
ന്യൂഡൽഹി : ഏകദേശം ഒരു നൂറ്റാണ്ടു മുമ്പ് 1921 ഫെബ്രുവരി 12നാണ് ഇന്ത്യയിൽ പാർലമെന്റ് മന്ദിരത്തിന് തറക്കല്ലിട്ടത്. അന്ന് ഡ്യൂക്ക് ഒഫ് കൊണാട്ട് ആയ ആർതർ രാജകുമാരനും സന്ദർശനത്തിനായി എത്തിയിരുന്നു. ' വാസ്തുവിദ്യയ്ക്ക് അതിന്റെ രാഷ്ട്രീയ ഉപയോഗമുണ്ട്. പൊതു കെട്ടിടങ്ങൾ ഒരു രാജ്യത്തിന്റെ അലങ്കാരമാണ്. അത് ഒരു രാഷ്ട്രത്തെ പ്രതിനിധീകരിക്കുന്നു. ഒരു ജനതയെ അവരുടെ മാതൃരാജ്യത്തെ സ്നേഹിക്കാൻ പ്രേരിപ്പിക്കുന്നു. ' ആർതർ രാജകുമാരൻ അന്ന് പറഞ്ഞത് ഇങ്ങനെയാണ്.
' എല്ലാ മഹത്തായ ഭരണാധികാരികളും, എല്ലാ മഹാ നാഗരികതയും കല്ലിലും വെങ്കലത്തിലും മാർബിളിലുമായി ചരിത്രത്തിന്റെ താളുകളിൽ സ്വന്തം രേഖകൾ അവശേഷിപ്പിക്കും. ' റോമിന്റെ തലസ്ഥാനമായ ഏഥൻസിലെ അക്രോപൊലിസ്, അശോക ചക്രവർത്തിയുടെ ശാസനങ്ങൾ കൊത്തിയ ഗ്രാനൈറ്റ് തൂണുകൾ, മുഗൾ ചക്രവർത്തിമാരുടെ മനോഹരമായ കൊട്ടാരങ്ങൾ എന്നിവയെ ഓർമിപ്പിച്ച് ആർതർ രാജകുമാരൻ പറഞ്ഞു. ഇന്ത്യയുടെ ഭാവി അസംബ്ലികൾ ഉൾക്കൊള്ളാൻ പോകുന്ന ഈ മന്ദിരം എന്നും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നതായും ആർതർ രാജകുമാരൻ പറഞ്ഞിരുന്നു.
ആർതർ രാജകുമാരനൊപ്പം അന്നത്തെ ഇന്ത്യൻ വൈസ്രോയി ആയിരുന്ന ലോർഡ് ഇർവിനും ഉണ്ടായിരുന്നു. 1927 ജനുവരി 18 ന് ലോഡ് ഇർവിൻ തന്നെയാണ് മന്ദിരം തുറന്നു കൊടുത്തത്. ' ഇവിടെ ഒരു മേൽക്കൂരയ്ക്കുള്ളിൽ ബ്രിട്ടീഷ് ഇന്ത്യയുടെ പ്രതിനിധികൾ മത്രമല്ല ഒത്തുചേരാൻ പോകുന്നത്. ഇന്ത്യയുടെ പ്രതിനിധികളെ കൂടിയാണ് വിശാലമായ അർത്ഥത്തിൽ ഇവിടം ഉൾക്കൊള്ളാൻ പോകുന്നത്. ' ശിലാസ്ഥാപനത്തിനിടെ വൈസ്രോയി പറഞ്ഞതായി ചരിത്ര രേഖകൾ പറയുന്നു.
ഇപ്പോഴിതാ ഏകദേശം 100 വർഷം അടുക്കാറാകുമ്പോൾ പുതിയ ഒരു പാർലമെന്റിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ശിലാസ്ഥാപനം നടത്തിയിരിക്കുകയാണ്. 21ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ പ്രതീകമായും ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തിലെ നാഴിക കല്ലായുമാണ് ഈ മുഹൂർത്തത്തെ മോദി വിശേഷിപ്പിച്ചത്.