
വാഷിംഗ്ടൺ: ദമ്പതിമാരും യൂത്ത് പാസ്റ്റേഴ്സുമായ ടോഡ്‌ബാഗ്‌ലി (26), ഭാര്യ സ്റ്റേയ്ഡി (28) എന്നിവരെ തട്ടികൊണ്ടുപോയി തലയ്ക്ക് വെടിവച്ച് കൊലപ്പെടുത്തുകയും മൃതദേഹം കാറിലിട്ടു ചുട്ടെരിക്കുകയും ചെയ്ത കേസിലെ രണ്ടാം പ്രതിയായ ബ്രാണ്ടൻ ബെർനാഡിന്റെ (40) വധശിക്ഷ നടപ്പാക്കി. വിഷ വാതകം കുത്തിവച്ചാണ് ശിക്ഷ നടപ്പാക്കിയത്.
ഇന്ത്യാന ഫെഡറൽ പ്രിസണിൽ വ്യാഴാഴ്ച രാത്രിയായിരുന്നു നടപടി. രാത്രി 9.27ന് മരണം സ്ഥിരീകരിച്ചു. ബെർനാഡിന്റെ വധശിക്ഷ ഒഴിവാക്കണമെന്ന അപ്പീൽ ഫെഡറൽ അപ്പീൽസ് കോർട്ട് തള്ളിയതിനെ തുടർന്നാണ് വധശിക്ഷ നടപ്പാക്കിയത്. കിം കർദാഷിയാൻ അടക്കം പല പ്രമുഖരും വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
സംഭവം നടക്കുന്ന സമയത്ത് ബ്രാണ്ടന് പ്രായപൂർത്തിയായിരുന്നില്ല. 70 വർഷത്തിനുള്ളിൽ ഫെഡറൽ ഗവൺമെന്റ് നടപ്പാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രതിയുടെ വധശിക്ഷയാണിത്. ജൂലായ്ക്ക് ശേഷം നടത്തുന്ന പതിമൂന്നാമത്തെ ഫെഡറൽ വധശിക്ഷയും. ഒന്നാം പ്രതിയായ ക്രിസ്റ്റഫറിന്റെ വധശിക്ഷ സെപ്തംബർ 24ന് നടപ്പാക്കിയിരുന്നു.
ശിക്ഷ നടപ്പാക്കുന്നതിന് മുൻപ് കൊലചെയ്യപ്പെട്ട ദമ്പതിമാരുടെ കുടുംബാംഗങ്ങളെ നോക്കി അവസാന വാചകമായി ‘ഐ ആം സോറി’ എന്ന് ബ്രാണ്ടൻ പറഞ്ഞിരുന്നു.
കൊല്ലപ്പെട്ട ദമ്പതികൾ ടെക്സസ് സന്ദർശിക്കാൻ എത്തിയതായിരുന്നു. അയോവാ ഒസ്ക്കലൂസ ചർച്ച് പാസ്റ്റർമാരായിരുന്നു ഇരുവരും. ഇവർ സഞ്ചരിച്ചിരുന്ന കാർ പ്രധാന പ്രതി ക്രിസ്റ്റഫറും, ബ്രാണ്ടനും ഇവരുടെ സുഹൃത്തുക്കളും ചേർന്ന് കവർച്ച നടത്താനായി തടഞ്ഞു. കവർച്ച നടത്തുന്നതിനിടെ ഇരുവർക്കും നേരെ പ്രതികൾ നിറയൊഴിച്ചു. ടോഡ് വെടിയേറ്റയുടൻ മരിച്ചു. എന്നാൽ, സ്റ്റേയ്ഡി കാറിനകത്തു കിടന്ന് വെന്തുമരിക്കുകയായിരുന്നു.