
ശബരിമല : ശബരിമലയിൽ സ്പെഷ്യൽ ഡ്യൂട്ടിയിലുള്ള ദേവസ്വം ജീവനക്കാരുടെയും ദിവസവേതന തൊഴിലാളികളുടെയും ഡ്യൂട്ടി മണ്ഡലപൂജ കാലയളവിൽ മാത്രമായി ദേവസ്വം ബോർഡ് ചുരുക്കി . മകരവിളക്ക് കാലയളവിൽ പുതിയ ജീവനക്കാരെയും തൊഴിലാളികളെയും നിയമിക്കും. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് നടപടി. മണ്ഡല - മകരവിളക്ക് കാലയളവ് മുഴുവനുമായിരുന്നു മുൻകാലങ്ങളിൽ സ്പെഷ്യൽ ഡ്യൂട്ടി.
ഇത്തവണ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്ന ജീവനക്കാർക്ക് ഏഴ് ദിവസത്തെ ക്വാറന്റൈൻ അനുവദിച്ചിട്ടുണ്ട്. ഇൗ ദിവസങ്ങൾ സ്പെഷ്യൽ കാഷ്വൽ ലീവായി പരിഗണിക്കും.
ശബരിമലയിൽ കൊവിഡ് വ്യാപിക്കുന്നുണ്ട്. ദേവസ്വം എക്സിക്യൂട്ടീവ് ഒാഫീസർ ഉൾപ്പെടെ പലർക്കും നേരത്തെ രോഗം ബാധിച്ചിരുന്നു. കഴിഞ്ഞ ദിവസം പമ്പയിൽ ഒൻപത് പേർക്കും സന്നിധാനത്ത് 12 പൊലീസുകാർക്കും മൂന്ന് ദേവസ്വം ജീവനക്കാർക്കും കൂടി കൊവിഡ് സ്ഥിരീകരിച്ചു. ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഒാഫീസർ, അന്നദാനം സ്പെഷ്യൽ ഒാഫീസർ, ഗസ്റ്റ്ഹൗസ് കെയർടേക്കർ എന്നിവരും രോഗം ബാധിച്ചവരിൽ ഉൾപ്പെടും.
ഇവർ ക്വാറന്റെെനിലായിരുന്നു. ദേവസ്വം എക്സിക്യൂട്ടീവ് ഒാഫീസറുടെ ചുമതല അസി.എക്സിക്യൂട്ടീവ് ഒാഫീസർക്കും അഡ്മിനിസ്ട്രേറ്റീവ് ഒാഫീസറുടെ ചുമതല ഹെഡ് അക്കൗണ്ടന്റിനും നൽകിയിട്ടുണ്ട്. കൊവിഡ് വ്യാപനം തടയാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഡ്യൂട്ടിയിലുള്ള എല്ലാവർക്കും 14 ദിവസം കൂടുമ്പോൾ കൊവിഡ് പരിശോധന നിർബന്ധമാക്കി.