത്തിലെ ''സീവീടുവേൻ..." (ചെത്തിക്കളയും) എന്ന ഡയലോഗ് സിനിമയെക്കാൾ ഹിറ്റായി. രജനിയെ സൂപ്പർസ്റ്റാർ പദവിയിൽ അവരോധിച്ച ഈ ചിത്രമാണ് നായകന്റെ 'ഇൻട്രൊ സോംഗ്" തെന്നിന്ത്യൻ സിനിമകളിൽ ട്രെൻഡാക്കിയത്.രജനികാന്ത് കാളിയൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം വൻകിട ബാനറായ എ.വി.എമ്മിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു. ബോളിവുഡ് താരം രതി അഗ്നിഹോത്രിയും സുമലതയുമായിരുന്നു മുരട്ടക്കാളൈയിലെ നായികമാർ.
മൊതലാളീങ്ക.. (പൊല്ലാരുവൻ)
ചെയ്യാത്ത കുറ്റത്തിന് ജയിലിൽ പോയി പ്രതികാര ദാഹിയായി പുറത്തിറങ്ങുന്ന മനോഹർ എന്ന ചെറുപ്പക്കാരന്റെ കഥ പറഞ്ഞ പൊല്ലാതവൻ 1980-ൽ റിലീസായ മറ്റൊരു രജനീകാന്ത് ചിത്രമാണ്.
മുക്ത ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഏറെ ഹിറ്റായ ഒരു രജനി ഡയലോഗുണ്ട്. ''മൊതലാളീങ്ക താടി വളർത്താ ബിസ്സീന്ന് അർത്ഥം, തൊഴിലാളീങ്ക താടി വളർത്താ പശീന്നർത്ഥം."
(മുതലാളി താടി വളർത്തിയാൽ ബിസ്സിയെന്നർത്ഥം, തൊഴിലാളികൾ താടി വളർത്തിയാൽ പട്ടിണിയെന്നർത്ഥം)
സാമാന്യ പ്രേക്ഷകരെ രോമാഞ്ചം കൊള്ളിച്ച ഡയലോഗായിരുന്നു ഇത്.
നല്ലവനാ
ഇരുക്കലാം (ധർമ്മാദുരൈ)
രജനീകാന്ത് ടൈറ്റിൽ റോളിൽ പ്രത്യക്ഷപ്പെട്ട ധർമ്മദുരൈ സംവിധാനം ചെയ്തത് രജനീകാന്തിന്റെ പ്രിയ സംവിധായകനായ രാജശേഖറാണ്. തമ്പിക്ക് എന്ത ഊര്, പഠിക്കാതവൻ, മാവീരൻ, മാപ്പിളൈ തുടങ്ങിയ രജനി ചിത്രങ്ങളൊരുക്കിണ്ട രാജശേഖറാണ് കമൽഹാസൻക നായകനായ വിക്രമും കാക്കിച്ചട്ടൈയുമൊരുക്കിയത്.
രജനികാന്തിന്റെ അച്ഛനായി മധു അഭിനയിച്ച ധർമ്മദുരൈയിലെ ഒരു രജനി ഡയലോഗ് ഇന്നും ഹിറ്റാണ്. ''നല്ലവനാ ഇരുക്കലാം ആനാൽ രൊമ്പ നല്ലവനാ ഇരുക്ക കൂടാത്." നല്ലവനാകാം പക്ഷേ ഒരുപാട് നല്ലവനാകരുത്).
ആണ്ടവൻ ശൊൽറാൻ
അരുണാചലം മുടിക്കിറാൻ
(അരുണാചലം)
സുന്ദർ. സി. സംവിധാനം ചെയ്ത രജനീകാന്ത് ചിത്രമായ അരുണാചലത്തിലെ ''ആണ്ടവൻ ശൊൽറാൻ അരുണാചലം മുടിക്കിറാൻ" (ദൈവം പറയുന്നു അരുണാചലം ചെയ്യുന്നു) എന്ന ഡയലോഗ് രജനീകാന്തിന്റെ ഏറ്റവും മികച്ച പത്ത് പഞ്ചുകളിലൊന്നായാണ് ആരാധകർ വിലയിരുത്തുന്നത്.
നാൻ ഒരു തടവൈ
ശൊന്നാൽ.. (ബാഷ)
രജനീകാന്തിന്റെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ബാഷയിലാണ് രജനീകാന്തിന്റെ ഏറ്റവും ഹിറ്റായ പഞ്ച് ഡയലോഗും.
''നാൻ ഒരു തടവൈ ശൊന്നാൽ നൂറ് തടവൈ ശൊന്നമാതിരി" (ഞാൻ ഒരു തവണ പറഞ്ഞാൽ നൂറ് തവണ പറഞ്ഞ പോലെ) എന്ന ഡയലോഗ് തിയേറ്ററുകളെ ഇളക്കിമറിച്ചിരുന്നു. സുരേഷ് കൃഷ്ണയാണ ബാഷ സംവിധാനം ചെയ്തത്.
നാൻ എപ്പടി വരുവേൻ... (മുത്തു)
രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങുമെന്ന അഭ്യൂഹം ആദ്യമായി പ്രചരിച്ച കാലത്ത് റിലീസായ ചിത്രമാണ് കെ.എസ്. രവികുമാർ സംവിധാനം ചെയ്ത മുത്തു.
''കക്ഷിയെല്ലാമിപ്പോ നമുക്കെതർക്ക്... കാലത്തിൻ കയ്യിൽ അതുമിരുക്ക്..." എന്ന വരികൾ മുത്തുവിലെ ഒരു പാട്ടിലുണ്ട്. പാർട്ടിയൊക്കെ ഇപ്പോൾ നമുക്കെന്തിന്. എല്ലാം കാലം തെളിയിക്കട്ടെയെന്നാണ് ആ വരികളുടെ അർത്ഥം.
രജനി രാഷ്ട്രീയത്തിലേക്ക് വരുമോയെന്ന പലരുടെയും ചോദ്യത്തിനുള്ള മറുപടി പോലെ മുത്തുവിൽ രജനി പറയുന്ന ഒരു ഡയലോറ്റുണ്ട്: ''നാൻ എപ്പോ വരുവേൻ എപ്പടി വരുവേനെന്ന് യാർക്കും തെരിയാത്. ആനാൽ വരവേണ്ടിയ നേരത്തുല കറക്റ്റാ വരുവേൻ..." (ഞാൻ എപ്പോൾ വരും എങ്ങനെ വരുമെന്ന് ആർക്കും അറിയില്ല. എന്നാൽ വരേണ്ട സമയത്ത് കൃത്യമായി വരും).
ഏൻ വഴി
തനി വഴി (പടയപ്പ)
രജനീകാന്തിന്റെ സ്റ്റൈലും തകർപ്പൻ ഡയലോഗുകളും കൊണ്ട് തിയേറ്ററുകളിൽ ഉത്സവമേളമുയർത്തിയ സിനിമയാണ് പടയപ്പ. കെ.എസ്. രവികുമാർ സംവിധാനം ചെയ്ത പടയപ്പ ഏറ്റവുമധികം കളക്ട് ചെയ്ത രജനീകാന്ത് ചിത്രങ്ങളിലൊന്നാണ്.
തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുമായി അത്ര രസത്തിലല്ലാതിരുന്ന സമയത്ത് പു റത്തിറങ്ങിയ പടയപ്പയിലെ പ്രതിനായിക കഥാപാത്രമായ രമ്യാകൃഷ്ണന്റെ നീലാംബരിയോട് രജനി പറയുന്ന പല ഡയലോഗുകളും ജയലളിതയെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന് ആരാധകർ വ്യാഖ്യാനിച്ചു.
''ഏൻ വഴി തനി വഴി..." (എന്റെ വഴി എന്റേത് മാത്രമായ വഴിയാണ്)
രമ്യാകൃഷ്ണനോട് രജനി പറയുന്ന ''അധികമാ ആശപ്പെടറ ആമ്പളയും അധികമാ കോവപ്പെടറ പെമ്പളയും ശരിയാ വാഴ്‌ന്ത ശരിത്തരമേ കെടയാത്" (അത്യാഗ്രഹിയായ പുരുഷനും, ആവശ്യത്തിലേറെ" ദേഷ്യക്കാരിയായ സ്‌ത്രീയും നന്നായി ജീവിച്ച ചരിത്രമില്ല) എന്ന ഡയലോഗും ജയലളിതയ്ക്കുള്ള 'കൊട്ടാ"യിരുന്നുവെന്ന് വ്യാഖ്യാനിക്കപ്പെട്ടിരുന്നു.
കണ്ണാ പന്നീങ്ക താൻ
കൂട്ടമാ വരും (ശിവാജി)
ബ്രഹ്മാണ്ഡ സിനിമകളുടെ സംവിധായകൻ ഷങ്കറും രജനീകാന്തും ആദ്യമായി ഒന്നിച്ച സിനിമയാണ് ശിവാജി. ടൈറ്റിൽ റോളിലും മൊട്ടബോസ് എന്ന കഥാപാത്രമായും രജനി കാലാനുസൃതമായി മാറി പ്രത്യക്ഷപ്പെട്ട ശിവാജിയിൽ പക്ഷേ പഞ്ച് ഡയലോഗ് എന്ന പതിവിന് മാത്രം മാറ്റമൊന്നുമുണ്ടായിരുന്നില്ല.
''കണ്ണാ പന്നീങ്ക താൻ കൂട്ടമാ വരും. സിംഗം സിംഗിളാ താൻ വരും" (കണ്ണാ പന്നികളാണ് കൂട്ടമായി വരുന്നത്. സിംഹം ഒറ്റയ്ക്കേ വരൂ) എന്ന പഞ്ച് ഡയലോഗ് പുതുതലമുറയുടെ ഫേവറിറ്റുകളിലൊന്നാണ്.
സിറപ്പാന തരമാന (പേട്ട)
എത്രയെഴുതിയാലും പറഞ്ഞാലും തീരാത്തത്ര പഞ്ച് ഡയലോഗുകളുടെ കടലാണ് രജനികാന്ത് ചിത്രങ്ങൾ. ഒടുവിൽ റിലീസായ രജനികാന്ത് ചിത്രങ്ങളിലൊന്നായ പേട്ടയിലെ ആ പ്രശസ്ത ഡയലോഗ് പോലെ: ''സിറപ്പാന തരമാന സംഭവങ്ങളെ ഇനിമേൽ താൻ പാക്ക പോകിറത് (മനോഹരമായ കാലാനുസൃതമായ സംഭവങ്ങളെ ഇനിയല്ലേ കാണാൻ പോകുന്നത്)
കാത്തിരിക്കാം 'അണ്ണന്റെ അണ്ണാത്തെയ്ക്കായി. ത്രസിപ്പിക്കുന്ന പുതിയ പഞ്ച് ഡയലോഗുകൾക്കായി.