dubbawalas

മുംബയ്: 125 വർഷത്തിലധികം മുംബയ് നഗരത്തെ ഊട്ടിയ ഡബ്ബാവാലകൾക്ക് ഒമ്പതുമാസമായി കഷ്ടകാലമാണ്. ദിനവും ലക്ഷക്കണക്കിനാളുകൾക്ക് അന്നം നൽകിയ ഇവർ ഒരുനേരത്തെ ഭക്ഷണത്തിന് വകയില്ലാതെ ബുദ്ധിമുട്ടുകയാണ്. കൊവിഡ് മഹാമാരിമൂലം ഓഫീസുകൾ മുഴുവൻ അടച്ചുപൂട്ടിയതോടെ ഡബ്ബവാലകൾക്ക് ജോലിയില്ലാതായി. ഇവരെ കരകയറ്റാൻ ഡബ്ബാവാല യൂണിയൻ ഗ്രാമപഞ്ചായത്തുകളുമായി സഹകരിച്ച് പഴം പച്ചക്കറി വിതരണകേന്ദ്രങ്ങൾ ഉൾപ്പെടെയുള്ളവ ആരംഭിച്ചിരിക്കയാണ്.

ലോക്ക്ഡൗണിന് മുമ്പ് ഒന്നര ലക്ഷത്തോളം പേർക്ക് ഭക്ഷണം വിതരണം ചെയ്തിരുന്ന ഇവർക്ക് നിലവിൽ 3,000 ടിഫിൻ വിതരണമാണുള്ളത്. 5,000 പേർക്ക് ജോലിയുണ്ടായിരുന്നിടത്ത് ഇപ്പോൾ 450 പേർക്ക് മാത്രമാണ് പേരിന് ജോലിയുള്ളത്. അതും ഒരാൾക്ക് ദിവസം അഞ്ചോ ആറോ ഉച്ചയൂണ് വിതരണം മാത്രം. നേരത്തെ ഇത് 40-50 വരെയായിരുന്നു. നിലവിൽ ഡബ്ബാവാലാസ് പഴം പച്ചക്കറി വിതരണത്തിനായി മൊബൈൽ ആപ്ളിക്കേഷൻ വികസിപ്പിക്കുന്ന തിരക്കിലാണ്. ഇതുവഴി ഒരാൾക്ക് പച്ചക്കറികളും പഴങ്ങളും വീട്ടിലിരുന്ന് ഓർഡർ ചെയ്യാം. മുംബയ് ടിഫിൻ ബോക്സ് സപ്ളൈയേഴ്സ് അസോസിയേഷന്റെ സഹായത്തോടെയാണിത്. ജീവിക്കാൻ കഷ്ടപ്പെടുന്ന ഡബ്ബാവാലകൾക്ക് ഇത് വലിയ സഹായമായി മാറിയിരിക്കയാണ്. നാസിക്കിൽ നിന്നും പൂനെയിൽ നിന്നും ശേഖരിക്കുന്ന ഫ്രഷ് പച്ചക്കറികൾ, മുംബയിലെത്തിച്ച് രാവിലെ ഉപഭോക്താക്കളുടെ വീടുകളിലെത്തുകയാണ് ഡബ്ബാവാലകൾ ചെയ്യുന്നത്.