cm-

തിരുവനന്തപുരം: കൊവിഡാനന്തര ചികിത്സയുടെ പേരിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവ‌റ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഡിസ്‌ചാർജ് ചെയ്തു. മെഡിക്കൽ ബോർഡ് യോഗം ചേർന്നാണ് തീരുമാനമെടുത്തത്. രവീന്ദ്രന് ഒരാഴ്‌ച വിശ്രമം വേണമെന്നാണ് മെഡിക്കൽ ബോർഡ് നി‌ർദേശിച്ചിരിക്കുന്നത്.

സ്വർണക്കടത്ത് കേസിലും ഇതുമായി ബന്ധപ്പെട്ട ബിനാമി, കള‌ളപ്പണ ഇടപാടുകളിലും ചോദ്യം ചെയ്യാൻ ഇ.ഡി രവീന്ദ്രന് നിരവധി തവണ നോട്ടീസ് നൽകിയിരുന്നു. നവംബർ 6ന് ആയിരുന്നു ആദ്യം നോട്ടീസ് നൽകിയത്. എന്നാൽ കൊവിഡ് ബാധിച്ച് ഇതിനു തലേനാൾ രവീന്ദ്രൻ ആശുപത്രിയിൽ അഡ്‌മി‌റ്റായി. തുടർന്ന് രോഗമുക്തി നേടി ക്വാറന്റൈനിലായിരുന്നപ്പോൾ വീണ്ടും നോട്ടീസ് നൽകി. എന്നാൽ ശ്വാസ തടസമുണ്ടെന്ന് കാട്ടി രവീന്ദ്രൻ വീണ്ടും മെഡിക്കൽ കോളേജിൽ അഡ്‌മി‌റ്റായി. ഡിസംബർ 10ന് മൂന്നാമത് ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും കൊവിഡ് അസ്വസ്ഥതകളെ തുടർന്ന് മെഡിക്കൽ കോളേജിൽ വീണ്ടും ചികിത്സ തേടുകയായിരുന്നു.

നോട്ടീസ് ലഭിക്കുമ്പോഴെല്ലാം രവീന്ദ്രൻ ചികിത്സ തേടുന്നതിൽ അസ്വാഭാവികതയുണ്ടെന്ന് ഇ.ഡി സംശയിക്കുന്നത്. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് വിശ്വാസയോഗ്യമല്ലെന്ന് തോന്നിയാൽ പുതിയ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ആവശ്യപ്പെടാനായിരുന്നു ഇ.ഡിയുടെ തീരുമാനം. വലിയ രോഗമില്ലെങ്കിൽ മെഡിക്കൽ ബോർഡിലെ ഡോക്‌ടർമാർക്കെതിരെ കേസെടുക്കാനും ഇ ഡി ആലോചിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് ഡിസ്ചാർജുചെയ്യാൻ തീരുമാനിച്ചതെന്നാണ് കരുതുന്നത്. രവീന്ദ്രന്റെ അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും ചോദ്യംചെയ്യാനായി വിളിച്ചുവരുത്താനും ഇഡി ആലോചിച്ചിരുന്നു.

സി എം രവീന്ദ്രനെതിരായ അന്വേഷണം വൈകിപ്പിക്കാൻ ആരോഗ്യവകുപ്പിന്റെ ഒത്താശയുണ്ടെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു.ഇക്കാര്യത്തെക്കുറിച്ചറിയാൻ തി​രുവനന്തപുരം മെഡിക്കൽകോളേജ് സൂപ്രണ്ടിനെ ചോദ്യം ചെയ്യേണ്ട അവസ്ഥയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം എത്തുന്നത് തടയാനാണ് രവീന്ദ്രൻ ആശുപത്രിയിൽ ചികിത്സ തേടിയതെന്ന് പ്രതിപക്ഷത്തിന്റെ ആരോപണം.