chuck-yaeger

ന്യൂഡൽഹി : ശബ്ദത്തേക്കാൾ വേഗത്തിൽ വിമാനം പറത്തി ചരിത്രം സൃഷ്ടിച്ച, അമേരിക്കൻ വ്യോമയാനരംഗത്തെ ഇതിഹാസം പൈലറ്റ് ചക്ക് യെയ്ഗാർ (97) കഴിഞ്ഞ ആഴ്ച അന്തരിച്ചിരുന്നു. രണ്ടാം ലോക മഹായുദ്ധ കാലത്തെ യുദ്ധവൈമാനികനായിരുന്നു യെയ്ഗർ. 1947ൽ റോക്കറ്റ് എൻജിൻ ഘടിപ്പിച്ച ബെൽ എക്സ് വൺ പരീക്ഷണ വിമാനത്തിൽ ശബ്ദവേഗത്തിൽ പറന്ന് ചരിത്രം സൃഷ്ടിക്കുകയായിരുന്നു യെയ്ഗാർ. ഇത് അമേരിക്കയുടെ ബഹിരാകാശ ഗവേഷണങ്ങൾക്ക് പുതിയ വഴിയൊരുക്കുകയും ചെയ്തു. എന്നാൽ ചക്ക് യെയ്ഗാർ ഒരിക്കലും ഓർക്കാൻ ഇഷ്ടമല്ലാത്ത ഒരു ഇന്ത്യക്കാരനുണ്ട്. മറ്റാരുമല്ല നാവിക മേധാവിയായി വിരമിച്ച അഡ്മിറൽ അരുൺ പ്രകാശ് ആണ് ആ ഇന്ത്യൻ പൈലറ്റ്.

1971 ലെ യുദ്ധസമയം. അമേരിക്ക നൽകിയ യുദ്ധവിമാനങ്ങളായിരുന്നു പാക് വ്യോമസേനയുടെ കുന്തമുന. എന്നാൽ പാക് വൈമാനിക്കാരുടെ വൈദഗ്ദ്ധ്യമില്ലായ്മ പാകിസ്ഥാനെ വല്ലാതെ അലട്ടിയിരുന്നു. ഇന്ത്യയുടെ കൈയ്യിലുള്ളതിനേക്കാളും മേൻമയേറിയ ആയുധങ്ങളുണ്ടെങ്കിലും അത് ഉപയോഗിക്കാനുള്ള പ്രായോഗിക പരിശീലനം ലഭിക്കാതിരുന്നതാണ് പാകിസ്ഥാന് തിരിച്ചടിയായത്. പാകിസ്ഥാന്റെ ആവശ്യം അമേരിക്കയ്ക്ക് മുന്നിലെത്തി. അവരുടെ എക്കാലത്തെയും മികച്ച വൈമാനികനായ ചക്ക് യെയ്ഗാറിനെയും സംഘത്തെയും ഒരു രഹസ്യ മിഷന്റെ ഭാഗമായി അമേരിക്കൻ ഭരണകൂടം പാകിസ്ഥാനിലേക്ക് അയച്ചു. അദ്ദേഹം ഭാര്യയായ വിക്ടോറിയ യെയ്ഗറയെയും കൂട്ടിയാണ് പാകിസ്ഥാനിൽ എത്തിയത്. ഭാര്യയോട് അതിരറ്റ സ്‌നേഹം പ്രകടിപ്പിച്ചിരുന്നു അദ്ദേഹം പാകിസ്ഥാനിൽ താൻ ഉപയോഗിക്കുന്ന, പരിശോധിച്ചിരുന്ന വിമാനങ്ങൾക്ക് ഭാര്യയുടെ പേരിനൊപ്പം ഒന്ന്, രണ്ട്... എന്നിങ്ങനെ പേരിട്ടു.

അരുൺ പ്രകാശിന്റെ മിഷൻ

നാവിക സേനയിൽ മികച്ച വൈമാനികനായിരുന്ന ലെഫ്റ്റനന്റ് അരുൺ പ്രകാശ് 1971 ലെ യുദ്ധസമയത്ത് അഞ്ച് വർഷക്കാലത്തേയ്ക്ക് വ്യോമസേനയിൽ ഡെപ്യൂട്ടേഷനിലായിരുന്നു ജോലി ചെയ്തിരുന്നത്. 1971 ഡിസംബർ 4 ന് അദ്ദേഹത്തിന് ഒരു നിർണായക ഓപ്പറേഷന്റെ ചുമതല ലഭിച്ചു. പാക് വ്യോമസേനയുടെ ആക്രമണത്തിന് തിരിച്ചടി നൽകുകയായിരുന്നു അത്. ശത്രു രാജ്യത്തിലേക്ക് കടന്നു കയറി അവരുടെ യുദ്ധവിമാനങ്ങൾ സൂക്ഷിച്ചിരുന്ന ഇടം തകർക്കുകയായിരുന്നു അത്. ഇസ്ലാമാബാദിനടുത്തുള്ള ചക്ലാലയിലുള്ള പാകിസ്ഥാൻ വ്യോമസേനാ താവളത്തെ ആക്രമിക്കാൻ പ്രകാശിനെയും സംഘത്തെയും ചുമതലപ്പെടുത്തി. 1971 ഡിസംബർ 5 ന് അരുൺ പ്രകാശ് ശത്രുവിന്റെ മണ്ണിലേക്ക് കടന്നു കയറി. പാകിസ്ഥാന്റെ സി 130 എന്ന ഹെവി ട്രാൻസ്‌പോർട്ട് വിമാനം നശിപ്പിക്കുകയും സൈനികരെയും സപ്ലൈകളെയും ആക്രമിക്കുകയും ചെയ്ത ശേഷം വിജയകരമായി മിഷൻ പൂർത്തിയാക്കി മടങ്ങിയെത്തി.

chuck-yaeger

ഇന്ത്യൻ ആക്രമണത്തിൽ പാക് വ്യോമസേനയ്ക്ക് ഉണ്ടായ നഷ്ടം പറഞ്ഞറിയിക്കുന്നതിലും വലുതായിരുന്നു. പാക് മണ്ണിൽ രഹസ്യ ദൗത്യത്തിനെത്തിയ ചക്ക് യെയ്ഗാറിനും സംഘത്തിനും ഇന്ത്യൻ സൈനിക ശേഷി നേരിട്ട് കണ്ട അനുഭവമായിരുന്നു അരുൺ പ്രകാശിന്റെ മിഷൻ സമ്മാനിച്ചത്.

ചക്ക് യെയ്ഗാറിന്റെ മരണവാർത്ത അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പങ്കാളിയായ വിക്ടോറിയ യെയ്ഗറാണ് ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. അതിസാഹികമായ ജീവിതം അതിമനോഹരമായി ജീവിച്ച അമേരിക്കയുടെ എക്കാലത്തെയും മികച്ച പൈലറ്റായ യെയ്ഗറിന്റെ കരുത്തിന്റെയും രാജ്യസ്‌നേഹത്തിന്റെയും സാഹസികതയുടെയും പാരമ്പര്യം എന്നെന്നും ഓർമ്മപ്പെടുമെന്നാണ് വിക്ടോറിയ ട്വിറ്ററിൽ കുറിച്ചത്.


1923 ഫെബ്രുവരി 13ന് ദക്ഷിണ വിർജീനിയയിലാണ് യെയ്ഗറിന്റെ ജനനം. 1941ലാണ് സൈന്യത്തിൽ ചേരുന്നത്. യു.എസ് രണ്ടാം ലോക മഹായുദ്ധത്തിൽ പ്രവേശിക്കുന്നതിന് മൂന്നുമാസങ്ങൾക്ക് മുമ്പ്. ഫ്‌ളൈറ്റ് പരിശീലനത്തിന് മുൻപായി എയർക്രാഫ്റ്റ് മെക്കാനിക്കായിട്ടാണ് തുടക്കം. 1975ലാണ് വ്യോമസേനയിൽ നിന്ന് അദ്ദേഹം വിരമിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതകഥ പറയുന്ന 'ദി റൈറ്റ് സ്റ്റഫ്' എന്ന പുസ്തകം ഏറെ വിറ്റഴിക്കപ്പെട്ട ഗ്രന്ഥമാണ്. ഇതേ പേരിൽ 1983ൽ സിനിമയും ഇറങ്ങി. തന്റെ നേട്ടം സ്‌പേസ്, സ്റ്റാർ വാർ, സാറ്റലൈറ്റുകൾ എന്ന പുതിയ ലോകത്തിലേക്കാണ് വാതിലാണ് തുറന്നതെന്ന് എ.എഫ്.പിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.