
വാഷിംഗ്ടൺ: ബയോൺടെക്കും ഫൈസറും ചേർന്ന് വികസിപ്പിക്കുന്ന കൊവിഡ് വാക്സിൻ ഉപയോഗത്തെ പിന്തുണച്ച് അമേരിക്ക. യു.എസ് ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷൻ രൂപീകരിച്ച വിദഗ്ദ്ധ സമിതി ഫൈസർ വാക്‌സിന് അനുകൂലമായി വോട്ട് ചെയ്തു. സമിതിയിൽ 17 പേർ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ നാല് പേര്‍ എതിർത്തു. ഒരാൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല.
16 നും അതിന് മുകളിൽ പ്രായമുള്ളവർക്കും വാക്‌സിൻ ദോഷഫലങ്ങളേക്കാൾ എത്രത്തോളം ഗുണങ്ങൾ ഉണ്ടാക്കുമെന്ന ചോദ്യത്തിനു മറുപടി നൽകാനാണ് സമിതിയോട് ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. പകർച്ചവ്യാധി വിദഗ്ദ്ധരും ബയോളജിസ്റ്റുകളും മറ്റു ഗവേഷകരും അടങ്ങിയ സ്വതന്ത്ര സമിതി നൽകിയ ശുപാർശകൾ എഫ്.ഡി.എ നടപ്പാക്കുമെന്നാണു സൂചന.
മുതിർന്നവരിൽ 95% ഫലപ്രാപ്തിയുണ്ടെന്ന് അവകാശപ്പെടുന്ന മൊഡേണ വാക്‌സിൻ അമേരിക്കയിൽ കൗമാരക്കാരിലും പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്. 12 - 18 വയസുകാരിലാണ് പരീക്ഷണം നടത്തുന്നത്. ഇന്ത്യയിൽ വാക്‌സിൻ പരീക്ഷണങ്ങളിൽ ഇതുവരെ 18 ന് താഴെയുള്ളവരെ പങ്കാളിയാക്കിയിട്ടില്ല.
അതേസമയം ബ്രിട്ടനിൽ ഫൈസർ വാക്‌സിൻ സ്വീകരിച്ച ചിലർക്ക് അലർജി വർദ്ധിക്കുന്നതായി റിപ്പോർട്ടുണ്ട്. തുടക്കത്തിൽ നേരിയ അലർജിയും അനുബന്ധ ബുദ്ധിമുട്ടുകളും മാത്രമായിരുന്നെങ്കിൽ ചിലരിൽ പിന്നീട് ഗുരുതര അലർജി ഉണ്ടായി. വിശദ പഠനത്തിന് ശേഷം മാർഗരേഖ പുതുക്കുമെന്ന് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.
ലോകത്ത് ആദ്യമായി വ്യാപകമായ തോതിൽ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാക്കിയ ഫൈസർ വാക്‌സിന് ബ്രിട്ടൻ, ബഹ്‌റൈൻ, കാനഡ, സൗദി അറേബ്യ, എന്നീ രാജ്യങ്ങൾ അംഗീകാരം നൽകിയിരുന്നു.